28 ഒക്‌ടോബർ 2021

മലപ്പുറത്ത് പതിനേഴുകാരി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്
(VISION NEWS 28 ഒക്‌ടോബർ 2021)

മലപ്പുറം കോട്ടക്കലില്‍ പീഡനത്തിനിരയായി പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളും. യൂട്യൂബ്നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

പെൺകുട്ടിയുടെ വീട്ടുകാർക്കും സുഹൃത്തായിരുന്ന 21 കാരന്റെ വീട്ടുകാർക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നാണ് പൊലീസിനു കിട്ടിയട്ടുള്ള വിവരം. ഗര്‍ഭിണിയായിരിക്കെ പെൺകുട്ടിക്ക് രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം കിട്ടിയിട്ടുണ്ട്. ഇതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും. ആവശ്യമെങ്കിൽ റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.

ഈ മാസം ഇരുപതിനാണ് വീട്ടുകാരറിയാതെ പെൺകുട്ടി മുറിയിൽ പ്രസവിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭം മറച്ചുവെച്ച പെൺകുട്ടി യൂട്യൂബിൽ നോക്കിയാണ് ഗർഭകാല പരിചരണവും പ്രസവമെടുക്കലും നടത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പൊക്കിൾ കൊടി മുറിക്കലടക്കമുള്ള വിവരങ്ങൾ യൂട്യൂബിൽ നിന്നാണ് പഠിച്ചത്. വീട്ടുകാർ പോലും അറിയാതെയാണ് എല്ലാം നടന്നെതെന്നാണ് അധികൃതർ നൽകുന്ന വിവരം.

കൊവിഡ് കാലമായതിനാൽ കുട്ടി പുറത്തിറങ്ങാറില്ലായിരുന്നു. അയൽവാസിയായ യുവാവുമായി വിദ്യാർഥിക്ക് പ്രണയമുണ്ടായിരുന്നു. സംഭവമറിഞ്ഞ് കോട്ടയ്ക്കൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്ന കുറ്റവും യുവാവിനെതിരെ ചുമത്തുമെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only