22 ഒക്‌ടോബർ 2021

വെണ്ടയ്ക്ക കഴിക്കാറുണ്ടോ..? അറിയണം ഇക്കാര്യങ്ങൾ
(VISION NEWS 22 ഒക്‌ടോബർ 2021)




ലേഡീസ് ഫിം​ഗർ എന്നറിയപ്പെടുന്ന വെണ്ടക്കയ്ക്ക് ആരാധകർ ഏറെയാണ്..നമ്മുടെ നാടൻ സാമ്പാർ മുതൽ വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളും നിരവധിയാണ്. രുചി മാത്രമല്ല നിരവധി ആരോ​ഗ്യ​ഗുണങ്ങളും ഈ പച്ചക്കറിക്ക് ഉണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിന് നല്ലതാണ്. മലബന്ധം എന്ന പ്രശ്‌നത്തിനും വെണ്ടയ്ക്ക് പരിഹാരം കാണും. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നതില്‍ സജീവ പങ്ക് വഹിക്കുന്ന പോളിഫിനോളുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലെക്റ്റിന്‍ ഓക്രായില്‍ പ്രോട്ടീന്‍ വെണ്ടക്കയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെണ്ടക്കയിലുള്ള വൈറ്റമിന്‍ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനുകള്‍ റെറ്റിനയുടെ ഭാഗമായി കണ്ണിനു പിറകിലുള്ള മാക്യുലയില്‍ സ്ഥിതിചെയ്യുന്ന ദശലക്ഷക്കണക്കിന് ഫോട്ടോറിസെപ്റ്റര്‍ സെല്ലുകളെ സംരക്ഷിക്കുന്നു.
ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്ക സഹായിക്കുന്നു.

തലേ ദിവസം രാത്രി ചെറു ചൂടുവെള്ളത്തില്‍ ഇട്ടുവച്ച വെണ്ടയ്ക്കയുടെ വെള്ളം രാവിലെ കുടിക്കുന്നത് പ്രമേഹം തടയുന്നതിന് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. വയറിളക്കം പോലുള്ള അസുഖങ്ങള്‍ക്ക് വെണ്ടയ്ക്ക മികച്ച പരിഹാരമാണ്. മൂത്രാശയ അണുബാധകള്‍ കുറയ്ക്കുന്നതിനും തലേ ദിവസം ചെറുചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ വെണ്ടയ്ക്ക ഇട്ടു വച്ച് അതിന്റെ വെള്ളം രാവിലെ കുടിച്ചാല്‍ മതി. 
 എന്നാല്‍, വൃക്ക സംബന്ധമായ പ്രശ്‌നമുള്ളവര്‍ വെണ്ടയ്ക്ക അധികം കഴിക്കുന്നത് നന്നല്ല. ഇതിലെ ഓക്‌സലേറ്റുകളുടെ സാന്നിധ്യം വൃക്കയിലും പിത്താശയത്തിലും കല്ല് രൂപപ്പെടാന്‍ കാരണമാകും എന്നതിനാലാണ് ഇത്തരക്കാര്‍ വെണ്ടയ്ക്കയെ അകറ്റിനിറുത്തണമെന്ന് പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only