👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

12 ഒക്‌ടോബർ 2021

ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ്: മസ്കിന്റെ സ്റ്റാർലിങ്ക് യുഎസിലും പരീക്ഷണ സർവീസിന്
(VISION NEWS 12 ഒക്‌ടോബർ 2021)ഇന്ത്യയിലുൾപ്പെടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പേസ് എക്സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനത്തിന്റെ പരീക്ഷണ സർവീസ് യുഎസിൽ ഈ മാസം ആരംഭിക്കുമെന്ന് ഇലോൺ മസ്ക്.

നിലവിൽ 16 രാജ്യങ്ങളിൽ ട്രയൽ റൺ നടത്തുന്ന സംവിധാനം വിജയകരമാണെന്നും ഇതിന്റെ പിന്നാലെയാണ് യുഎസിൽ സംവിധാനം പരീക്ഷിക്കുന്നതെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചു. 50 എംബിപിഎസ് മുതൽ 150 എംബിപിഎസ് വരെ സ്പീഡ് ലഭിക്കുമെന്നാണ് മസ്കിന്റെ വാഗ്ദാനം.

ഇന്റർനെറ്റ് ലഭ്യമല്ലാതെ വന്ന ചില സ്ഥലങ്ങളിൽ കൂടുതൽ സാറ്റലൈറ്റ് വിക്ഷേപിക്കാനും സ്റ്റാർലിങ്ക് ഒരുങ്ങുന്നതായും അധികൃതർ വെബ്സൈറ്റിൽ കുറിച്ചു. യുഎസിൽ നിശ്ചിത സ്ഥലങ്ങളിൽ പരിമിതിമായ ഉപഭോക്താക്കൾക്കുള്ള ബീറ്റ വേർഷനാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നതെന്നും മസ്ക് വ്യക്തമാക്കി. ഇന്ത്യയിൽ ആരംഭിച്ചതു പോലെ പ്രീ ബുക്കിങ് യുഎസിലും നടത്തിയിരുന്നു, ഇതിലുള്ളവരായിരിക്കും ആദ്യ ലിസ്റ്റിൽ ബീറ്റ ടെസ്റ്റിങ്ങിനും പരിഗണിക്കപ്പെടുക. ട്വിറ്ററിൽ വന്നൊരു ചോദ്യത്തിന് മറുപടിയായി കൂടുതൽ ഉപഗ്രഹങ്ങൾ ഉടൻ വിക്ഷേപിക്കുമെന്നും ഇത് ഇന്റർനെറ്റ് കണക്ടിവിറ്റി കൂടുതൽ ഭദ്രമാക്കുമെന്നും മസ്ക് വ്യക്തമാക്കി.

അടുത്തിടെ സ്റ്റാർലിങ്കിന്റെ ജിപിഎസ് സംവിധാനം വന്നേക്കുമെന്ന് ഒരു വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. അത്രയേറെ കൃത്യതയുള്ള വിവരങ്ങൾ നൽകാൻ കഴിവുള്ള സാറ്റലൈറ്റ് നെറ്റ് വർക് സംവിധാനം സ്റ്റാർലിങ്ക് ഒരുക്കിയിട്ടുണ്ടെന്നാണ് ഇവരുമായി സഹകരിക്കുന്ന കമ്പനിയെ ഉദ്ധരിച്ച് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തത്.

നിലവിലുള്ള മൊബൈൽ ഫോണുകളിലെ സംവിധാനത്തേക്കാൾ മികച്ചതായിരിക്കും ഇതെന്നു ഗൂഗിളിന്റെ പേരെടുത്തു പറയാതെ പറയുകയും ചെയ്തു സംഘം. 

ഇന്ത്യയിലേക്ക് 2022 ഡിസംബറോടെ?

2022 ഡിസംബറിൽ ഇന്ത്യയിലെ 10 ലോക്സഭാ മണ്ഡലങ്ങളിലെ റൂറൽ ഏരിയകളിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം പരീക്ഷിക്കുമെന്നാണ് നിലവിലുള്ള വിവരം. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ കൺട്രി ഡയറക്ടർ സഞ്ജയ് ഭാർഗവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതിനു വേണ്ട ഉപകരണകങ്ങളിൽ 80 ശതമാനം ഇന്ത്യയിലേക്ക് എത്തിച്ചെന്നും ഇവ സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്നുമാണ് സഞ്ജയ് പറഞ്ഞത്. ചിലയിടങ്ങളിൽ എതിർപ്പു നേരിടുന്നത് കൊണ്ട് ഓരോ സംസ്ഥാനത്തെയും സർക്കാരുകളുമായി കമ്പനി പ്രതിനിധികൾ നേരിട്ട് ചർച്ച നടത്തുമെന്നും നിലവിലുള്ള തർക്കങ്ങളും സംശയങ്ങളും പരിഹരിച്ച് പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്നും അദ്ദഹേം വ്യക്തമാക്കി.

കേന്ദ്രത്തിൽ നിന്നുള്ള എതിർപ്പ് ഇല്ലാതാകുമെന്നും പദ്ധതിക്കായുള്ള അനുമതി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

സ്റ്റാർലിങ്ക് ഇന്റർനെറ്റ് പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ലെങ്കിലും താൽപ്പര്യത്തോടെ ആളുകൾ എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യായിരത്തിലധികം പേർ കണക്‌ഷനായി മുൻകൂർ പണം അടച്ച് കാത്തിരിക്കുന്നുണ്ടത്രേ.

ഒരു വർഷം കൊണ്ട് 2 ലക്ഷം കണക്‌ഷനുകൾ നേടാനാകുമെന്ന കണക്ക്കൂട്ടലിലാണ് കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുനനോട്ട് കൊണ്ടുപോകുന്നത്, ലോകമാകെ പ്രീ–ബുക്കിങ് 5 ലക്ഷം കടന്നിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ 16 രാജ്യങ്ങളിലായി ഒരു ലക്ഷം കണക്ഷനുകൾ പ്രവർത്തിക്കുന്നുമുണ്ട്.

ആമസോണിന്റെ കിയ്പർ, എയർടെൽ ഭാഗമായ വൺവെബ് എന്നിവയും ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണെന്നത് മത്സരവേഗം കൂട്ടുമെന്നാണ് വിദഗ്ധർ കരുതുന്നത്. 

99 ഡോളർ

7437 രൂപയാണ് (99 ഡോളർ) ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രീ–ബുക്കിങ് നിരക്ക്. സ്റ്റാർലിങ്കിന്റെ മൊബൈൽ ആപ് വഴി നിങ്ങളുടെ സ്ഥലത്ത് കണക്റ്റിവിറ്റിയുണ്ടോയെന്ന് പരിശോധിക്കാം. പ്രീ–ബുക്കിങ് കൂടുന്നത് പദ്ധതിക്കായി സർക്കാർ അനുമതി ലഭിക്കൽ എളുപ്പമാക്കുമെന്നും സഞ്ജയ് പറയുന്നു. സെമി–കണ്ടക്ടർ ക്ഷാമം സ്റ്റാർലിങ്ക് കിറ്റ് നിർമിക്കുന്ന വേഗത്തെ ബാധിച്ചിട്ടുണ്ട്. 

പദ്ധതി ഇങ്ങനെ

ആയിരക്കണക്കിന് ചെറുഉപഗ്രഹങ്ങളാണ് പദ്ധതിക്കായി വിന്യസിക്കുന്നത്.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം.

സെക്കൻഡിൽ 50 എംബി മുതൽ 150 എംബി വരെ സ്പീഡ് പരീക്ഷണ വേർഷനായ ബീറ്റയിൽ ലഭിക്കുമെന്നാണ് സ്റ്റാർലിങ്കിന്റെ അവകാശവാദം.

കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും. ‘സംതിങ് ഈസ് ബെറ്റർ ദാൻ നതിങ്’– ഒന്നുമില്ലാത്തതിനേക്കാൾ ഭേദം എന്തെങ്കിലുമുള്ളത് എന്ന പ്രഖ്യാപനവുമായാണ് മസ്ക് പദ്ധതി അവതരിപ്പിക്കുന്നത്. സ്പെക്ട്രവും മറ്റുമായി പണം ചെലവഴിച്ചിരിക്കുന്ന മറ്റ് കമ്പനികൾ പദ്ധതിക്ക് എതിരായി നിൽക്കുന്നതാണ് കമ്പനി നേരിടുന്ന വെല്ലുവിളി.

എന്നാൽ ജനങ്ങൾക്ക് അനുകൂലമായി തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only