24/10/2021

ബസില്‍ സ്റ്റാലിന്‍റെ മിന്നല്‍ സന്ദര്‍ശനം; അമ്പരന്ന് യാത്രക്കാര്‍‌‌; വീഡിയോ
(VISION NEWS 24/10/2021)സര്‍ക്കാര്‍ ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബസില്‍ കയറിയ മുഖ്യമന്ത്രിയെ കണ്ട് ബസിലെ ജീവനക്കാരും യാത്രക്കാരും അമ്പരന്നു. കണ്ണകി നഗറിൽ നിന്നാണ് സ്റ്റാലിന്‍ ബസില്‍ കയറിയത്.

ആറാമത് മെഗാ വാക്സിനേഷന്‍റെ ഭാഗമായി വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദര്‍ശിക്കാനായാണ് സ്റ്റാലിന്‍ ബസില്‍ യാത്ര ചെയ്തത്. തമിഴ്നാട്ടില്‍ സ്റ്റാലിന്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരുമായി വിശദമായി സംസാരിച്ച ശേഷമാണ് സ്റ്റാലിന്‍ ഇറങ്ങിയത്. എല്ലാവരെയും അദ്ദേഹം കൈകൂപ്പി അഭിവാദ്യം ചെയ്തു. ഇതിനിടെ മുഖ്യമന്ത്രിയുടെ കൂടെ നിന്ന് സെല്‍ഫിയെടുക്കുന്ന തിരക്കിലായിരുന്നു ചിലര്‍. ഇതിനുമുമ്പ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും സ്റ്റാലിന്‍ സമാനമായ മിന്നല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

സീസണിന് മുന്നോടിയായി തമിഴ്നാട്ടില്‍ ബസുകളില്‍ പൂര്‍ണതോതില്‍ യാത്ര അനുവദിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ കോവിഡ് കണക്കില്‍ കുറവില്ലാത്തതിനാല്‍ കേരളത്തിലേക്കുള്ള ബസുകളില്‍ നിയന്ത്രണങ്ങളുണ്ട്. തമിഴ്‌നാട്ടിൽ ഇന്നലെ 1,040 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ കോവിഡ് ബധിച്ചവരുടെ എണ്ണം 26,94,089 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 17 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 36,004 ആയി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only