16 ഒക്‌ടോബർ 2021

മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ;സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ
(VISION NEWS 16 ഒക്‌ടോബർ 2021)
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മീരാ ജാസ്മിൻ സിനിമയിലേക്ക് തിരികെയെത്തുകയാണ്. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. ജയറാം നായകനാകുന്ന ചിത്രത്തിന്റെ സെറ്റിൽ ഇന്നലെയാണ് താരം ജോയിൻ ചെയ്തത്. മീരയുടെ വരവിനെ ഏറെ ആഹ്ളാദത്തോടെ, കൈയടികളോടെയാണ് സെറ്റ് വരവേറ്റത്. സെറ്റില്‍ നിന്നുള്ള വീഡിയോ അനൂപ് സത്യന്‍ തന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

മീരയുടെ വരവ് സെറ്റിലാകെ വലിയ ആഹ്ളാദം ഉണ്ടാക്കിയെന്ന് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു- "വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ളാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്‍റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്".

'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. സംഗീതം വിഷ്‍ണു വിജയ്.

വീഡിയോ കാണാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only