18 ഒക്‌ടോബർ 2021

കൊടുവള്ളി ടൗൺ, പാലം അപ്രോച്ച് നവീകരണം ഉദ്യോഗസ്ഥ കരാർ ലോബികളുടെ ഇടപെടൽ ഒഴിവാക്കുക-കാരാട്ട് റസാഖ്
(VISION NEWS 18 ഒക്‌ടോബർ 2021)


കൊടുവള്ളി: പൊതുമരാമത്ത് വകുപ്പ് 2018-2019 കാലയളവിൽ അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ചുള്ള കൊടുവള്ളി ടൗൺ നവീകരണവും കിഴക്കോത്ത് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ അപ്രോച്ച് നവീകരണവും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള ഗൂഡാലോചനയുടെ ഫലമായി നിർത്തി വെച്ചിരിക്കുന്നു.പദ്ധതിയുടെ പ്രധാന ആകർഷണമായ പാലത്തിന് സമാന്തരമായി നടപ്പാത നിർമ്മാണം പൂർത്തിയാക്കാതെ അവസാനിപ്പിക്കുവാനുള്ള നീക്കത്തിനെതിരെ വകുപ്പ് മന്ത്രി ഇടപെടണമെന്ന് മുൻ എം.എൽ.എ കാരാട്ട് റസാഖ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പാലത്തിൻ്റെ ഇരുവശത്തും ഫുട്പാത്ത് നിർമ്മാണം, ഇൻ്റർലോക്ക് പാകൽ, ഡ്രൈനേജ് നിർമ്മാണം, കൈവരി സ്ഥാപിക്കൽ, ഇരു വശങ്ങളിലും സൗന്ദര്യവൽകരണം, കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനുള്ള നടപ്പാത തുടങ്ങിയവ ഉൾപെടുത്തുന്നതിനാവശ്യമായ നിർദ്ധേശങ്ങൾ ജനപ്രതിനിധി എന്ന നിലയിൽ ഉദ്യോഗസ്ഥന്മാർക്ക് നൽകിയിരുന്നതാണ്. എന്നാൽ നടപ്പാത നിർമ്മിക്കാതെ പണി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായപ്പോൾ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ യോഗം 15.09.2020ന് ചേരുകയും പദ്ധതി പൂർണ്ണരൂപത്തിൽ യാഥാർത്ഥ്യമാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നതായും പദ്ധതി ഉടൻ തന്നെ പൂർത്തീകരിച്ചു പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only