👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

12 ഒക്‌ടോബർ 2021

കനത്തമഴ..കേരളത്തിന് പ്രളയ മുന്നറിയിപ്പ്
(VISION NEWS 12 ഒക്‌ടോബർ 2021)
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തത്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. കേരത്തില്‍ ഇത്തിക്കരയാറിലാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.

കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളിലും തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാവുമെന്നാണ് വിലയിരുത്തല്‍.കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് ജലകമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only