05/10/2021

അപേക്ഷ മാത്രം പോര; കൈവശാവകാശ സർട്ടിഫിക്കറ്റിന് ഇനി സത്യവാങ്മൂലവും നൽകണം
(VISION NEWS 05/10/2021)
കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി അപേക്ഷയ്ക്കു പുറമേ അപേക്ഷകൻ സത്യവാങ്മൂലവും നൽകണം. റവന്യൂ വകുപ്പ് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൈവശം ഉള്ള ഭൂമി പട്ടയം ലഭിച്ചതാണോ അല്ലയോ എന്നാണ് അപേക്ഷകൻ സത്യവാങ്മൂലം നൽകേണ്ടതെന്നു സർക്കുലറിൽ പറയുന്നു. ഹൈക്കോടതി വിധി അനുസരിച്ചാണു നടപടി. 

ഇടുക്കിയിലെ ചില വില്ലേജുകളിൽ ഭൂ പതിവു ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ പട്ടയം ലംഘിച്ചു വാണിജ്യനിർമാണങ്ങൾ നടത്തുന്നതു തടയാൻ 2019 ഓഗസ്റ്റ് 22ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഏത് ആവശ്യത്തിനാണോ പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ കെട്ടിട പെർമിറ്റ് അനുവദിക്കാവൂ എന്ന് ആയിരുന്നു ഉത്തരവ്. 

ഇതു സംബന്ധിച്ച് വന്ന ഹർജികളെ തുടർന്ന് ഈ ഉത്തരവ് കേരളം മുഴുവൻ നടപ്പാക്കാൻ 2020 ജൂലൈ 29നു ഹൈക്കോടതി ഉത്തരവിട്ടു. ഇതു നടപ്പാക്കുന്നില്ലെന്നു കാണിച്ച് കോടതിയലക്ഷ്യ ഹർജി വന്നതോടെ ഇതു സംബന്ധിച്ചു സത്യവാങ്മൂലം അപേക്ഷകൻ നൽകണമെന്നു കഴിഞ്ഞ മാസം എട്ടിനു ഹൈക്കോടതി നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ ഒന്നിന് സർക്കുലർ ഇറക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only