👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

പിൻ കോഡുകളിൽ എന്തുകൊണ്ടാണ് 6 അക്കങ്ങൾ ?
(VISION NEWS 08 ഒക്‌ടോബർ 2021)
നമ്മുടെ ഔദ്യോഗിക വിലാസത്തിൽ നിർണായക പങ്കാണ് പിൻ കോഡുകൾക്കുള്ളത്. അവ രേഖപ്പെടുത്താത്ത മേൽവിലാസം അപൂർണവുമാണ്. അത്രയേറെ പ്രധാന്യം പിൻ കോഡുകൾക്കുണ്ട്. രാജ്യത്ത് പിൻ കോഡുകൾ രേഖപ്പെടുത്തുന്നത് ആറ് അക്കങ്ങൾ ഉപയോഗിച്ചാണ്. 

അതിനു പിന്നിലെ കാരണം എന്താണെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?... നമ്മുക്ക് പരിശോധിക്കാം. പിൻ കോഡ് എന്നാൽ പോസ്റ്റൽ ഇൻഡക്‌സ് നമ്പർ എന്നാണർത്ഥം. 1972 ആഗസ്ത് 15 നാണ് ആറക്കങ്ങളുള്ള പിൻ കോഡുകൾ രാജ്യത്ത് നിലവിൽ വരുന്നത്. രാജ്യത്ത് ഒമ്പത് പോസ്റ്റൽ മേഖലകളാണുള്ളത്. അതിൽ എട്ടെണ്ണം ഭൂമിശാസ്ത്രപരമായ മേഖലകളും ഒമ്പതാമത്തേത് ആർമി പോസ്റ്റൽ സർവ്വീസുമാണ്. 2014 വരെയുള്ള കണക്കു പ്രകാരം 154,725 തപാൽ ഓഫീസുകളിലായി 19,101 പിൻ കോഡുകളാണ് നിലവിലുള്ളത്.

6 അക്കങ്ങളിൽ ആദ്യത്തെ അക്കം സൂചിപ്പിക്കുന്നത് ഏത് മേഖല എന്നുള്ളതാണ്. 1,2 അക്കങ്ങൾ ഉത്തര മേഖലയെയും, 3,4 എന്നി അക്കങ്ങൾ പടിഞ്ഞാറൻ മേഖലയെയും സൂചിപ്പിക്കുമ്പോൾ കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലയെ സൂചിപ്പിക്കുന്നത് 5,6 എന്നി അക്കങ്ങളുപയോഗിച്ചാണ്. അതുകൊണ്ടാണ് കേരളത്തിലെ പിൻ കോഡുകൾ 6 എന്ന അക്കത്തിൽ തുടങ്ങുന്നത്. കിഴക്കൻ മേഖല സൂചിപ്പിക്കാൻ 7,8 എന്നി അക്കങ്ങൾ ഉപയോഗിക്കുന്നു. 

9 എന്നത് ആർമി തപാൽ സർവ്വീസിനായി മാറ്റിവെയ്ക്കുന്നു. രണ്ടാമത്തെ അക്കം ഉപമേഖലയെ അടയാളപ്പെടുത്തുന്നു. എന്നാൽ ആദ്യത്തെ രണ്ട് അക്കങ്ങളും ഒരുമിച്ച് സൂചിപ്പിക്കുന്നത് 22 പോസ്റ്റൽ സർക്കിളിൽ ഏതാണെന്നുള്ളതാണ്. 67 മുതൽ 69 വരെയുള്ള സംഖ്യകളാണ് കേരളത്തെ സൂചിപ്പിക്കുന്നത്. ആറക്കങ്ങളിൽ മൂന്നാമത്തെ അക്കം വിലാസത്തിലെ ജില്ലയെയാണ് സൂചിപ്പിക്കുന്നത്.

ബാക്കി വരുന്ന മൂന്ന് അക്കങ്ങൾ തപാൽ ഓഫിസുകളെയും സൂചിപിക്കുന്നു. ഉദാഹരണമായി 680671 എന്ന പിൻ കോഡിൽ 68 എന്നത് കേരളത്തെയും 0 എന്നത് തൃശൂർ ജില്ലയെയും ബാക്കി വരുന്ന മൂന്ന് അക്കങ്ങളും എടവിലങ്ങ് തപാൽ ഓഫിസിനെയും സൂചിപ്പിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only