08/10/2021

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി ഹസനിയയിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
(VISION NEWS 08/10/2021)

മടവൂർ: പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളിച്ച് ഓൺലൈൻ വഴി നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാതൃകയിൽ ക്ലാസ് ലീഡർ, ബ്ലോക്ക് ലീഡർ, സ്കൂൾ ലീഡർ എന്നീ മൂന്ന് സ്ഥാനങ്ങളിലേക്കായിരുന്നു വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ, നോട്ടിഫിക്കേഷൻ, പെരുമാറ്റച്ചട്ടം, വരണാധികാരി മുമ്പാകെ ഓൺലൈൻ വഴി പത്രികാ സമർപ്പണം, പത്രിക പിൻവലിക്കൽ, സോഷ്യൽ മീഡിയ വഴിയുള്ള സ്ഥാനാർത്ഥികളുടെ പ്രചരണം, മീറ്റ് ദി കാൻഡിഡേറ്റ്സ്, സ്വപ്ന പദ്ധതികളടങ്ങിയ പ്രകടന പത്രിക വിതരണം, പൊതു തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളോട് മത്സരിക്കും വിധം മനോഹരമായ പോസ്റ്റർ പ്രചരണങ്ങൾ തുടങ്ങി പൊതു തെരഞ്ഞെടുപ്പിനെ നേരിലറിയിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നത്. മത്സരാർത്ഥികളിൽ ഭൂരിഭാഗം പേരും പ്രചരണത്തിനായി തെരഞ്ഞെടുപ്പ് ഗാനവും സെലിബ്രിറ്റി വീഡിയോകളും തെരഞ്ഞെടുപ്പിന് കൊഴുപ്പേകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളും വോട്ടിംഗ് ഫലപ്രഖ്യാപനവും വിദ്യാർത്ഥികളിലേക്ക് തൽസമയം എത്തിക്കുന്നതിൽ ജേർണലിസം ക്ലബ് മുന്നിട്ടിറങ്ങി.പൊതു തെരഞ്ഞെടുപ്പിന് സമാനമായി വോട്ടെണ്ണൽ തത്സമയം ഓൺലൈൻ വഴി കുട്ടികളിലെത്തിച്ചത് കൗതുകമുണർത്തി. വാശിയേറിയ തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി വി.ജസ്ബിനും ഡെപ്യൂട്ടി ലീഡറായി കെ.പി സൻഹ കദീജയും തെരഞ്ഞെടുക്കപ്പെട്ടു.. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ ജെസ്സി വിദ്യാർത്ഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് കെ.പി ശശികുമാർ, വി.കെ ഹസ്സൻകോയ, അബൂബക്കർ, പി.സബീന, ഏഷ, കെ.കെ സാഹിർ, ,ജലീൽ ചെറുവറ്റ, ടി.കെ സലീം, പി.വിപിൻ, പി.പി സൂരജ്, പി.എം സിറാജ്, ഒ.കെ മൊയ്നുദ്ദീൻ, പി.സി റാഷിദ്, ടി.റസീന, അനിൽകുമാർ, അബൂബക്കർ, എസ്.എം ഷംന, കെ.സിറാജ്, എം.സഹലു റഹ് മാൻ, എം.ഉനൈസ് തുടങ്ങിയവർ സംബന്ധിച്ചു -

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only