16/10/2021

പ്രതികൂല കാലാവസ്ഥ; വ്യോമസേന കോട്ടയത്തേക്ക് എത്താന്‍ വൈകും
(VISION NEWS 16/10/2021)
കോട്ടയത്തെ കാലാവസ്ഥ മോശമായതിനാല്‍ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്ന് അറിയിപ്പ്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന ആസ്ഥാനത്ത് സജ്ജമായി നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 25 ജീവനക്കാര്‍ 10 റബ്ബര്‍ ഡിങ്കികളുമായി പുറപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയാണ് കോട്ടയം. മഴ തുടരുന്നതിനാല്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ശക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയില്‍ കാണാതായ12 പേരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. അമ്പതോളം പേരെ മാറ്റി പാര്‍പ്പിച്ചു. കാണാതായ 12 പേര്‍ക്കായി രാത്രിയും തെരച്ചില്‍ തുടരും. കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

മുണ്ടക്കയം- എരുമേലി ക്രോസ് വേ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കാഞ്ഞിരിപ്പള്ളി ടൗണിലും വെള്ളം കയറി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം മാറ്റുകയാണ്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി കരസേനയെ വിന്യസിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only