30 ഒക്‌ടോബർ 2021

സെമ്‌നയും അലക്‌സയും വിരമിച്ചു; ബാഗേജ് മണക്കാൻ ഇനിയില്ല
(VISION NEWS 30 ഒക്‌ടോബർ 2021)
കൊച്ചി : മയക്കുമരുന്നും മറ്റും മണത്ത് കണ്ടുപിടിച്ച് കസ്റ്റംസിനെ സഹായിച്ചിരുന്ന രണ്ട് നായകൾ സർവീസിൽനിന്നു വിരമിച്ചു. കസ്റ്റംസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സെമ്ന, അലക്സ എന്നീ ശ്വാന സേനാംഗങ്ങളാണ് ഒമ്പത് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചത്. വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തിൽ ഇവർക്കായി യാത്രയയപ്പ് സമ്മേളനം നടന്നു.

കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫ്, എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, സി.ഐ.എസ്.എഫ്. ഡെപ്യൂട്ടി കമാൻഡന്റ് എം.ജെ. പ്രേം, സിയാൽ ജനറൽ മാനേജർ ദിനേശ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. സെമ്നയ്ക്കും അലക്സയ്ക്കും പകരം നിക്സിയും ജാനോയും ആയിരിക്കും ഇനി കസ്റ്റംസിനു വേണ്ടി മണം പിടിച്ച് മയക്കുമരുന്നും മറ്റും കണ്ടെത്തുക.


പ്രത്യേകം പരിശീലനം നേടിയ നായകളാണിവർ. നിരവധി മയക്കുമരുന്ന് കേസുകൾ പിടികൂടാൻ കസ്റ്റംസിനെ സഹായിച്ചിട്ടുള്ള നായയാണ് സെമ്ന. സേവന മികവ് കണക്കിലെടുത്ത് സെമ്നയ്ക്ക് ത്രീ സ്റ്റാർ നൽകി. അലക്സയ്ക്ക് ഒരു സ്റ്റാറും. സർവീസിൽനിന്നു വിരമിച്ചതിനാൽ പരിചരിച്ചവർ തന്നെ ഇവരെ ഏറ്റെടുത്തു. കൊച്ചി വിമാനത്താവളത്തിൽ ശീതീകരിച്ച കൂട്ടിൽ രാജകീയമായാണ് ഇവരെ താമസിപ്പിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only