👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 ഒക്‌ടോബർ 2021

സൂക്ഷിക്കുക ചെറിയൊരു അശ്രദ്ധ മതി, അടിച്ചുമാറ്റുന്നത് ലക്ഷങ്ങളാകും!
(VISION NEWS 04 ഒക്‌ടോബർ 2021)മൊബൈൽ ഫോണുകളും യു പി ഐ അധിഷ്ഠിത ആപ്പുകളും ജനകീയമായതോടെ ഓൺലൈനിലും ഓഫ് ലൈനിലും മോന്‍സൺമാരുടെ തട്ടിപ്പുകളുടെ എണ്ണം കൂടിവരികയാണ്. ഒരു പഴുതടച്ചാൽ ഉടൻ തന്നെ അവർ അടുത്ത വഴി കണ്ടെത്തും. ഇത്രയും നാളും വീട് കുത്തിത്തുറന്നും, ഭീഷിണിപ്പെടുത്തിയും പണമുണ്ടാക്കിയ രീതി കള്ളന്മാർ കാലത്തിനനുസരിച്ച് ഒന്ന് മാറ്റിപിടിച്ചു. ഓൺലൈൻ ഉപഭോക്താക്കളുടെ അശ്രദ്ധയിൽ നിന്നും ലക്ഷങ്ങൾ മിനിറ്റുകൾക്കുള്ളിൽ അടിച്ചുമാറ്റാൻ സാധിക്കും എന്ന സ്ഥിതിയാണിപ്പോൾ. 

 • വളരെ എളുപ്പത്തിൽ മൊബൈൽ ഫോൺ സ്ക്രീനുകൾ തെന്നിമാറുന്നതിനാൽ, ഏതെങ്കിലും, കള്ള ലിങ്കുകളിൽ തൊട്ടാൽ അറിയാതെ 'യെസ് ' അടിച്ച് ഒ ടി പി കൊടുക്കൽ നിമിഷത്തിനുള്ളിൽ തീരും. ഇതാണ് കള്ളന്മാർക്കുള്ള ഏറ്റവും വലിയ സൗകര്യവും 


 • കടകളിൽനിന്നും സാധനങ്ങൾ വാങ്ങിയശേഷം ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കടയുടമസ്ഥന്റെ അഭാവത്തിൽ ജോലിക്കാർ തങ്ങളുടെ അക്കൗണ്ടിലേക്കു പണം എത്തുന്ന രീതിയിൽ ക്യു ആർ കോഡുകൾ മാറ്റി വെക്കുന്ന തട്ടിപ്പും വ്യാപകമാണ്. അതിനാൽത്തന്നെ സാധനങ്ങൾ വാങ്ങിയശേഷം ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിനുമുമ്പ് കടയിലെ ഉടമസ്ഥനോട് ചോദിച്ചു ഉറപ്പു വരുത്തിയശേഷം മാത്രം ചെയ്യുക. ബിഗ്‌ബാസ്‌ക്കറ്റ്, ആമസോൺ, ഫ്‌ളിപ്‌കാർട്ട് തുടങ്ങിയ സൈറ്റുകളിൽ കൊടുക്കുന്ന കാർഡ് വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പു നടത്തുന്നവരുമുണ്ട്.


 • വ്യാജ ഓൺലൈൻ കടകളുടെ പേരിലാണ് മറ്റൊരുതരം തട്ടിപ്പു നടക്കുന്നത്. വളരെ ആകർഷകമായ സാധനങ്ങൾ വിൽക്കാനുണ്ടെന്നു കാണിച്ചശേഷം കാർഡ് വിവരങ്ങൾ മനസ്സിലാക്കിയുള്ള തട്ടിപ്പാണ് നടത്തുക. 


 • മുഖ്യമന്ത്രിയുടെയോ, പ്രധാനമന്ത്രിയുടെയോ ഫണ്ടുകളിലേക്കുള്ള അപേക്ഷകൾക്ക് സമാനമായി ലിങ്കുകൾ ഉണ്ടാക്കി പറ്റിക്കുന്നത് വ്യാപകമാണ്. ലിങ്കുകളിൽ അമർത്തുന്നതിനു മുൻപ് കണ്ണ് മാത്രമല്ല മനസ്സും തുറന്നു ഇരുത്തി വായിച്ചതിനുശേഷം മാത്രം പണം കൈമാറ്റം ചെയ്യുന്നതിലേക്കു കടക്കുക. 


 • ബാങ്കുകളുടേതു പോലുള്ള സമാനമായ വെബ്സൈറ്റുകളിലൂടെയും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ കണ്ടാൽ, icicibank എന്നുള്ളതിന് പകരം ഒരു i കുറവാണെങ്കിലും കുഴപ്പമില്ല എന്ന് വിചാരിച്ചാൽ അശ്രദ്ധ മൂലം പണം അക്കൗണ്ടിൽ നിന്നും ഞൊടിയിടക്കുള്ളിൽ അപ്രത്യക്ഷമാകാം. 


 • യു പി ഐ പോലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുവാൻ ലിങ്കുകൾ വരുന്നതാണ് മറ്റൊരു തട്ടിപ്പ്. വിശ്വസനീയമായ സൈറ്റുകളിൽ  പോയി മാത്രം യു പി ഐ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.


 • ചാരിറ്റിയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളാണ് വേറൊന്ന്. സഹായ സന്നദ്ധത മുതലെടുത്തു നടത്തുന്ന ഇത്തരം തട്ടിപ്പിൽ അറിയാതെ തന്നെ പലരും കുടുങ്ങുന്നുണ്ട്. ജോലി നൽകുന്ന വെബ്സൈറ്റുകളുടെ മറവിലും തട്ടിപ്പുകാർ ഉണ്ടെന്നു മറക്കാതിരിക്കുക. 


 • നിയമവിരുദ്ധ സാധനങ്ങളുടെ വിൽപ്പന വെബ്സൈറ്റുകളിലൂടെയും  പണം തട്ടിപ്പ് നടക്കുന്നുണ്ട്. ഇതിനെതിരെ പരാതി കൊടുത്താൽ വാദി പ്രതിയാകുമെന്നതിനാൽ, കള്ളന്മാർ പിടിക്കപ്പെടാറില്ല.ഇമെയിൽ വഴി വരുന്ന തട്ടിപ്പുകളും ധാരാളമുണ്ട്. ഓഹരി വിപണി ഉയരുന്നതുപോലും മറയാക്കി ടെലിഗ്രാം ഗ്രൂപ്പുകൾ ഉണ്ടാക്കിയുള്ള തട്ടിപ്പുകളുമുണ്ട്.  പ്രമുഖ കമ്പനികളുടെ പേരിൽ കാൾ സെന്റർ  തട്ടിപ്പുകളും റിപ്പോർട്ടു  ചെയ്യപ്പെടുന്നുണ്ട്.


 • ഓൺലൈൻ തട്ടിപ്പുകളെ എങ്ങനെ ഒഴിവാക്കാം എന്നുള്ള വിവരങ്ങൾ തരുന്ന ലിങ്കുകളാണ് കള്ളന്മാരുടെ പുതിയ ഒരു രീതി. വിശ്വാസം ജനിപ്പിക്കുന്ന ഇത്തരം ലിങ്കുകളിൽ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ പോലും ഉണ്ടാകും.ശ്രദ്ധയോടെ ഇത്തരം ലിങ്കുകളെ ഒഴിവാക്കുക. 


 • പ്രേമം നടിച്ച് വശത്താക്കിയുള്ള തട്ടിപ്പാണ് വേറൊരു മാർഗം. ഇര വീണു കഴിയുമ്പോൾ ഓൺലൈനായി അറിഞ്ഞും അറിയാതെയും പണം ചോർത്തിയെടുക്കുന്ന വിരുതന്മാരും വിരുതത്തികളുമുണ്ട് .


 • അശ്ലീല വെബ്സൈറ്റുകളിലൂടെയും നുഴഞ്ഞുകയറ്റക്കാർ സമർത്ഥമായി പണം തട്ടിക്കുന്നുണ്ട്. അപമാനം മൂലം പണം നഷ്ടപ്പെട്ട പലരും പരാതിപ്പെടാതെ ഇരിക്കുന്നത് തട്ടിപ്പുകാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നുണ്ട്. വിദേശത്തുള്ള സെർവറുകൾ വഴി പ്രവർത്തിക്കുന്ന ചൂതാട്ട വെബ്സൈറ്റുകളാണ് തട്ടിപ്പുകാരുടെ മറ്റൊരു കേന്ദ്രം. 


 • ലിങ്കിൽ അമർത്തിയാൽ ലക്ഷങ്ങൾ കിട്ടുമെന്ന വാചകത്തിൽ വീഴാതിരിക്കുക. കേരളത്തിൽ അടുത്തകാലത്ത് നടന്ന തട്ടിപ്പുകൾ സാമാന്യ ബുദ്ധിക്കു നിരക്കാത്തതായതിനാൽ ഓൺലൈൻ തട്ടിപ്പുകാർക്ക് കേരളം, ചാകരക്കു പറ്റിയ സ്ഥലമാണെന്ന ഉറച്ച ബോധ്യം ഉണ്ട്. ഇതുപോലുള്ള മുന്നറിയിപ്പുകൾ നമുക്ക് ബാധകമല്ല എന്ന മനോഭാവം നല്ലതല്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only