29 ഒക്‌ടോബർ 2021

‘വിഡിയോ ഓൺ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’: മരിക്കും മുൻപ് മാധവി ടീച്ചർ
(VISION NEWS 29 ഒക്‌ടോബർ 2021)
കാസർകോട് : ഓൺലൈൻ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി.മാധവിയാണ് (47) മരിച്ചത്. അധ്യാപിക വീട്ടിൽ തനിച്ചായിരുന്നു. ബുധനാഴ്ച രാത്രി 8 മുതൽ ഓൺലൈൻ ക്ലാസിൽ ഉണ്ടായിരുന്നു. ഇതിനിടെ ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം’ എന്നു കുട്ടികളോടു പറഞ്ഞ്, ഹോംവർക്കും നൽകിയേശേഷം ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു.
തു‌ടർന്ന് സഹോദരന്റെ മകനായ രതീഷിനെ വിളിച്ച് സുഖമില്ലെന്നും പെട്ടെന്നു വരണമെന്നും പറഞ്ഞു. രതീഷ് എത്തിയപ്പോൾ വീടിനകത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്നാം ക്ലാസിലെ കുട്ടികൾക്കു കണക്ക് വിഷയത്തിലാണ് മാധവി ബുധനാഴ്ച ക്ലാസെടുത്തത്. ‘വിഡിയോ ഓൺ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’ എന്നു പറഞ്ഞാണ് ക്ലാസ് ആരംഭിച്ചതെന്നും അങ്ങനെ പതിവില്ലെന്നും കുട്ടികളും രക്ഷിതാക്കളും വിതുമ്പലോടെ ഓർക്കുന്നു.

ഭർത്താവ് പരേതനായ ടി.ബാബു. പരേതരായ അടുക്കൻ–മുണ്ടു ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only