25/10/2021

സൗജന്യമൊക്കെ കഴിഞ്ഞു, ഇനി സർവീസ് ചാർജും: പുതിയ നീക്കവുമായി ഫോൺ പേ
(VISION NEWS 25/10/2021)
പ്രൊസസിങ് ഫീ ഈടാക്കി യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്.

എന്നാല്‍ 50 രൂപയ്ക്ക് താഴെയുള്ള റീചാർജിന് പണം നൽകേണ്ടതില്ല. 50നും 100നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് നൽകേണ്ടത്. നിലവിൽ, യുപിഐ ഉപയോഗിച്ച് ചെയ്യുന്ന റീചാർജുകൾക്കോ ​​ബിൽ പേയ്‌മെന്റുകൾക്കോ ​​ഫീസ് ഈടാക്കുന്ന ഏക പ്ലാറ്റ്ഫോമാണ് ഫോൺപേ. ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇപ്പോഴും റീചാർജ് തുക മാത്രമാണ് ഈടാക്കുന്നത്. സേവനങ്ങൾക്കായി പ്രത്യേകം ചാർജുകളൊന്നും ഈ ടെലകോം കമ്പനികൾ ഈടാക്കുന്നില്ല.

ഏറ്റവും കൂടുതല്‍ യുപിഐ പണമിടപാടുകള്‍ നടക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫോണ്‍ പേ. സെപ്റ്റംബറില്‍ മാത്രം 165 കോടി യു.പി.ഐ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. 40 ശതമാനം മാർക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് നേരത്തെ തന്നെ നിശ്ചിത തുക ഈടാക്കി വരുന്നുണ്ട്. എന്നാല്‍ യുപിഐ ഇടപാടുകള്‍ സൗജന്യമായാണ് നടത്തിയിരുന്നത്.

ഡിജിറ്റല്‍ പേമെൻറ് മാര്‍ഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ആപ്പുകളാണ് ഗൂഗിള്‍ പേയും ഫോണ്‍ പേയും. ഓണ്‍ലൈന്‍ ഇ- കൊമേഴ്‌സ് വമ്പനായ ഫ്‌ളിപ്കാര്‍ട്ടാണ് ഫോണ്‍പേയ്ക്കു പിന്നിലുള്ളത്. ക്യാഷ്ബാക്ക് അടക്കമുള്ള ഓഫറുകളാണ് ഉപയോക്താക്കളെയും മറ്റും ഫോണ്‍പേ പോലുള്ള ആപ്പുകളിലേക്ക് ആകര്‍ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only