👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

12 ഒക്‌ടോബർ 2021

തോരാതെ പെരുമഴ...താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ;​ഗതാ​ഗതവും തടസ്സപ്പെട്ടു; മൂന്ന് മരണം
(VISION NEWS 12 ഒക്‌ടോബർ 2021)
സംസ്ഥാനത്ത് ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുകയാണ്. മിക്കയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മഴക്കെടുതിയിൽ ഇതുവരെ മൂന്ന് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കരിപ്പൂര്‍ ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ ( 7 മാസം ) എന്നിവരാണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നാണ് അപകടമുണ്ടായത്. കൊല്ലം തെന്മല നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് തോട്ടില്‍ വീണ് മരിച്ചത്.

 കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം കയറിയതിനാൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.തൃശൂർ ജില്ലയിൽ ഡാമുകൾ നിറഞ്ഞതിനെതുടർന്ന് ഷട്ടറുകൾ തുറന്നു. പീച്ചി ഡാമിന്റെ ഷട്ടർ നാല് ഇഞ്ച് ഉയർത്തി. മണലിപ്പുഴ, ഇടതുകര വലതുകര കനാലിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പാലക്കാട് പറമ്പിക്കുളം തൂണക്കടവ് ഡാമുകളും തുറന്നു. പറമ്പിക്കുളത്തിന്റെ രണ്ട് ഷട്ടറുകളും ഒരു മീറ്റർ 70 സെന്റി മീറ്റർ വീതമാണ് തുറന്നത്. തൂണക്കടവ് ഡാമിന്റെ രണ്ട് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. രണ്ട് ഡാമുകളിൽ നിന്നുള്ള വെള്ളം ചാലക്കുടി പുഴയിലേക്കാണ് എത്തുക. പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ നേരത്തെ തുറന്നിരുന്നു.

അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവയില്‍ ജലനിരപ്പുയര്‍ന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സമീപപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എട്ടു പഞ്ചായത്തുകളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങി. 

ആലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, ആലുവ മണപ്പുറം മുങ്ങി. ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം മുങ്ങി. ഇടമലയാര്‍ വൈശാലി ഗുഹയ്ക്കു സമീപം മണ്ണിടിഞ്ഞു. താളുംകണ്ടം, പൊങ്ങുംചുവട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.

പാലക്കാട് അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് മണ്ണും പാറയും ഒഴുകിയെത്തി. ഇത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നെല്ലിപ്പുഴയില്‍ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കഞ്ചിക്കോട്, നെന്മാറ മേഖലയില്‍ ഏക്കര്‍ക്കണക്കിന് നെല്‍കൃഷി വെള്ളത്തിനടിയിലായി

മലപ്പുറം കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു. കോഴിക്കോട് മാവൂര്‍ റോഡിലും വെള്ളം കയറി. ആലപ്പുഴ എംസി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം -ചെങ്കോട്ട രെയില്‍പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഉറുകുന്ന് ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട റെയില്‍ഗതാഗതം കടുത്ത പ്രയത്‌നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. 

അച്ചന്‍കോവിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പുനലൂരില്‍ 25 ഓളം വീടുകളില്‍ വെള്ളം കയറി. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മ്മാണത്തിനിടെ മണ്ണുമാന്തിയന്ത്രം തോട്ടില്‍ വീണു. അഞ്ചല്‍-ആയുര്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മേലുകാവ്- തൊടുപുഴ റോഡില്‍ രാത്രി വലിയ പാറ വീണു. പാറയില്‍ കാറിടിച്ച് അപകടമുണ്ടായി. വെള്ളിയാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only