06/10/2021

പാത്തുവിന്റെ ആ​ഗ്രഹം സാധിച്ച് ഫിറു..ലോകത്ത് ആദ്യമായി മഹറായി ഒരു വീൽ ചെയർ!!
(VISION NEWS 06/10/2021)
പ്രതിസന്ധിയിൽ തളരാതെ ചുറ്റുമുള്ളവരിൽ പോസിറ്റീവ് എനർജി നിറക്കുന്നയാളാണ് ഡോക്ടർ ഫാത്തിമ അസ്​ല. എല്ലുകൾ പൊടിയുന്ന അപൂർവ രോഗം സൃഷ്ടിച്ച പ്രശ്നങ്ങൾ മറികടന്ന്, വേദനകളുടെ വർഷങ്ങളും കടന്ന് ലോകത്തെ നോക്കി നിറഞ്ഞ് ചിരിക്കുന്നവൾ. വിവാഹിതയായെന്ന സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസം അസ്​ല പങ്കുവെച്ചത്. ഒപ്പം ഹൃദയഹാരിയായ ഒരു കുറിപ്പും അസ്​ല പങ്കുവെച്ചു.തന്റെ വിവാഹത്തിന് ലഭിച്ച മഹറിനെ പറ്റിയാണ് ഫാത്തിമയുടെ കുറിപ്പ്. വീൽചെയറാണ് ഫാത്തിമക്ക് വരൻ മഹറായി നൽകിയത്.

അസ്​ലയുടെ കുറിപ്പ് ഇങ്ങനെ

 ‘വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു. ഒരു പക്ഷേ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്. അത്‌ മഹറായി തരുമ്പോൾ അത്‌ എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്, ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്.വീൽചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ്. മാറി വരുന്ന ചിന്തകളുടെ, മാറേണ്ട കാഴ്ച്ചപ്പാടുകളുടെ, മാറ്റങ്ങളുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ അടയാളമാവട്ടെ ഈ മഹർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only