17 ഒക്‌ടോബർ 2021

കനത്തമഴയിൽ വണ്ടിയുമായി റോഡിലിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
(VISION NEWS 17 ഒക്‌ടോബർ 2021)കനത്തമഴയിൽ റോഡിലിറങ്ങുന്ന വാഹനങ്ങൾ ഒഴുകി പോകുന്നതും അപകടം പറ്റുന്നതുമെല്ലാം വാർത്തകളിൽ കാണാറുണ്ട്. വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ തികഞ്ഞ ശ്രദ്ധ വെച്ചുപുലർത്തിയില്ലെങ്കിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരാനിടയുണ്ട്.മഴക്കാലത്ത് വണ്ടിയുമായി റോഡിലിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

‍വെള്ളക്കെട്ടുകളിൽ കാറുകൾ നിന്നുപോകുന്നത് ഒഴിവാക്കാൻ 'മിനിമം ആക്സിലറേഷൻ ' എപ്പോഴും നൽകണം. എക്സോസ്റ്റിലൂടെ പുറത്തേക്ക് ഇരച്ചു തള്ളിപ്പോവുന്ന ചുടുവായു ആ പൈപ്പിലൂടെ വെള്ളം അകത്തേക്ക് വരാതെ തടുക്കും.

കൂടിയ ഗിയറിൽ വാഹനം ഓടിച്ചാൽ വേണ്ടത്ര വേഗമില്ലെങ്കിൽ വാഹനം ഓഫാക്കാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടിൽ വെച്ച് വാഹനം ഒരിക്കൽ ഓഫായാൽ അത് പിന്നെ സ്റ്റാർട്ടാകാൻ പ്രയാസമാകും. അതുകൊണ്ട് വെള്ളക്കെട്ട് അടുക്കുമ്പോൾ സെക്കൻഡ് ഗിയറിലേക്കെങ്കിലും മാറ്റി വളരെ സൂക്ഷിച്ച് മാത്രം വാഹനമോടിക്കുക.

വാഹനങ്ങൾക്കിടയിൽ അകലം പാലിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്ന്, മുന്നിലെ വാഹനം പോകുമ്പോൾ ഉണ്ടാകുന്ന ഓളത്തിൽ ഉയരുന്ന ജനനിരപ്പ് അടങ്ങാൻ അത് സഹായിക്കും. രണ്ട്, മുന്നിലെ വാഹനം ശ്രദ്ധിച്ചാൽ റോഡിൽ വെള്ളത്തിനടിയിൽ അദൃശ്യമായിരിക്കുന്ന കുഴികളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും.

ടയർ വെള്ളത്തിൽ മുങ്ങുന്ന തരത്തിൽ വാഹനമോടിയിട്ടുണ്ടെങ്കിൽ ഇതിനുശേഷം ബ്രേക്ക് പ്രവർത്തന ക്ഷമമാണോയെന്ന് ഉറപ്പുവരുത്തണം. കാറുകളിൽ കൂടുതലായ ഡിസ്‌ക് ബ്രേക്ക് ഉപയോഗിക്കുന്നത്. മഴയിലും വെള്ളക്കെട്ടിലും ഇതിൽ ചെളിപിടിക്കാനുള്ള സാധ്യത എറെയാണ്. ഇത് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

മഴക്കാല യാത്രകളിൽ നനഞ്ഞുകിടക്കുന്ന റോഡിൽ സഡൻ ബ്രേക്ക് പരമാവധി ഒഴിവാക്കുക. വെള്ളക്കെട്ടിലെ കുഴികളിൽ ടയർ വീണാലുടൻ ബ്രേക്ക് ചെയ്യുന്നതും ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് പുകകുഴലിൽ വെള്ളം കയറാനുള്ള സാധ്യത വർധിപ്പിക്കും. വെള്ളത്തിൽ വാഹനം നിർത്തിയാൽ ചെറുതായി ആക്‌സിലറേറ്റർ അമർത്തുന്നതും നല്ലതാണ്.

ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണം. വെള്ളം കെട്ടി നിൽക്കുന്നതിനെ തുടർന്നുണ്ടാകുന്ന വഴുവഴുപ്പിനെ അതിജീവിക്കാനുള്ള ഗ്രിപ്പ് ടയറുകൾക്കുണ്ടാവണം. തേയ്മാനം സംഭവിച്ച ടയറാണെങ്കിൽ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.

മുന്നിലെ വാഹനങ്ങൾ സുരക്ഷിതമായി വെള്ളക്കെട്ട് കടന്നു പോകുന്നുണ്ട് എന്നുറപ്പിച്ചു ശേഷം മാത്രമേ വാഹനവുമായി വെള്ളക്കെട്ട് ക്രോസ് ചെയ്യാൻ മുതിരാവൂ. മുന്നിലെ വെള്ളക്കെട്ടിന്റെ ആഴം ഒരിക്കലും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല.


ശക്തമായ മഴയുള്ളപ്പോൾ വാഹനം മരങ്ങളുടെ താഴെയും വലിയ ഭിത്തികളുടെയും മറ്റും സമീപത്തും പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. മരത്തിന്റെ കൊമ്പുകളും മറ്റും ഒടിഞ്ഞ് വാഹനത്തിൽ വീഴുന്നതിൽനിന്നും മണ്ണിടിച്ചിൽ പോലെയുള്ളവയിൽനിന്നും വാഹനത്തെ ഇങ്ങനെ രക്ഷിക്കാം.

വെള്ളക്കെട്ടിനുള്ളിൽ വാഹനം നിന്നു പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തിൽ പരിഭ്രാന്തരാകുന്ന ആളുകൾ പിന്നെയും വാഹനം സ്റ്റാർട്ട് ചെയ്യുകയാണ് പതിവ്. വെള്ളത്തിൽ നിന്നുപോയാൽ വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്യാതെ സർവീസ് സ്റ്റേഷന്റെ സഹായം തേടണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only