20 ഒക്‌ടോബർ 2021

ഉരുൾപൊട്ടൽ സാധ്യത; കോഴിക്കോട്ടും ജാഗ്രത നിർദ്ദേശം
(VISION NEWS 20 ഒക്‌ടോബർ 2021)
കോഴിക്കോട്ടും ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ച് കളക്ടർ. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ കളക്ടർ നിർദേശം നൽകി. കൊടിയത്തൂർ, കുമാരനല്ലൂർ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ഉള്ളത്. കൊയിലാണ്ടി താലൂക്കിൽ 31 ക്യാമ്പുകൾ സജ്ജമാക്കിയിരിക്കുന്നു. താമരശ്ശേരിയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ച് പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതയ്ക്കുന്ന സാഹചര്യമുണ്ട്. ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only