30/10/2021

ആദ്യകാല സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു
(VISION NEWS 30/10/2021)ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു.86 വയസ്സായിരുന്നു.അന്‍പതില്‍പരം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മണിക്ക് 'ക്രോസ്‌ബെല്‍റ്റ് ' എന്ന വിശേഷണം നല്‍കിയത്. ഫോട്ടോഗ്രാഫിയിലുള്ള താല്‍പര്യമാണ് വേലായുധന്‍ നായരെ സിനിമയില്‍ എത്തിച്ചത്. 1956 മുതല്‍ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. 1961-ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത 'കാല്‍പ്പാടുകളി'ലൂടെ സ്വതന്ത്ര ക്യാമറാമാനായി. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ഇത്. പിന്നീട് ശശികുമാറിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 1967-ല്‍ പുറത്തിറങ്ങിയ 'മിടുമിടുക്കി'യാണ് ക്രോസ്‌ബെല്‍റ്റ് മണി സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ സിനിമ. രണ്ടാമത്തെ സിനിമയാണ് ' ക്രോസ്‌ബെല്‍റ്റ് '.

പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികള്‍ സിനിമയാക്കാനാണ് ആദ്യ കാലത്ത് ക്രോസ്‌ബെല്‍റ്റ് മണി ശ്രദ്ധിച്ചിരുന്നത്. എന്‍.എന്‍ പിള്ളയുടെ തന്നെ 'കാലാപിക', എസ്.കെ പൊറ്റക്കാടിന്റെ 'നാടന്‍പ്രേമം', കടവൂര്‍ ചന്ദ്രന്‍പിള്ളയുടെ 'പുത്രകാമേഷ്ടി', കാക്കനാടന്‍ തിരക്കഥ എഴുതിയ 'വെളിച്ചം അകലെ', കാക്കനാടനും നാഗവള്ളി ആര്‍.എസ് കുറുപ്പും ചേര്‍ന്നെഴുതിയ 'നീതിപീഠം', തോപ്പില്‍ ഭാസി എഴുതിയ 'മനുഷ്യബന്ധങ്ങള്‍' തുടങ്ങിയവയാണ് ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത സാഹിത്യപ്രചോദിതമായ സിനിമകള്‍.
 
 പിന്നീട് ക്രോസ്‌ബെല്‍റ്റ് മണി ട്രാക്കുമാറി. ഏറെയും ആക്ഷന്‍ സിനിമകളാണ് സംവിധാനം ചെയ്തത്. സംഘട്ടന രംഗങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിക്കുക ഒരു ഹരമായിരുന്നു ക്രോസ്‌ബെല്‍റ്റ് മണിക്ക്. 'ബ്ലാക്ക്മയില്‍', ' പെണ്‍പുലി', ' പെണ്‍സിംഹം', ' പെണ്‍പട', 'പട്ടാളം ജനകി', ' ഈറ്റപ്പുലി', ' റിവെഞ്ച് ', ' തിമിംഗലം', 'ബുള്ളറ്റ് '..... ഇതിനിടെ ചെയ്ത രണ്ടു വ്യത്യസ്ത സിനിമകളാണ് 'നാരദന്‍ കേരളത്തിലും' ' ദേവദാസും'.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only