27 ഒക്‌ടോബർ 2021

ബിവറേജസിലെ കളക്ഷൻ തുകയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ
(VISION NEWS 27 ഒക്‌ടോബർ 2021)
കാഞ്ഞിരപ്പുഴയിൽ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയിരുന്നത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട് ലെറ്റിലെ കളക്ഷൻ തുകയുമായാണ് ജീവനക്കാരനായ ഗിരീഷ് മുങ്ങിയത്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷൻ തുകയായ 31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാൽ പണം അടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്. ഇയാൾ സമീപത്തെ പെട്രോൾ പന്പിൽ നിന്നും ഇന്ധനം നിറച്ചതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. രണ്ടു വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്. വാളയാര്‍ അതിര്‍ത്തിയിലാണ് ഗിരീഷിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ കണ്ടെത്തിയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only