25/10/2021

ആധാർ കാർഡിൽ നിങ്ങളുടെ പുതിയ ഫോട്ടോ ചേർക്കണോ? ഇങ്ങനെ ചെയ്യൂ
(VISION NEWS 25/10/2021)

തിരിച്ചറിയൽ രേഖയായ ആധാറിലെ ഫോട്ടോ കണ്ടാൽ അമ്മയ്ക്ക് പോലും തിരിച്ചറിയാൻ പറ്റില്ലെന്ന് നമ്മൾ തമാശ പറയാറുണ്ട്. എന്നാൽ ഇഥിൽ അൽപ്പം കാര്യമില്ലാതില്ല. പലരുടെയും ആധാർ കാർഡിലെ ഫോട്ടോ കൃത്യതയുള്ളതല്ല. ചിലരുടേത് വർഷങ്ങൾക്ക് മുൻപ് എടുത്ത ഫോട്ടോയായിരിക്കും. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന 12 അക്ക നമ്പറുള്ള ആധാർ കാർഡിൽ ഐറിസ് സ്കാൻ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങളും ഒപ്പം വ്യക്തിയുടെ ഫോട്ടോയും കൃത്യമായ ഇടവേളകളിൽ പുതുക്കേണ്ടതാണ്. എങ്ങനെയാണ് ആധാർ കാർഡിലെ ഫോട്ടോ പുതുക്കേണ്ടത് എന്നറിയാമോ..? ആധാർ കാർഡിന്റെ വിലാസവും ഫോൺ നമ്പറും പോലുള്ള വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാമെങ്കിലും, ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് ആധാർ എൻറോൾമെന്റ് സെന്ററിൽ പോകേണ്ടതുണ്ട്.


☛ യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക. (https://uidai.gov.in/images/aadhaar_enrolment_correction_form_version_2.1.pdf)


☛ ആധാർ എൻറോൾമെന്റ് ഫോം പ്രിന്റ് ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.

☛ ഈ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിച്ച് അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ/ ആധാർ സേവാ കേന്ദ്രം കണ്ടെത്തുക. (https://appointments.uidai.gov.in/EACenterSearch.aspx?value=2)

☛ നിങ്ങളുടെ അപേക്ഷ ആധാർ എൻറോൾമെന്റ് എക്സിക്യൂട്ടീവിന് സമർപ്പിക്കുക.

☛ നിങ്ങളുടെ വിശദാംശങ്ങൾ എക്സിക്യൂട്ടീവ് ബയോമെട്രിക് ഉപയോഗിച്ച് സ്ഥിരീകരിക്കും.

☛ നിങ്ങളുടെ പുതിയ ഫോട്ടോ ആധാർ എൻറോൾമെന്റ് സെന്റർ/ ആധാർ സേവാ കേന്ദ്രത്തിലെ എക്സിക്യൂട്ടീവ് എടുക്കും.

☛ ഫോട്ടോ പുതുക്കുന്നതിനുള്ള ഫീസായി ജിഎസ്ടി സഹിതം 25 രൂപ ഫീസ് നൽകേണ്ടതുണ്ട്.

☛ എക്‌സിക്യുട്ടീവ് നിങ്ങൾക്ക് അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) സഹിതമുള്ള ഒരു അക്‌നോളജ്‌മെന്റ് സ്ലിപ്പ് തരും.

☛ യുഐഡിഎഐയുടെ വെബ്സൈറ്റിൽ ഓൺലൈനായി നിങ്ങളുടെ ആധാർ കാർഡ് അപ്ഡേഷന്റെ നില പരിശോധിക്കാൻ നിങ്ങൾക്ക് യുആർഎൻ നമ്പർ ഉപയോഗിക്കാം.

☛ ഫോട്ടോ വിജയകരമായി അപ്‌ഡേറ്റുചെയ്‌തു എന്ന സ്ഥിരീകരണം വന്നാൽ നിങ്ങൾക്ക് പുതിയ പകർപ്പ് ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ യുഐഡിഎഐയുടെ പോർട്ടലിൽ നിന്ന് ഒരു ഫിസിക്കൽ കാർഡ് ഓർഡർ ചെയ്യാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only