26 ഒക്‌ടോബർ 2021

വരന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്‍റ്, വധു എസ്.എഫ്.ഐ; കൊടിയുടെ നിറം മറന്ന് അവരൊന്നിക്കുകയാണ്
(VISION NEWS 26 ഒക്‌ടോബർ 2021)കൊടുവള്ളി -പരസ്പരം ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചവര്‍ക്കു മുന്നില്‍ എന്തു രാഷ്ട്രീയം അല്ലേ..കൊടിയുടെ നിറം നോക്കി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കുമോ? കോഴിക്കോടുകാരായ നിഹാലിനോടും ഐഫയോടും ചോദിച്ചാലും അവരും ഈ ഉത്തരം തന്നെ പറയും. കാരണം രണ്ടു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ വീറോടെ പ്രവര്‍ത്തിച്ചവരാണെങ്കിലും ജീവിതത്തില്‍ അവര്‍ കൈകോര്‍ത്തു നടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കെ.എസ്.യു ജില്ലാ പ്രസിഡന്‍റായ വി.ടി. നിഹാലിന്‍റെയും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്ന ഐഫ അബ്ദുറഹിമാന്‍റെയും വിവാഹനിശ്ചയമായിരുന്നു ഞായറാഴ്ച. കോഴിക്കോട് ഗവ. ലോ കോളേജിൽ നിഹാലിന്‍റെ ജൂനിയറായിരുന്നു ഐഫ. കണ്ടുപരിചയം മാത്രമുള്ള ഇരുവരും സുഹൃത്തുക്കളായത് അഭിഭാഷകരായി കോടതിയിലെത്തിയപ്പോഴാണ്. ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന വന്നത്. രണ്ടു രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും രണ്ടു പേരും തുറന്നു സംസാരിച്ചപ്പോള്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവിൽ ഡി.വൈ.എഫ്.ഐ., ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എന്നിവയിൽ അംഗമാണ് ഐഫ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പുതിയറ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു നിഹാൽ. ലോ കോളേജ് യൂണിയൻ ഭാരവാഹിയായിരുന്ന ഐഫയുമായി എസ്.എഫ്.ഐ. നേതാവ് എന്ന നിലയിലുള്ള സൗഹൃദമെ ഉണ്ടായിരുന്നുള്ളൂവെന്ന് നിഹാൽ പറഞ്ഞു. മാങ്കാവ് തളിക്കുളങ്ങര പരേതനായ വലിയ തിരുത്തിമ്മൽ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാൽ. കൊടുവള്ളിയിൽ ബിസിനസുകാരനായ അബ്ദുറഹിമാന്‍റെയും ഷെരീഫയുടെയും മകളാണ് ഐഫ. അടുത്ത വർഷമാണ് വിവാഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only