16 ഒക്‌ടോബർ 2021

വിശക്കുന്നവനെ ചേർത്തു നിർത്തി അന്നമൂട്ടിയ ഗോവിന്ദേട്ടന് ഭക്ഷ്യ ദിനത്തിൽ ആദരം
(VISION NEWS 16 ഒക്‌ടോബർ 2021)മടവൂർ : വിശക്കുന്നവനെ ചേർത്തു നിർത്തി അന്നമൂട്ടിയ ഗോവിന്ദേട്ടനെ ഭക്ഷ്യ ദിനത്തിൽ മടവൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. മടവൂരിൽ പതിറ്റാണ്ടുകളോളമായി ഹോട്ടൽ നടത്തി ജനമനസ്സിൽ ഇടം പിടിച്ച വ്യക്തിത്വം കൂടിയാണ് മേണങ്ങൽ ഗോവിന്ദൻ എന്ന നാട്ടുകാരുടെ കോയിന്ദേട്ടൻ. ആധുനിക ഭക്ഷണരീതികൾ വരുന്നതിന് മുമ്പ് ഒരു നേരത്തെ വിശപ്പ് മാറ്റാൻ ഹോട്ടലിനെ ആശ്രയിച്ചിരുന്ന കാലത്ത് വേണ്ടുവോളം ഭക്ഷണം നൽകി ആളുകൾക്ക് ആശ്വാസം കൊടുത്തിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നവർ നൽകുന്ന പണം കുറവായാലും അതിന് കണക്ക് പറയാതെ സന്തോഷത്തോടു കൂടി സ്വീകരിക്കും. പറ്റ് ബുക്കിൽ എഴുതി വെച്ച പലരുടെയടുത്ത് നിന്നും പിന്നീട് പൈസ കണക്ക് പറഞ്ഞു വാങ്ങാൻ ശ്രമിക്കാറില്ല. അവർ തരികയാണെങ്കിൽ മാത്രം വാങ്ങി വെക്കും. മടവൂരിലും പരിസരപ്രദേശത്തുള്ളവരാരും ഗോവിന്ദേട്ടന്റെ ഭക്ഷണം കഴിക്കാതിരിന്നിട്ടുണ്ടാവില്ല. സുഖമില്ലാതെ അലഞ്ഞു തിരിഞ്ഞു മടവൂരിൽ എത്തിപ്പെടുന്നവർക്ക് അദ്ദേഹം ഭക്ഷണം നൽകിയിരിക്കും. പണം മാനദണ്ഡമാക്കാതെ തന്റെ നാട്ടുകാർ പട്ടിണി ആവാതിരിക്കാൻ പരിശ്രമിച്ചു. മടവൂരിൽ നടന്ന ചടങ്ങിൽ മഹല്ല് സെക്രട്ടറി ഒ.വി. ഹുസൈൻ മാസ്റ്റർ പൊന്നാടയണിയിച്ചു. റിലീഫ് കമ്മിറ്റി സെക്രട്ടറി കെ.പി.യസാർ ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി അധ്യക്ഷത വഹിച്ചു. ടൗൺ മുസ്ലിം ലീഗ് ട്രഷറർ മുഹമ്മദ്‌ മൊടയാനി, എൻ. മൊയ്‌തീൻ ഷാ, കെ.കെ. മൊയ്‌തീൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. ടൗൺ ജിസിസി കെഎംസിസി പ്രസിഡണ്ട്‌ റാസിഖ് വളപ്പിൽ സ്വാഗതവും റഷീദ് ടി.കെ. നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only