23 ഒക്‌ടോബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 23 ഒക്‌ടോബർ 2021)🔳ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സിഖ്, ജാട്ട് സമുദായങ്ങളെ ബി.ജെ.പി.യില്‍നിന്ന് അകറ്റരുതെന്ന് ആര്‍.എസ്.എസ്. ലഖിംപുര്‍ഖേരി സംഭവം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും കര്‍ഷകസമരമുണ്ടാക്കുന്ന ആഘാതം മയപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകരോട് സംവദിക്കാന്‍ പുതിയ പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി.യോട് ആവശ്യപ്പെട്ടു.

🔳ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം അന്വേഷിക്കുന്ന ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റി. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് തന്നെയാണെന്നും പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന്റെ സ്ഥലംമാറ്റമെന്നും യുപി പോലീസ് പ്രതികരിച്ചു.

🔳മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരിലെത്തും. കശ്മീരില്‍ തുടര്‍ച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം.

🔳സി.ബി.ഐ. അന്വേഷണത്തിന് അനുമതിനല്‍കില്ലെന്ന് പൊതുവായ ഉത്തരവിറക്കാനോ നേരത്തേ നല്‍കിയ അനുമതി പിന്‍വലിക്കാനോ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണാധികാരമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഓരോ കേസും വെവ്വേറെ പരിശോധിച്ച് വിശാലമായ പൊതുതാത്പര്യം നോക്കിയാകണം തീരുമാനം. ഏതെങ്കിലും പ്രതിയെ സംരക്ഷിക്കാനോ രാഷ്ട്രീയതാത്പര്യം നോക്കിയോ സി.ബി.ഐ അന്വേഷണാനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘര്‍ഷത്തിലെ കുറ്റകൃത്യങ്ങളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കേന്ദ്രം മറുപടി ഫയല്‍ചെയ്തത്.

🔳സിവില്‍ സര്‍വീസുകാര്‍ക്ക് ഇഷ്ടമുള്ള കേഡറോ ജോലിസ്ഥലമോ ആവശ്യപ്പെടാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി. ഹിമാചല്‍പ്രദേശില്‍ പോസ്റ്റ് ചെയ്യപ്പെട്ട മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥ എ. ഷൈനമോളെ കേരള കേഡറിലേക്ക് മാറ്റണമെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവാണ് നിലപാട് വ്യക്തമാക്കിയത്. സില്‍വര്‍ ലെയിന്‍ പദ്ധതിക്കായി 33,700 കോടി രൂപ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. 63,941 കോടി രൂപയാണ് സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന് മാത്രമായി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അറിയിച്ചു.


🔳പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിന് 50,000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50,000 ടണ്‍ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. ദില്ലിയില്‍ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കേരളത്തിന് കൂടുതല്‍ അരി അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയത്.

🔳ബി.ജെ.പി.യെ ചെറുക്കാന്‍ കൂടുതല്‍ കരുത്തുറ്റ ഐക്യനിരവേണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ആവശ്യം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരടു രാഷ്ട്രീയപ്രമേയം തയ്യാറാക്കാനുള്ള യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. എന്നാല്‍, ബി.ജെ.പി.വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കും യോഗം സാക്ഷ്യംവഹിച്ചു.

🔳ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പാര്‍ലമെന്ററി അടവുനയത്തില്‍ പുനരാലോചന നടത്തേണ്ട രാഷ്ട്രീയസാഹചര്യമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന വാദമുഖങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബി.ജെ.പി.ക്കു ബദലമായി കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. ബി.ജെ.പി.വിരുദ്ധ ചേരിയുടെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസിനെ പ്രതിഷ്ഠിക്കാനാവില്ലെന്നും പലപ്പോഴും മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ ബി.ജെ.പി.വിരുദ്ധ ചേരിയില്‍ കക്ഷിയായി ചേര്‍ക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 16,291 കോവിഡ് രോഗികളില്‍ 9,361 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 666 മരണങ്ങളില്‍ 563 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,67,427 സജീവരോഗികളില്‍ 80,961 രോഗികള്‍ കേരളത്തിലാണുള്ളത്.

🔳എം ജി സര്‍വ്വകലാശാല സെനറ്റ് - സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ അക്രമം നടത്തിയെന്ന എഐഎസ്എഫ് ആരോപണം തള്ളി എസ്എഫ്ഐ. ഇരവാദം ഉണ്ടാക്കാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. സഹതാപം പിടിച്ചു പറ്റാനാണ് അവര്‍ ആരോപണം ഉന്നയിക്കുന്നതെന്നും എസ്എഫ്ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

🔳എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗര്‍ പൊലീസാണ് കേസെടുത്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി എ, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ആയ കെ എം അരുണ്‍, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

🔳പ്രതിഷേധം ഫലംകണ്ടു, നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്എഫ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമായിരുന്നു സുധയുടെ ആവശ്യം. സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്തുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥ സുധ ചന്ദ്രനോട് അങ്ങനെ ആവശ്യപ്പെട്ടതെന്ന് പരിശോധിക്കുമെന്നും സിഐഎസ്എഫ് കൂട്ടിച്ചേര്‍ത്തു.

🔳തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പെടുത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പേരൂര്‍ക്കട പൊലീസ്, സിറ്റി പൊലീസ് കമ്മീഷണര്‍, ഡിജിപി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ സുനന്ദ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. സംഭവത്തില്‍ ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഫിലിപ്പ് പാറക്കാട്ടിന്റേതാണ് നടപടി.

🔳കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.

🔳ആലുവ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. കണ്‍വീനറും മുതിര്‍ന്ന എന്‍.സി.പി. നേതാവുമായ കെ.എം. കുഞ്ഞുമോന്‍ കോണ്‍ഗ്രസിലേക്ക്. എന്‍.സി.പിയിലെ എല്ലാ സ്ഥാനങ്ങളും എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും രാജിവെക്കുകയാണെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഞായറാഴ്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും എന്‍.സി.പിയുടെ ജില്ലയിലെ ഭാരവാഹികളും പോഷകസംഘടനാ നേതാക്കളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ തന്നോടൊപ്പമുണ്ടാകുമെന്നും കുഞ്ഞുമോന്‍ കൂട്ടിച്ചേര്‍ത്തു.

🔳സംസ്ഥാനത്തെ കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഈ മാസം 26ന് നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 18 ന് നടത്തേണ്ട പരീക്ഷയായിരുന്നു കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ചത്. പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഹയര്‍ സെക്കണ്ടറി വകുപ്പ് അറിയിച്ചു.

🔳ആര്യന്‍ ഖാന് നിരോധിത ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയെന്ന ആരോപണം നിഷേധിച്ച് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനായി വിളിപ്പിച്ച നടി അനന്യ പാണ്ഡെ. ചോദ്യം ചെയ്യലില്‍ നടി ഇക്കാര്യങ്ങള്‍ നിഷേധിച്ചതായി എന്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

🔳ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരേ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ജനങ്ങള്‍ സ്വന്തം നിലയ്ക്ക് എല്ലാം ചെയ്യാനാണെങ്കില്‍ പിന്നെ സര്‍ക്കാര്‍ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കരിമ്പ് കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരേയും ലഖിംപുര്‍ വിഷയത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ രംഗത്തുവന്ന വരുണ്‍ ഗാന്ധി പ്രളയ ബാധിതര്‍ക്ക് വേണ്ടിയാണ് ഇത്തവണ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തേരേ മേഖലയിലെ പ്രളയക്കെടുതിയിലായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നില്ലെന്നാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം.

🔳മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും പുറത്തിറക്കി. പാക് വനിതയായ അറൂസ ആലവും അമരീന്ദറും തമ്മിലുള്ള സൗഹൃദമാണ് അന്വേഷിക്കുന്നത്. അറൂസയ്ക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധവും അന്വേഷിക്കും. ഐ.എസ്.ഐയില്‍ നിന്ന് ഭീഷണിയുള്ളതായി അമരീന്ദര്‍ പറയുന്നു, സര്‍ക്കാര്‍ അത് ഗൗരവമായി തന്നെ അന്വേഷിക്കുമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു.

🔳സംസ്ഥാന നേതാക്കള്‍ നോക്കി നില്‍ക്കെ ബംഗാള്‍ ബിജെപി യോഗത്തില്‍ കയ്യാങ്കളി. രണ്ട് ചേരിയായി തിരിഞ്ഞ പ്രവര്‍ത്തകര്‍ അടിക്കുകയും കസേരകൊണ്ട് പരസ്പരം എറിയുകയും ചെയ്തു. പശ്ചം ബര്‍ധമാനിലെ കട്ട്വയിലായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സുഗന്ധ മജുംദാറും മുതിര്‍ന്ന നേതാവ് ദിലിപ് ഘോഷും നോക്കി നില്‍ക്കെ കയ്യാങ്കളി നടന്നത്. സംഭവം പൊലിപ്പിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണ് പ്രശ്‌നത്തിന് പിന്നിലെന്നും പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകുമെന്നും മജുംദാറും ദിലിപ് ഘോഷും മാധ്യമങ്ങളോട് പറഞ്ഞു.

🔳വാട്സ്ആപ്പിനെതിരെ കടുത്ത നിലപാടെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ബിസിനസ് പ്ലേസ് ഇല്ലാത്ത കമ്പനിയെന്ന നിലയില്‍ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ കമ്പനിക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ദില്ലി ഹൈക്കോടതിയിലാണ് കമ്പനിയും കേന്ദ്രവുമായുള്ള നിയമപോരാട്ടം നടക്കുന്നത്. നിയമത്തിലെ ചട്ടം എന്റ് ടു എന്റ് എന്‍സ്‌ക്രിപ്ഷന് എതിരല്ലെന്നും ഒരു വിവരത്തിന്റെ ഉദ്ഭവം അറിയാനുള്ളതാണെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നേരത്തെ തന്നെ എന്റ് ടു എന്റ് എന്‍ഡ്ക്രിപ്ഷന്‍ ഒഴിവാക്കില്ലെന്ന് നിലപാടെടുത്തിരുന്നു. നിലവില്‍ ഇന്ത്യയാണ് വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി. 40 കോടി പേരാണ് രാജ്യത്ത് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.

🔳പടിഞ്ഞാറന്‍ റഷ്യയിലെ റ്യാസന്‍ പ്രവിശ്യയില്‍ ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 16 പേര്‍ മരിച്ചെന്ന് ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒമ്പത് പേരെ കാണാനില്ല. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സാങ്കേതിക തകരാര്‍ മൂലമാണ് പൊട്ടിത്തെറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳സിറിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീയുമായി ബന്ധപ്പെട്ട്, കാടിന് തീയിട്ടുവെന്ന കേസില്‍ 24 പേരെ പൊതുസ്ഥലത്തു വെച്ച് തൂക്കിക്കൊന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ മൂന്ന് പേരുടെ മരണത്തിനും ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി കത്തിനശിക്കാനും ഇടയാക്കിയ കാട്ടുതീയുമായി ബന്ധപ്പെട്ടാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സിറിയന്‍ നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവരുടെ വിശദവിവരങ്ങളോ എവിടെ വെച്ചാണ് ശിക്ഷ നടപ്പാക്കിയെതന്നോ പുറത്തുവന്നിട്ടില്ല.

🔳ചൈനയ്‌ക്കെതിരായ തായ്‌വാന്‍ന്റെ പ്രതിരോധത്തിന് അമേരിക്ക രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വിഷയത്തില്‍ ദീര്‍ഘകാലമായി അമേരിക്ക തുടര്‍ന്നുവന്നിരുന്ന 'തന്ത്രപരമായ മൗനം' നീക്കിയാണ് ചൈനയില്‍ നിന്ന് തായ്വാനെ സംരക്ഷിക്കാന്‍ അമേരിക്ക രംഗത്തിറങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബൈഡന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധവുമായി ചൈന രംഗത്തെത്തി. തായ്വാന്‍ വിഷയത്തില്‍ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകള്‍ നടത്തണമെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് അമേരിക്ക-ചൈന ബന്ധത്തെയും തായ്വാന്‍ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.

🔳രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന വാര്‍ത്തക്ക് വിശദീകരണവുമായി ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി. രവി ശാസ്ത്രിയുടെ പിന്‍ഗാമിയാകാന്‍ ദ്രാവിഡ് സമ്മതിച്ചതായി സ്ഥിരീകരണമില്ലെന്നും നേരത്തെ തന്നെ ദ്രാവിഡ് ഈ സ്ഥാനത്തില്‍ താത്പര്യമില്ലെന്ന് പറഞ്ഞതാണെന്നും ഇപ്പോഴും അതേ സ്ഥിതി തന്നെ തുടരുകയാണെന്നും ഗാംഗുലി വ്യക്തമാക്കി.

🔳ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മാറ്റിവെച്ച അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ കാര്യത്തിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. മാറ്റിവെച്ച മത്സരം അടുത്ത വര്‍ഷം ജൂലായ് ഒന്നിന് നടത്തുമെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ മത്സരം നടത്തുന്നതില്‍ ഇന്ത്യന്‍ ടീം വിമുഖത അറിയിക്കുകയായിരുന്നു. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്.

🔳ട്വന്റി-20 ലോകകപ്പില്‍ കളിക്കുന്ന ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് ആയ മുന്‍താരം മഹേല ജയവര്‍ധന ഇനി ടീമിനൊപ്പമുണ്ടാകില്ല. ലോകകപ്പിലെ ബയോ ബബ്ള്‍ സംവിധാനം മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജയവര്‍ധന ടീം വിട്ടത്. മകളെ കണ്ടിട്ട് 135 ദിവസമായെന്നും അച്ഛനെന്ന നിലയില്‍ ഇത്രയും ദിവസങ്ങള്‍ മകളെ കാണാതിരിക്കാനാകില്ലെന്നും ജയര്‍വധന പറയുന്നു.
  
🔳ടി20 ലോകകപ്പിലെ നിര്‍ണായക യോഗ്യതാ പോരാട്ടത്തില്‍ കരുത്തരായ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് കീഴടക്കി നമീബിയ സൂപ്പര്‍ 12 പോരാട്ടത്തിന് യോഗ്യത നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തപ്പോള്‍ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നമീബിയ ലക്ഷ്യത്തിലെത്തി.

🔳ടി20 ലോകകപ്പിലെ യോഗ്യതാ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ വമ്പന്‍ ജയവുമായി സൂപ്പര്‍ 12ല്‍ കടന്ന് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സിനെ വെറും 44 റണ്‍സിന് പുറത്താക്കിയ ശ്രീലങ്ക 7.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. 11 റണ്‍സെടുത്ത കോളിന്‍ അക്കര്‍മാന്‍ മാത്രമാണ് നെതര്‍ലന്‍ഡ്സ് ടീമില്‍ രണ്ടക്കം കടന്ന ഒരേയൊരു ബാറ്റര്‍.

🔳കേരളത്തില്‍ ഇന്നലെ 80,393 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9012 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9401 പേര്‍ രോഗമുക്തി നേടി. ഇതോടെ 80,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.2 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 47.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസര്‍ഗോഡ് 171.

🔳രാജ്യത്ത് ഇന്നലെ 16,291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 17,617 പേര്‍ രോഗമുക്തി നേടി. മരണം 666. ഇതോടെ ആകെ മരണം 4,53,742 ആയി. ഇതുവരെ 3,41,58,772 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.67 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,632 പേര്‍ക്കും തമിഴ്നാട്ടില്‍ 1,151 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,27,501 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 66,605 പേര്‍ക്കും ഇംഗ്ലണ്ടില്‍ 49,298 പേര്‍ക്കും റഷ്യയില്‍ 37,141 പേര്‍ക്കും തുര്‍ക്കിയില്‍ 28,192 പേര്‍ക്കും ഉക്രെയിനില്‍ 23,785 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.36 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,171 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1434 പേരും റഷ്യയില്‍ 1064 പേരും ബ്രസീലില്‍ 375 പേരും മെക്സിക്കോയില്‍ 322 പേരും ഉക്രെയിനില്‍ 614 പേരും റൊമാനിയയില്‍ 356 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.52 ലക്ഷം.

🔳ഇ-കൊമേഴ്സ് മേഖലയില്‍ അടുത്തയിടെ പ്രശസ്തമായ മീഷോയില്‍ ഗൂഗിള്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കും. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം സമാഹരിക്കുന്നത്. 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ ഇതിനകം മീഷോക്ക് കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക്, സോഫ്റ്റ്ബാങ്ക്, സെക്വേയ ക്യാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനകം മീഷോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഏപ്രിലില്‍ 2,200 കോടിയിലേറെ രൂപയുടെ നിക്ഷേപം മീഷോ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 2.1 ബില്യണ്‍ ഡോളറായി.

🔳ഫെഡറല്‍ ബാങ്കിന് ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 488 കോടി രൂപ അറ്റലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 315.70 കോടി രൂപയായിരുന്നു. അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ മൊത്തവരുമാനത്തില്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4.013.46 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തിലെ മൊത്തവരുമാനം. തൊട്ടുമുന്‍വര്‍ഷം ഇതേ കാലയളവില്‍ 4,071.35 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത കിട്ടാക്കടം 3.22 ശതമാനമായും അറ്റ കിട്ടാക്കടം 1.15 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.

🔳നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന 'കനകം കാമിനി കലഹം' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ്. തീര്‍ത്തും ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്നതാണ് ട്രെയ്‌ലര്‍.

🔳ജോജു ജോര്‍ജ് നായകനാകുന്ന 'പീസ്' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. കാര്‍ലോസ് സിന്‍സ് 1977 എന്ന് ആലേഖനം ചെയ്ത പോസ്റ്ററാണ് ജോജുവിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയത്. സന്‍ഫീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ ത്രില്ലറായാണ് എത്തുന്നത്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ പുതിയ എസ്90, എക്സ് സി60 എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ മോഡലുകളുടെ പെട്രോള്‍ ഹൈബ്രിഡ് മോഡലുകള്‍ ആണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയത്. ഇരു മോഡലുകള്‍ക്കും 61.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

🔳'ജൂതഭാരതം' എന്ന പുസ്തകം ഡോ. അബ്രഹാം ബെന്‍ഹര്‍ എഴുതികൊണ്ടിരിക്കുന്ന മഹാജനപഥം എന്ന പുസ്തകത്തിന്റെ ആദ്യഭാഗമാണ്. ഇസ്രയേലില്‍ നിന്ന് പുറപ്പെട്ട് ബാബിലോണും പേര്‍ഷ്യയും അഫ്ഗാനിസ്ഥാനും ബലൂചിസ്ഥാനും കടന്ന് ഗുജറാത്ത് മഹാരാഷ്ട്ര കര്‍ണ്ണാടക വയനാട് കോയമ്പത്തൂര്‍ വഴി കേരളതീരത്ത് വന്നു ചേര്‍ന്ന ഏതാനും ജൂതന്‍മാര്‍. ഡിസി ബുക്സ്. വില 408 രൂപ.

🔳എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. പ്രധാനമായി മൂന്ന് തരം കൊഴുപ്പുകളുണ്ട്. പൂരിത കൊഴുപ്പുകള്‍ (സാച്ചുറേറ്റഡ് ഫാറ്റ്), അപൂരിത കൊഴുപ്പുകള്‍ (മോണോസാച്ചുറേറ്റഡ് ഫാറ്റും പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റും) ട്രാന്‍സ് ഫാറ്റ് എന്നിവ. പൂരിത കൊഴുപ്പിനെ 'മോശം കൊഴുപ്പ്' എന്നും വിളിക്കുന്നു. പൂരിത കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ചില കൊഴുപ്പുകള്‍ ശരീരത്തിന് ദോഷം ചെയ്യുന്നില്ലെങ്കിലും ശരീരത്തിന് നല്ല ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പോലുള്ള ആരോഗ്യകരമായ ഘടകങ്ങള്‍ നല്‍കുന്നു. വാള്‍നട്ടില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. വാള്‍നട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഹൃദയത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. അവോക്കാഡോയിലെ കൊഴുപ്പ് ശരീരത്തിന് നല്ലതാണ്, ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഹൃദ്രോ?ഗ സാധ്യത കുറയ്ക്കാനും അവോക്കാഡോ മികച്ചതാണ്. എള്ളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോ?ഗികള്‍ ദിവസവും അല്‍പം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. സാല്‍മണ്‍, ട്യൂണ എന്നിവയില്‍ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാന്‍ ഫാറ്റി ഫിഷ് സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ ആരോഗ്യകരമായ അളവില്‍ നല്ല കൊഴുപ്പ് ഉണ്ട്. മാത്രമല്ല ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ മകനെയും കൊണ്ട് രാജാവ് ഗുരുവിന്റെ അടുത്തെത്തി. മകന്‍ വളരെ മിടുക്കനാണെന്നും അതുകൊണ്ട് തന്നെ ഗുരുവിനറിയുന്ന എല്ലാവിദ്യകളും മകനെ ഒരുമിച്ചു പഠിപ്പിക്കണമെന്നതായിരുന്നു രാജാവിന്റെ ആവശ്യം. ഗുരു പറഞ്ഞു: ഇവിടത്തെ രീതി വ്യത്യസ്തമാണ്. ഏതു വിദ്യയാണോ ഒരാള്‍ക്ക് കൂടുതല്‍ വഴങ്ങുന്നത് അതില്‍ അയാള്‍ക്ക് പരിശീലനം നല്‍കി മിടുക്കനാക്കുക. ഈ മറുപടി രാജാവിന് തീരെ ഇഷ്ടമായില്ല. അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചു. ഗുരു മകനോട് പറഞ്ഞു. അവിടെ ഓടിക്കളിക്കുന്ന നാല് മുയലിനെയും പിടിച്ചുകൊണ്ടുവരിക എന്ന്. കുറെ നേരം ശ്രമിച്ചെങ്കിലും അവനതിന് സാധിച്ചില്ല. അപ്പോള്‍ ഗുരു പറഞ്ഞു: അതില്‍ ഒരു മുയലിനെ മാത്രം പിടിച്ചുകൊണ്ടുവരിക. അപ്പോള്‍ കുട്ടി വളരെ വേഗം തന്നെ ഒരു മുയലിനെ പിടിച്ചു. ഗുരു രാജാവിനോട് പറഞ്ഞു: ഇതു കൊണ്ടാണ് വിദ്യയും ഒന്നുമതി എന്ന് പറഞ്ഞത്. പലതിലെ മേന്മയേക്കാള്‍ ഒന്നിലെ വൈദഗ്ദ്യമാണ് പ്രതിഭ. എല്ലാറ്റിലും ഒരുപോലെ വൈശിഷ്ട്യം പുലര്‍ത്താന്‍ ആര്‍ക്കാണ് കഴിയുക. എല്ലാ വിഷയങ്ങള്‍ക്കും ഒരുപോലെ മികവ് തെളിയിക്കുന്നവര്‍ക്ക് മാത്രമാണ് അംഗീകാരത്തിന് അര്‍ഹത എന്ന വിദ്യാലയ സമ്പ്രദായം പോലും ഒരാളുടെ തനതു മികവിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകുന്നില്ലേ.. പിറകില്‍ നില്‍ക്കുന്ന മേഖലകള്‍ക്കു വേണ്ടിയുള്ള പരിഹാര കര്‍മ്മങ്ങള്‍ക്കു ചെലവഴിക്കുന്നതിന്റെ പാതി സമയവും പണവും മതി മുന്നില്‍ നില്‍ക്കുന്ന മേഖലകളിലെ വിദഗ്ധപരിശീലനത്തിന്. ആരും എല്ലാ കാര്യങ്ങളും ഒരുപോലെ ചെയ്യാന്‍ ജന്മമെടുത്തവരല്ല. എല്ലാവര്‍ക്കും തനതായ നിയോഗങ്ങളുണ്ടാകും. അത് കണ്ടെത്താനും അതിലേക്ക് വഴിനടക്കാനും കഴിയുന്നവര്‍ക്ക് വിജയത്തിലേക്കുള്ള വഴി എളുപ്പമാവുക തന്നെ ചെയ്യും - ശുഭദിനം

⛔🗞️⛔🗞️⛔🗞️⛔🗞️⛔🗞️⛔🗞️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only