👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഒക്‌ടോബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 07 ഒക്‌ടോബർ 2021)
🔳2050-ഓടെ ലോകമെമ്പാടും 500 കോടിയിലധികം പേര്‍ ജലക്ഷാമം നേരിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയുള്‍പ്പെടെ ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങള്‍ ലോകത്ത് വര്‍ധിക്കുമെന്നും ലോക അന്തരീക്ഷ പഠനകേന്ദ്രം തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

🔳ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശിച്ചു. നീതി നടപ്പാവുംവരെ കൂടെയുണ്ടാവുമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പുനല്‍കി. കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ യുപി പൊലീസ് വിട്ടയച്ചത്. നേരത്തെ ലഖിംപൂര്‍ ഖേരിയിലേക്ക് പോകാനായി രാഹുല്‍ ഗാന്ധിയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് സംഘം ലക്നൗവിലെത്തിയപ്പോഴും പൊലീസ് തടസങ്ങള്‍ ഉന്നയിച്ചിരുന്നു. വിമാനത്താവളത്തിലിറങ്ങാന്‍ അനുമതി ലഭിച്ചെങ്കിലും രാഹുല്‍ നിര്‍ദ്ദേശിച്ച വാഹനത്തില്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുക്കുകയായിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയും ഉദ്യോഗസ്ഥരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഉദ്യോഗസ്ഥ നിലപാടില്‍ രാഹുല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട്, തര്‍ക്കത്തിനൊടുവില്‍ സ്വന്തം വാഹനത്തില്‍ ലഖിംപൂരിലേക്ക് പോവുകയായിരുന്നു.

🔳ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ എട്ട് കര്‍ഷകരുടെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.

🔳അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനെതിരെ ദുര്‍ബലപ്പെട്ട് ഇന്ത്യന്‍ രൂപ. ആറ് മാസത്തിനിടയിലെ ഏറ്റവും മോശം നിരക്കായ 74.88 ലേക്ക് രൂപ കൂപ്പുകുത്തി. ഇന്നലെ ഇന്ധന വില ഉയര്‍ന്നതും അമേരിക്കന്‍ ബോണ്ടുകള്‍ നില മെച്ചപ്പെടുത്തിയതും ഡോളര്‍ ശക്തിപ്രാപിച്ചതുമെല്ലാം രൂപയ്ക്ക് തിരിച്ചടിയായി. കഴിഞ്ഞ ഒരു മാസത്തോളമായി രൂപയുടെ നില മോശമാണ്. 2.5 ശതമാനത്തോളം മൂല്യം ഇടിഞ്ഞു. ഏഷ്യന്‍ കറന്‍സികളില്‍ തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ രൂപയുടേത്.

🔳കോവിഡാനന്തര ചികിത്സയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കോവിഡ് നെഗറ്റീവായ ശേഷം ഒരുമാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് ഹൈക്കോടതി. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ലെന്നും കോടതി സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 22,605 കോവിഡ് രോഗികളില്‍ 55.81 ശതമാനമായ 12,616 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 315 മരണങ്ങളില്‍ 42.53 ശതമാനമായ 134 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,37,364 സജീവരോഗികളില്‍ 51.59 ശതമാനമായ 1,22,467 രോഗികളും കേരളത്തിലാണുള്ളത്.

🔳വിശപ്പടക്കാന്‍ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകള്‍ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'വിശപ്പുരഹിത കേരളം' എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആയിരം ജനകീയ ഹോട്ടലുകള്‍ ലക്ഷ്യംവച്ച് തുടങ്ങിയ പദ്ധതി ഇപ്പോള്‍ 1095 ല്‍ എത്തിനില്‍ക്കുകയാണ്. അവയുടെ എണ്ണം ഇനിയും വര്‍ധിക്കും. വിശപ്പുരഹിത കേരളം പദ്ധതിക്കായി അക്ഷീണം പ്രയത്നിക്കുന്നവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

🔳സംസ്ഥാനം കോവിഡിനെതിരേ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് വാക്സിന്‍ എടുക്കാന്‍ ഇനി കുറച്ചുപേര്‍ മാത്രമാണുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്. തൊട്ടടുത്തുതന്നെ വാക്സിനേഷന്‍ കേന്ദ്രങ്ങളും ലഭ്യമാണ്. 1200 ഓളം വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ സര്‍ക്കാര്‍തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ആള്‍ക്കാര്‍ തീരെ കുറവാണെന്നും മന്ത്രി പറഞ്ഞു.

🔳ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് നല്‍കണമെങ്കില്‍ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. എന്നാല്‍ പോളിടെക്നിക്കിലും വോക്കഷണല്‍ ഹയര്‍ സെക്കണ്ടറിയിലും ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ അലോട്ട്മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ അവകാശ വാദം. എന്നാല്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും ആഗ്രഹിച്ച വിഷയം പഠിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇത്തവണ കേരളത്തിലുള്ളത്. ഇന്നലെ രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് വന്നപ്പോള്‍ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്. എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിന് എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും വന്‍തുക കൊടുത്ത് മാനേജ്മെന്റ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്ന് റിപ്പോര്‍ട്ടുകള്‍.

🔳നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമസഭയില്‍ വരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനത്തിന് മറുപടിയുമായി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിയമസഭയില്‍ എപ്പോള്‍ വരണം, എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്ന് പറഞ്ഞ പി.വി.അന്‍വര്‍ ധാര്‍മ്മികതയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കുതികാല്‍ വെട്ടിയവനാണ് വി ഡി സതീശനെന്നും പ്രതിപക്ഷ നേതാവിന്റെ സഹായവും ഉപദേശവും തനിക്ക് വേണ്ടെന്നും പി വി അന്‍വര്‍ എംഎല്‍എ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

🔳സംസ്ഥാനത്തെ ക്യാമ്പസുകള്‍ ഭീകരവാദ കേന്ദ്രങ്ങളാകുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ തിരുത്താന്‍ സിപിഎം തയ്യാറാകണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. സംഘപരിവാറിന്റെ നാവായി സിപിഎം മാറുകയാണെന്നും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് സിപിഎം സെക്രട്ടറി എ വിജയരാഘവന്‍ നടത്തുന്നതെന്നും ഇക്കാര്യത്തിലെല്ലാം സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ആവശ്യപ്പെട്ടു.

🔳സംസ്ഥാനത്തിന് തന്നെ അപമാനമായ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ സംഭവത്തില്‍ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് എതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം. സംസ്ഥാന എസ്‌സി - എസ്ടി കമ്മീഷനാണ് പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളില്‍ നിന്നും ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്.

🔳ബിജെപി പുനഃസംഘടനയില്‍ കടുത്ത അതൃപ്തിയുമായി കൃഷ്ണദാസ് പക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ചര്‍ച്ച പോലും നടത്താതെയുള്ള പുനസംഘടനക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനാണ് നീക്കമെന്നും ഏകപക്ഷീയമായാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്ന് പരാതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

🔳കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും അവരുടെ ഏഴ് വയസുകാരന്‍ മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് മഞ്ചേരി കോടതി. പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്പുഴ സ്വദേശികളായ ഉമ്മുസല്‍മ, മകന്‍ ദില്‍ഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2017 മെയ് 22 നായിരുന്നു കൊലപാതകം.

🔳വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ ശക്തമാക്കി താഴെത്തട്ടില്‍ നിന്നുതന്നെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വനിതാ കമ്മീഷന്‍ മേഖലാ ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

🔳റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്ത ശമ്പളം ദീപാവലി ബോണസായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റെയില്‍വെയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. രാജ്യത്തെ 11 ലക്ഷത്തില്‍ കൂടുതല്‍ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2,081.68 കോടി രൂപയാണ് ബോണസ് നല്‍കാനായി ചിലവഴിക്കുക.

🔳ഗുജറാത്ത് തീരത്ത് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടുത്തു. മുന്ദ്ര തുറമുഖത്ത് നിന്ന് കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത കേസാണ് എന്‍ഐഎ അന്വേഷണ സംഘം ഏറ്റെടുത്തത്.

🔳താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ സാമ്പത്തിക തകര്‍ച്ചയിലേക്ക് വീണ അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ബില്‍ ഗേറ്റ്സിനോട് അഭ്യര്‍ത്ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാനിലെ പാതിയിലേറെ ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും അവരോട് മനുഷ്യത്വം കാണിക്കണമെന്നുമാണ് മൈക്രോസോഫ്റ്റ് സ്ഥാപകനോട് പാക് പ്രധാനമന്ത്രിയുടെ ആവശ്യം.

🔳ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം രണ്ട് പേര്‍ക്ക്. ബെഞ്ചമിന്‍ ലിസ്റ്റിനും , ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനുമാണ് പുരസ്‌കാരം. അസിമെട്രിക്ക് ഓര്‍ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് നോബേല്‍.

🔳2020-2021 സീസണിലെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌കാര പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം. ഇന്ത്യയുടെ ഡ്രാഗ് ഫ്‌ളിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും യഥാക്രമം മികച്ച പുരുഷ വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി. ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

🔳ഐപിഎല്ലില്‍ അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലു റണ്‍സിന് വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് അവസാന ഓവറുകളില്‍ എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും ജയത്തിലെത്താനായില്ല. തോല്‍വിയോടെ പോയന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടാമെന്ന ബാംഗ്ലൂരിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു.

🔳ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. 29 വിക്കറ്റുകള്‍ ഇതിനോടകം തന്നെ സ്വന്തം പേരിലാക്കിയ താരം മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ 27 വിക്കറ്റെന്ന റെക്കോഡാണ് ഹര്‍ഷല്‍ മറികടന്നത്.

🔳കേരളത്തില്‍ ഇന്നലെ 98,782 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,018 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,516 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,22,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.04 ശതമാനമായ 2,48,50,307 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 42.83 ശതമാനമായ 1,14,40,770 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203.

🔳രാജ്യത്ത് ഇന്നലെ 22,605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 24,611 പേര്‍ രോഗമുക്തി നേടി. മരണം 315. ഇതോടെ ആകെ മരണം 4,49,883 ആയി. ഇതുവരെ 3,38,93,003 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.37 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,876 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,432 പേര്‍ക്കും മിസോറാമില്‍ 1,471 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,05,553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 87,961 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,851 പേര്‍ക്കും റഷ്യയില്‍ 25,133 പേര്‍ക്കും തുര്‍ക്കിയില്‍ 30,438 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.69 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.80 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,317 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,710 പേരും റഷ്യയില്‍ 929 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.38 ലക്ഷം.

🔳ഏകദേശം ഒരു മാസത്തെ ഇടിവിന് ശേഷം ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയ്ന്‍ വീണ്ടും 50,000 ഡോളറിന് മുകളില്‍. 43.58 ശതമാനം ആധിപത്യത്തോടെ 51,205.16 ഡോളറിലാണ് ബിറ്റ്കോയിന്‍ വ്യാപാരം നടത്തുന്നത്. 24 മണിക്കൂറിനിടെ 0.56 ശതമാനം വര്‍ധനവാണുണ്ടായത്. അതേസമയം, ബിറ്റ്കോയ്നിന്റെ വാല്യു വര്‍ധിച്ചതോടെ മറ്റ് ക്രിപ്റ്റോകറന്‍സികളും ഉയരുകയാണ്. കഴിഞ്ഞ ഒരുമാസത്തോളമായി തിരുത്തലിലേക്ക് വീണ ബിറ്റ്കോയ്ന്‍ ചൊവ്വാഴ്ചയാണ് വീണ്ടും 50,000 ഡോളര്‍ തൊട്ടത്.

🔳ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രചാരമേറി വരുന്ന 'ബയ് നൗ പേ ലേറ്റര്‍' സൗകര്യമൊരുക്കി പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഭാരത് പേയും. പോസ്റ്റ്പേ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സൗകര്യം രാജ്യത്ത് എവിടെയും ഉപയോഗപ്പെടുത്താനാകുമെന്നാണ് കമ്പനി പറയുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് പോസ്റ്റ് പേ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാനാകും. 10 ലക്ഷം രൂപ വരെയാണ് പലിശരഹിത വായ്പയായി നല്‍കുക. ഓണ്‍ലൈനിനു പുറമേ ഓഫ്ലൈന്‍ ഷോപ്പിംഗിനും ഇത് പ്രയോജനപ്പെടുത്താനാകും. പോസ്റ്റേ പേ കാര്‍ഡുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. പിന്നീട് പ്രതിമാസ തവണകളായി പണം നല്‍കിയാല്‍ മതിയാകും.

🔳അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ചിത്രം 'പുഷ്പ'യിലെ ഒരു ഐറ്റം സോംഗിനായി ബോളിവുഡ് താരം നോറ ഫത്തേഹിയെ സമീപിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ടെമ്പര്‍ എന്ന ചിത്രത്തിലെ ഒരു ഐറ്റം സോംഗിനായി നാല് ലക്ഷം വാങ്ങിയ നോറ ഈ ചിത്രത്തിലെ ഗാനത്തിനായി രണ്ടു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ നടിമാരായ ദിഷ പഠാനി, പൂജ ഹേഗ്‌ഡെ എന്നിവര്‍ നിരസിച്ച ഐറ്റം നമ്പറിലേക്ക് ഒടുവിലാണ് നോറയെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചത്. പുഷ്പയുടെ ആദ്യ ഭാഗത്തിലാണ് ഈ ഗാനം.

🔳കേരളാ കഫേക്കും അഞ്ചു സുന്ദരികള്‍ക്കും ശേഷം മലയാളത്തില്‍ നിന്നും മറ്റൊരു ആന്തോളജി കൂടി. 23 ഫീറ്റ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അര്‍ജുന്‍ രവീന്ദ്രന്‍ നിര്‍മ്മിക്കുന്ന മധുരം ജീവാമൃതബിന്ദു എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകന്‍ സിദ്ധിഖ് ആണ്. സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിന്‍സ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയില്‍ ഉള്ളത്.

🔳ഉത്സവ സീസണായതോടെ 2021 സെപ്റ്റംബറില്‍ റെക്കോഡ് വില്‍പന രേഖപ്പെടുത്തി വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്. രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ 2500 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ വാര്‍ഡ്വിസാര്‍ഡ് വിറ്റഴിച്ചത്. 2020 സെപ്റ്റംബറില്‍ 117 യൂണിറ്റുകളായിരുന്നു വിറ്റിരുന്നത്. 2021 ആഗസ്റ്റില്‍ 2001 യൂണിറ്റുകളുടെയും, ജൂലൈയില്‍ 945 യൂണിറ്റുകളുടെയും വില്‍പന നടന്നിരുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ ആകെ വില്‍പന 5,446 യൂണിറ്റുകള്‍ കടന്നു. ആദ്യപാദത്തിലെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 187 ശതമാനം വളര്‍ച്ചയാണ് വാര്‍ഡ്വിസാര്‍ഡ് നേടിയത്.

🔳കെ എസ് രതീഷിന്റെ പന്ത്രണ്ട് കഥകളിലും ജന്തു വാസനകളുടെ ജീവിതമാണ് മുറ്റി നില്‍ക്കുന്നത്. രതീഷിന്റെ കഥകളില്‍ കാട്ടില്‍ വസിച്ച മനുഷ്യര്‍ നാട്ടിലേയ്ക്ക് കുടിയൊഴിഞ്ഞു പോകാന്‍ മടിക്കുകയോ കാട്ടില്‍ നിന്ന് ഇടയ്ക്ക് തലനീട്ടി നോക്കുകയോ ചെയ്യുന്നു. 'പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം'. ചിന്ത പബ്ളിക്കേഷന്‍സ്. വില 142 രൂപ.

🔳ധമനികളില്‍ രക്തം കട്ടപിടിച്ച് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുന്നത് ഒഴിവാക്കാനായി ചില രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ബ്ലഡ് തിന്നറുകള്‍ കുറിച്ചു നല്‍കാറുണ്ട്. രക്തം നേര്‍പ്പിക്കുന്ന ഇത്തരം മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്ന രോഗികള്‍ക്ക് കോവിഡ് വന്നാല്‍ ഗുരുതരമാകാനോ മരിക്കാനോ ഉള്ള സാധ്യത കുറവാണെന്ന് ഗവേഷണ ഫലം. ഇവരുടെ മരണസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനവും ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 43 ശതമാനവും കുറവായിരിക്കുമെന്ന് ലാന്‍സെറ്റ് ഇക്ലിനിക്കല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മിനസോട്ട സര്‍വകലാശാല, സ്വിറ്റ്സര്‍ലന്‍ഡിലെ ബേസല്‍ സര്‍വകലാശാല, കൊളംബിയ സര്‍വകലാശാല എന്നിവയിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. കോവിഡ് ചികിത്സയില്‍ ബ്ലഡ് തിന്നറുകളുടെ സ്വാധീനത്തെ കുറിച്ച് നടന്ന ലോകത്തിലെ ഏറ്റവും വലിയ ഗവേഷണമാണ് ഇത്. 18ന് മുകളില്‍ പ്രായമുള്ള 6195 രോഗികളില്‍ 2020 മാര്‍ച്ച് നാലിനും ഓഗസ്റ്റ് 27നും ഇടയിലാണ് പഠനം നടത്തിയത്. അമേരിക്കയിലെ 12 ആശുപത്രികളിലും 60 ക്ലിനിക്കുകളിലും ചികിത്സ തേടിയെത്തിയവരുടെ ഡേറ്റ ബേസ് ഇതിനായി ഉപയോഗപ്പെടുത്തി. മുന്‍പ് ഉപയോഗിച്ചിരുന്നവരുടെ കോവിഡ് മരണസാധ്യത മാത്രമല്ല ബ്ലഡ് തിന്നറുകള്‍ കുറയ്ക്കുകയെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പോലും ബ്ലഡ് തിന്നറുകളുടെ ഉപയോഗം മരണസാധ്യത പാതിയായി കുറച്ചതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മൂലം ചില രോഗികളില്‍ അസാധാരണമായ രക്തം കട്ടപിടിക്കല്‍ ഉണ്ടാകുന്നതായി ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശ്വാസകോശമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് അണുബാധയുടെ ഭാഗമായി ക്ലോട്ടുകള്‍ രൂപപ്പെടാം. ഇത് ഹൃദയാഘാതം, പക്ഷാഘാതം, അവയവ നാശം എന്നിവയിലേക്ക് നയിക്കാം. ഈ സ്ഥിതിവിശേഷം ഒഴിവാക്കാന്‍ രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

*ശുഭദിനം*
*കവിത കണ്ണന്‍*

ആ പക്ഷി ഒരു പാട് ദൂരം പറന്നുതുകൊണ്ട് ആകെ തളര്‍ന്നിരുന്നു. തളര്‍ച്ചമാറ്റാനായി പക്ഷി ഒരു മരത്തിന്റെ ചില്ലയില്‍ ഇരുന്നു. പക്ഷേ, ആ ചില്ല ഉണങ്ങി ഒടിയാറായതായിരുന്നു. ആ മരം പക്ഷിയോട് പറഞ്ഞു: ആ ചില്ലയില്‍ ഇരിക്കരുത് അത് ഉണങ്ങിയതാണ് എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞുവീഴാം. പക്ഷി മരത്തിനോട് പറഞ്ഞു: നിങ്ങളുടെ കരുതലിനും മുന്നറിയിപ്പിനും നന്ദി. പക്ഷേ, ഞാന്‍ ഇവിടെ തന്നെ ഇരുന്നുകൊള്ളാം. ഞാന്‍ വിശ്വസിക്കുന്നത് നിന്റെ ചില്ലകളിലല്ല, എന്റെ ചിറകുകളിലാണ്! എനിക്ക് ഞാനുണ്ട് എന്ന ചിന്ത അഹംഭാവത്തിന്റേതല്ല, ആത്മവിശ്വാസത്തിന്റേതാണ്. എല്ലാവരും ആത്യന്തികമായി അവനവന് വേണ്ടി തന്നെയാണ് ജീവിക്കുന്നത്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സ്വന്തം ഇഷ്ടങ്ങളും ദൗത്യങ്ങളും പൂര്‍ത്തീകരിക്കുകയാണ് എല്ലാവരും. സ്വയം നിയന്ത്രണശേഷി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടുമാണ് നേടിയെടുക്കുന്നത്. അത് നഷ്ടപ്പെടുമ്പോഴാണ് എനിക്കാരുമില്ല, ഞാന്‍ തനിച്ചാണ് എന്ന തോന്നല്‍ സംഭവിക്കുന്നത്. തളരുമ്പോഴും തകരുമ്പോഴും ആത്മവിശ്വാസം നിലനിര്‍ത്തേണ്ടതാണ്. താരമായി തിളങ്ങുമ്പോള്‍ എല്ലാവരിലും ഒരു ഊര്‍ജ്ജം കാണും. എന്നാല്‍ ഒന്ന് താളം തെറ്റിയാല്‍ പലരും പകച്ചുപോകും. അവിടെ ചിലര്‍ മാത്രമാണ് പിടിച്ചുനില്‍ക്കുക. മറ്റാരുടേയോ സഹായത്തോടെയാണ് പലരും വളരുന്നതും വലുതാകുന്നതും. എന്നാല്‍ സ്വന്തം നിലനില്‍പിന്റെ ഉത്തരവാദിത്തം മറ്റാരേയും ഏല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തളരുമ്പോള്‍ വിശ്രമിക്കാന്‍ ഒരു ചില്ലയുള്ളത് നല്ലതാണ്. പക്ഷേ, ചില്ലയുടെ ബലത്തിലും സംരക്ഷണത്തിലും അഭിരമിക്കുന്നവര്‍ അതേചില്ലയിലോ മരത്തിനുകീഴിലോ അന്ത്യവിശ്രമം കൊള്ളേണ്ടിവരും, താങ്ങിനിര്‍ത്തുന്നവര്‍ തളരുന്നില്ല, എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സംരക്ഷണമേകുന്ന ഓരോ ചില്ലയ്ക്കുമുണ്ട്. എല്ലാകാലത്തും കരവലയത്തിലുള്ളിലൊതുക്കി നിര്‍ത്തുന്നതിലല്ല, അവശ്യസമയത്ത് ആവശ്യമായ ഊര്‍ജ്ജം നല്‍കി അവരെ പറക്കാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only