👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 ഒക്‌ടോബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 05 ഒക്‌ടോബർ 2021)
🔳മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനു ശേഷം  ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്പ് , ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടേയും പ്രവര്‍ത്തനം നിലച്ചത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്.

🔳ലോകവ്യാപകമായി ഫേസ്ബുക്കും സഹോദര കമ്പനികളായ വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചതോടെ ഓഹരിയിലും ഇടിവ്. അഞ്ച് ശതമാനം ഫേസ്ബുക്കിന് ഇടിവ് നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യമായാണ് ഇത്തരത്തില്‍ ഇടിവുണ്ടായത്.

🔳ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യമില്ല. ഏകാധിപത്യമാണ്. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവിടെ സെഷന്‍ 144 ഏര്‍പ്പെടുത്തിയത്. ബിജെപി വാഗ്ദ്ധാനം ചെയ്ത രാമ രാജ്യമല്ല ഇത്. കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വളരെ വിഷമിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമായ കാര്യങ്ങളാണ് ലഖിംപൂരില്‍ അരങ്ങേറിയതെന്നും മമത കൂട്ടിച്ചേര്‍ത്തു.

🔳ലഖിംപുരിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത് പാര്‍പ്പിച്ച ഗസ്റ്റ്ഹൗസ് അടിച്ചുവാരിയും നിരാഹാരമിരുന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. ബ്രിട്ടീഷുകാര്‍ക്കെതിരേ മഹാത്മാഗാന്ധി ശ്രമദാനത്തോടെ അഹിംസാസമരം തുടങ്ങിയതിനു സമാനമായി പ്രിയങ്ക ശ്രമദാനത്തോടെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം ആരംഭിച്ചതായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഭൂപീന്ദര്‍ സിങ് ഹൂഡയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും വീട്ടില്‍ ധര്‍ണയിരുന്ന എസ്.പി. നേതാവ് അഖിലേഷ് യാദവിനെയും ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്ര മിശ്ര, എ.എ.പി. നേതാവ് സഞ്ജയ് സിങ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കര്‍ഷകരുടെ കൂട്ടക്കുരുതിക്കെതിരേയും ഇന്നും നാളേയും സംസ്ഥാന-ജില്ലാ തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ രാജവ്യാപകമായി സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

🔳കര്‍ഷക പ്രക്ഷോഭം ഒതുക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി. പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നാലെയുള്ള ലഖിംപുര്‍ ഖേരിയിലെ സംഭവം കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി. പ്രകോപനം ഉണ്ടാക്കിയത് ബിജെപി നേതാക്കളാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി വരുണ്‍ ഗാന്ധി തന്നെ രംഗത്തു വന്നതും ശ്രദ്ധേയമായി.

🔳കള്ളപ്പണം സംബന്ധിച്ച പാന്‍ഡോര പേപ്പേഴ്സിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. റിസര്‍വ് ബാങ്ക്,   ഇഡി ,ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് പ്രതിനിധികളും  അന്വേഷണ സംഘത്തില്‍ ഉണ്ടാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ  നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തക കൂട്ടായ്മയുടെ അറിയിപ്പ്. ഇന്ത്യക്കാരായ മുന്നൂറിലധികം പേരുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പാന്‍ഡോര പേപ്പേഴ്‌സിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ലോക നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇന്ത്യയില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ അംബാനി, വിനോദ് അദാനി ഉള്‍പ്പടെയുള്ളവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാന്‍ഡോര പേപ്പേഴ്സിലുണ്ട്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 16,752 കോവിഡ് രോഗികളില്‍ 52.82 ശതമാനമായ 8,850 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 254 മരണങ്ങളില്‍ 58.66 ശതമാനമായ 149 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,45,689 സജീവരോഗികളില്‍ 52.42 ശതമാനമായ 1,28,795 രോഗികളും കേരളത്തിലാണുള്ളത്.

🔳പൊതുജനങ്ങളോടുളള പൊലീസ്  ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന്  പൊലീസിന് ഇനിയും മനസിലായിട്ടില്ലെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ കൃത്യമായി ഇടപെടുന്നുണ്ടെന്ന് മേലുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

🔳സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കരട് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം  മുതല്‍ ക്ലാസ്സില്‍ 20 കുട്ടികള്‍ ആകാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍  ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കിയേക്കും. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്.

🔳കെ റെയിലിനായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുനരധിവാസത്തിന്  ഉള്‍പ്പെടെ 1383 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി വേണ്ടിവരും. 13362 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിന് ചിലവാകും. ഏറ്റെടുക്കേണ്ടതില്‍ 1198 ഹെക്ടര്‍ സ്വകാര്യ ഭൂമിയെന്നും 9314 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല. ഒരു ഹെക്ടറിന് ഒന്‍പത് കോടി നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാടശേഖരങ്ങള്‍ക്ക് മുകളില്‍ 88 കിലോമീറ്റര്‍ ആകാശപാത ഉണ്ടാക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പബ്ളിക്ക് ഹിയറിങ്ങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

🔳ശില്‍പ്പി സുരേഷിന്റെ പരാതിയില്‍ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് കാക്കനാട് ബോസ്റ്റല്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോന്‍സന്റെ കസ്റ്റഡിക്കായി തിരുവനന്തപുരം കോടതിയില്‍ അപേക്ഷ നല്‍കും. ശില്‍പ്പങ്ങളും വിഗ്രഹങ്ങളും വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

🔳ഹരിത വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പാണക്കാട് സാദിഖലി തങ്ങള്‍. മുസ്ലീം ലീഗ് ലിംഗ വിവേചനം നടത്തുന്ന പാര്‍ട്ടിയല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗിന് രണ്ടായിരത്തില്‍  അധികം വനിതാ പ്രതിനിധികളുണ്ട്. ഹരിതക്ക് പുതിയ കമ്മിറ്റിയെ കൊണ്ട് വരികയാണ് ചെയ്തത്. പിന്നെ എവിടെയാണ് ലിംഗ വിവേചനമെന്ന് സാദിഖലി തങ്ങള്‍ ചോദിച്ചു. നിയമസഭയിലെ വിവാദങ്ങള്‍ക്ക് നിയമസഭയില്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിതയ്ക്കെതിരായ മുസ്ലിംലീഗ് നടപടി ഭരണപക്ഷം നിയമസഭയില്‍ ഉന്നയിച്ചതിനെതിരെയാണ് സാദിഖലി തങ്ങള്‍ രംഗത്തെത്തിയത്.

🔳സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. 10,12 വയസായ കുട്ടികള്‍ വരെ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുകയാണ്. സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമായി അബദ്ധജടില ധാരണകളാണ് വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുമുണ്ടാവുന്നത്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലരീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണെന്നും സതീദേവി അഭിപ്രായപ്പെട്ടു.

🔳തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി വെട്ടിപ്പിനെ ചൊല്ലിയുള്ള ബിജെപി സമരം അവസാനിപ്പിക്കാനുള്ള  മേയറുടെ  ശ്രമം പാളി. ഇനി ചര്‍ച്ചയില്ലെന്ന് മേയര്‍ വ്യക്തമാക്കി. അതേസമയം, സമരം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു.നികുതിയായി പിരിച്ച പണം ബാങ്കിലടയ്ക്കാതെ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ആറ് ദിവസമായി സമരമിരിക്കുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാതെ, ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന നിലപാട് മേയര്‍ ആവര്‍ത്തിച്ചതോടെയാണ് സമരം തുടരാനുള്ള ബിജെപി തീരുമാനം.

🔳ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം. പ്രതിമാസ ഫീസ് 3500 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 5000 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്.

🔳സംസ്ഥാനത്തും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്. ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

🔳മയക്കുമരുന്ന് കേസില്‍ ആര്യന്‍ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളെ വ്യാഴാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ആര്യനും സംഘത്തിനും അന്താരാഷ്ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞു. ആര്യന്റെ പക്കല്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകനും വാദിച്ചു.  

🔳മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനും പിതാവ് ഷാരൂഖ് ഖാനും  പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സൂപ്പര്‍ സ്റ്റാറിനും മകനും സംഭവിച്ച ദൗര്‍ഭാഗ്യത്തില്‍ ജനം സന്തോഷിക്കുന്നതിനെ അദ്ദേഹം ട്വീറ്റിലൂടെ വിമര്‍ശിച്ചു. ഇത്തരം ലഹരിമരുന്നുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതുവരെ ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ വീഴ്ചയില്‍ സന്തോഷം കണ്ടെത്തുന്ന, ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടര്‍ എന്ന അര്‍ത്ഥം വരുന്ന ഗൂലിഷ് എപികരിക്കസി (ghoulish epicaricacy) എന്ന വാക്കുപയോഗിച്ചാണ് തരൂര്‍ ഇരുവര്‍ക്കുമെതിരെയുള്ള വിമര്‍ശനത്തെ വിശേഷിപ്പിച്ചത്.

🔳ആര്‍എസ്എസിനെതിരെ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ പൊലീസ് കേസെടുത്തു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സന്തോഷ് ദുബേയുടെ പരാതിയില്‍ മുലുന്ദ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 500-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

🔳അറബിക്കടലില്‍ രൂപം കൊണ്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനിലെ സുവക്കില്‍ കരതൊട്ടപ്പോഴേക്കും തീവ്രത കുറഞ്ഞിരുന്നുവെങ്കിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് വിലയിരുത്തല്‍. മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും അകപ്പെട്ട് ഒരു കുട്ടി ഉള്‍പ്പടെ പതിനൊന്ന് പേര്‍ മരണപ്പെട്ടുവെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം. ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെയും തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ ജീവനക്കാര്‍ക്ക് പരിഗണന നല്‍കണമെന്നും, ജനജീവിതം സാധാരണ നിലയിലാകുന്നതുവരെ ജോലിസ്ഥലത്തെ ഹാജര്‍ ഒഴിവാക്കണമെന്നും  സ്ഥാപനങ്ങള്‍ പ്രസ്തുത ജീവനക്കാരെ ഓണ്‍ലൈനില്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ഒമാന്‍  തൊഴില്‍ മന്ത്രാലയം തൊഴിലുടമകള്‍ക്ക്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

🔳അഞ്ച് പേര്‍ മരിക്കാനിടയായ കാബൂള്‍ പള്ളി സ്‌ഫോടനത്തിനുപിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ താലിബാന്‍ ആക്രമണം. ഭീകരരുടെ ഒളിത്താവളത്തില്‍ കടന്നുചെന്ന് നിരവധി ഐസിസുകാരെ കൊലപ്പെടുത്തിയതായി താലിബാന്‍ അറിയിച്ചു. ഇന്നലെയാണ് താലിബാന്‍ ഔദ്യോഗിക വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ പ്രവേശനകവാടത്തില്‍ ബോംബ് സ്‌ഫോടനം നടന്നത്. ആരും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഐസിസ് ഒളിത്താവളങ്ങളില്‍ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നു.

🔳ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് തുടക്കമായി. വൈദ്യശാസ്ത്ര നോബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൗറ്റിയാനുമാണ്  പുരസ്‌കാരം. ഊഷ്മാവും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനാണ് പുരസ്‌കാരം.

🔳സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 26-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തെങ്കിലും 54-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശ് നിരയ്‌ക്കെതിരേ 74-ാം മിനിറ്റില്‍ ഇന്ത്യന്‍ സംഘം സമനില വഴങ്ങുകയായിരുന്നു.

🔳ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയത്തിലെത്തിയത്. സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 136-6, ഡല്‍ഹി ക്യാപിറ്റല്‍സ്  19.4 ഓവറില്‍ 139-7. വാലറ്റത്ത് 18 പന്തില്‍ 28 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറുടെ പോരാട്ടം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ 20 പോയിന്റുമായാണ് ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്.

🔳കേരളത്തില്‍ ഇന്നലെ 74,871 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,526 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8368 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 390 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,007 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,28,736 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.8 ശതമാനമായ 2,47,88,585 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും  42.1 ശതമാനമായ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും  നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🔳രാജ്യത്ത് ഇന്നലെ 16,752 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 29,300 പേര്‍ രോഗമുക്തി നേടി. മരണം 254. ഇതോടെ ആകെ മരണം 4,49,283 ആയി. ഇതുവരെ 3,38,51,005 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.45 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3165 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,467 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,07,395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 48,309 പേര്‍ക്കും ഇംഗ്ലണ്ടില്‍ 35,077 പേര്‍ക്കും റഷ്യയില്‍ 25,781 പേര്‍ക്കും തുര്‍ക്കിയില്‍ 28,810 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.60 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.81 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,313 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 406 പേരും റഷ്യയില്‍ 883 പേരും  ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.20 ലക്ഷം.

🔳ഊര്‍ജ മേഖലയില്‍ വീണ്ടും വന്‍ നിക്ഷേപവുമായി ഗൗതം അദാനി രംഗത്ത്. എസ്ബി എനര്‍ജി ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്ന വമ്പന്‍ കമ്പനിയെ അദാനിയുടെ ഉടമസ്ഥതിയിലുള്ള ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സ്വന്തമാക്കി. 26000 കോടി രൂപ മുടക്കിയാണ് കമ്പനി ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ഇതോടെ അദാനി ഗ്രീന്‍ എനര്‍ജിക്ക് പൂര്‍ണ ഉടമസ്ഥതയുള്ള സഹോദര സ്ഥാപനമായി എസ്ബി എനര്‍ജി ഹോള്‍ഡിങ്‌സ് മാറും.

🔳കേരളത്തില്‍ നിന്നുള്ള തിരക്കേറിയ അന്താരാഷ്ട്ര സര്‍വീസുകളില്‍ ഒന്നായ കൊളംബോ വിമാനം കൊച്ചിയില്‍ നിന്ന് പ്രതിദിന സര്‍വീസ് തുടങ്ങി. ഒന്നര വര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ആഴ്ചയില്‍ ഏഴ് സര്‍വീസ് കൊച്ചിയില്‍ നിന്ന് തുടങ്ങുന്നത്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ചെലവുകുറഞ്ഞ യാത്ര നടത്താന്‍ സൗകര്യമൊരുക്കുന്ന കൊളംബോ സര്‍വീസ് ദിവസവുമുള്ളത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യുഎല്‍ 165/166 വിമാനം തിങ്കള്‍ മുതല്‍ ശനി വരെ ദിവസവും രാവിലെ 9.45ന് കൊളംബോയില്‍ നിന്ന് കൊച്ചിയിലെത്തി 10.45നും, ഞായര്‍ രാവിലെ 8.45ന് എത്തി 9.45 നും മടങ്ങും.

🔳ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ അണ്ണാത്തെ. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് വേണ്ടി ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം പാടിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. എസ് പി ബാലസുബ്രഹ്മണ്യം ഏറ്റവും ഒടുവില്‍ പാടിയ ഗാനമാണ് ഇത്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന അണ്ണാത്തെ എന്ന പുതിയ ഗാനം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും ഏറ്റെടത്തിരിക്കുകയാണ്. മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

🔳ജ്യോതിക നായികയാകുന്ന പുതിയ ചിത്രമാണ് ഉടന്‍പിറപ്പെ. ശരവണന്‍ ആണ് ജ്യോതിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ശരവണിന്റേത് തന്നെ. ഉടന്‍പിറപ്പെ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജ്യോതിക നായികയാകുന്ന അമ്പതാമത് ചിത്രം എന്ന പ്രത്യേകതയോടെയാണ് ഉടന്‍പിറപ്പെ എത്തുക.  ജാതി വിഷയം അടക്കം ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നതായി ട്രെയിലറില്‍ നിന്ന് വ്യക്തമാക്കുന്നു. ശശികുമാര്‍, സമുദ്രക്കനി, സൂരി, കാളിയരശന്‍, നിവേദിത സതിഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം റിലീസ് ചെയ്യുക.

🔳ടിവിഎസ് എച്ച്എല്‍എക്സ് സീരീസ്  ആഗോളതലത്തില്‍ രണ്ട് മില്യണ്‍ വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. കരുത്തുറ്റതും കരുത്തുറ്റതുമായ മോട്ടോര്‍സൈക്കിള്‍ 42 -ലധികം രാജ്യങ്ങളില്‍ ലഭ്യമാണ്. 2019 -ല്‍ ടിവിഎസ് എച്ച്എല്‍എക്സ് സീരീസ് ആഗോളതലത്തില്‍ ഒരു ദശലക്ഷം വില്‍പ്പന നാഴികക്കല്ല് കടക്കുകയും രണ്ട്  വര്‍ഷത്തിനുള്ളില്‍ അത് ഇരട്ടിയാക്കുകയും ചെയ്തെന്നും കമ്പനി പറയുന്നു.

🔳ഫെമിനിസ്റ്റ് സാഹിത്യത്തിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ദ എവേക്കനിംഗ്'എന്ന കൃതി എഴുതിയ കെയ്ററ് ചോപിന്റെ കഥകളുടെ സമാഹാരം. 'തിരഞ്ഞെടുത്ത കഥകള്‍ - കെയ്ററ് ചോപിന്‍'. എഴുത്തുകാരി സോണിയ റഫീക്കിന്റെ പരിഭാഷ. മാതൃഭൂമി. വില 142 രൂപ.

🔳അടിവയറ്റില്‍ കൊഴുപ്പ്  കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. വയറിലെ കൊഴുപ്പ് രണ്ട് തരത്തിലുണ്ട്. 'സബ്ക്യുട്ടേനിയസ് കൊഴുപ്പ്'  (ചര്‍മ്മത്തിന് താഴെ അടിഞ്ഞുകൂടുന്ന കൊഴുപ്പ്), 'വിസറല്‍ കൊഴുപ്പ്' അടിവയറ്റില്‍ ആഴത്തില്‍ അടിഞ്ഞു കൂടുന്ന ആന്തരിക അവയവങ്ങള്‍ക്ക് ചുറ്റുമുള്ള കൊഴുപ്പ്.  വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ചൊരു പഴമാണ് അവാക്കാഡോ. ദിവസവും ഒരു അവാക്കാഡോ വീതം കഴിക്കുന്നത് വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 105 പേരില്‍ പഠനം നടത്തുകയായിരുന്നു. വയറിലെ കൊഴുപ്പിലും രക്തത്തിലെ പഞ്ചസാരയിലും അവാക്കാഡോ കഴിക്കുന്നതിന്റെ ഫലങ്ങള്‍ പഠനം പരിശോധിച്ചു. ഭക്ഷണത്തിന്റെ ഭാഗമായി ഒരു ദിവസം ഒരു അവാക്കാഡോ കഴിക്കുന്ന സ്ത്രീകള്‍ക്ക് വയറിലെ കൊഴുപ്പ് കുറയുന്നതോടൊപ്പം വിസറല്‍ കൊഴുപ്പിന്റെ അനുപാതത്തിലുള്ള കുറവും ഉണ്ടാകുന്നതായി കണ്ടെത്തുകയായിരുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ പഴക്കടയിലെത്തി ആപ്പിളിന്റെ വില ചോദിച്ചു.  കടക്കാരന്‍ 200 രൂപയെന്ന് മറുപടിയും പറഞ്ഞു.  ആപ്പിള്‍ വാങ്ങാതെ അയാള്‍ മറ്റ് പഴങ്ങള്‍ നോക്കി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഒരു വയസ്സായ സ്ത്രീ അവിടെയെത്തി കടക്കാരനോട് ആപ്പിളിന്റെ വില ചോദിച്ചത്. അപ്പോള്‍ കടക്കാരന്‍ 100 എന്ന് പറഞ്ഞു.  അവര്‍ ആപ്പിള്‍ വാങ്ങി പോവുകയും ചെയ്തു.  താന്‍ കബളിപ്പിക്കപ്പെട്ടതിന്റെ ദേഷ്യത്തില്‍ അയാള്‍ കടക്കാരനോട് തട്ടിക്കയറി.  അപ്പോള്‍ ആ കടക്കാരന്‍ പറഞ്ഞു:  ഞാന്‍ താങ്കളോട് വില കൂട്ടിപറഞ്ഞതല്ല.  അവര്‍ക്ക് വിലകുറച്ച് കൊടുത്തതാണ്,.  അവര്‍ നാല് അനാഥക്കുട്ടികളെ വളര്‍ത്തുന്നുണ്ട്.  പലതവണ ഞാന്‍ അവരെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. അവര്‍ക്ക് ആരുടേയും ഔദാര്യം സ്വീകരിക്കുന്നത് ഇഷ്ടമല്ല.  അവരുടെ സത്കര്‍മ്മത്തില്‍ ഇങ്ങനെയെങ്കിലും പങ്കാളിയാകുന്നതിന് വേണ്ടിയാണ് ഞാന്‍ അത് ചെയ്തത്.  എല്ലാവര്‍ക്കും തുല്യമായി വീതിച്ചു നല്‍കുന്നതല്ല നീതി.  അര്‍ഹമായതു നല്‍കുന്നതാണ്.  ശേഷിയുള്ളവനും ശേഷിയില്ലാത്തവനും ഒരേ പാത്രത്തില്‍ അളന്നുനല്‍കുമ്പോള്‍ ലഭിക്കുന്ന വസ്തുവിന്റെ തൂക്കത്തില്‍ മാത്രമേ തുല്യതയുള്ളൂ. സ്വീകരിക്കപ്പെടുന്നവന്റെ പ്രയോജനസാധ്യതയില്‍ വളരെ വലിയ വ്യത്യാസമുണ്ട്. സ്വീകരിക്കുന്നവരുടെ ദയനീയതയും സമൃദ്ധിയും തിരിച്ചറിഞ്ഞു വിതരണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ന്യായപാലകര്‍.  പരമാവധി വിലയേക്കാള്‍ അധികം വാങ്ങുന്നില്ല എന്നത് നിയമാനുസരണമാണ്. എന്നാല്‍ ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്ന വിലക്ക് നല്‍കുന്നത് മനുഷ്യത്വവും.  ഒരേ അളവില്‍ ലഭിക്കണമെന്നതാണ് പലരുടേയും കുട്ടിക്കാലം മുതലുള്ള പിടിവാശി.  അത് മാര്‍ക്കായാലും സ്വത്ത് വീതം വെയ്ക്കുമ്പോഴായാലും ഒരുപോലെയാണ്.  കൂടപ്പിറപ്പിന് അല്‍പം കൂടുതല്‍ കിട്ടിയാല്‍ പലര്‍ക്കും ശരീരവും മനസ്സും അസ്വസ്ഥമാകുന്നത് കാണാം.  അപരന് അധികം കിട്ടുന്നതിന്റെ ആധിയില്‍ ശരീരവും മനസ്സും അസ്വസ്ഥമാകുന്നുണ്ടെങ്കില്‍ മനോഭാവം തിരുത്തേണ്ട സമയമായി എന്നാണ് അര്‍ത്ഥം.  ആവശ്യത്തിലധികം ലഭിക്കുന്നതെല്ലാം കൈവെള്ളയില്‍ നിന്നും തുളുമ്പുകയേ ഉള്ളൂ.  പുറത്തേക്ക് പോകുന്നതിനെ പിടിച്ചുനിര്‍ത്താനുള്ള വ്യഗ്രതയും ചിലപ്പോള്‍ ഉള്ളതുകൂടി നഷ്ടപ്പെട്ടേക്കാം.  ഓരോ ദിവസവും അവസാനിക്കുമ്പോള്‍ നമുക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാം,  ഇന്ന് ഞാന്‍ ഏത് സത്കര്‍മ്മത്തിന്റെ ഭാഗമായി എന്ന് - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only