01/10/2021

വിഷം കഴിച്ചെന്ന് സന്ദേശം കിട്ടിയത് സുഹൃത്ത് രഹസ്യമാക്കിവച്ചു; 17കാരി നാലാംദിനം മരിച്ചു
(VISION NEWS 01/10/2021)


 

കിളിമാനൂർ: വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം സുഹൃത്തായ ആംബുലൻസ് ഡ്രൈവർക്ക് വാട്സാപ് സന്ദേശം അയച്ച പ്ലസ് ടു വിദ്യാർഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു. വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത് നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോൾ. വൈകാതെ മരണം സംഭവിച്ചു.

മുളമന വി ആൻഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനി, കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മൻസിലിൽ എ.ഷാജഹാൻ–സബീനബീവി ദമ്പതികളുടെ മകൾ അൽഫിയ(17) ആണ് മരിച്ചത്. ഞായറാഴ്ച അയച്ച സന്ദേശം അന്നുതന്നെ കണ്ട സുഹൃത്ത് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല. ഛർദിയും ക്ഷീണവും മൂലം ഇതിനിടെ അൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്കൂളിൽ പരീക്ഷ എഴുതുകയും ചെയ്തു. ‌

ബുധനാഴ്ച അവശനിലയിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവ.ആശുപത്രിയിലെത്തിച്ചപ്പോഴാണ് അടിയന്തരമായി മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചത്. അവിടെ എത്തി അൽഫിയയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പഴയ വാട്സാപ് സന്ദേശം കാണുന്നതും മകൾ വിഷം കഴിച്ച വിവരം രക്ഷിതാക്കൾ അറിയുന്നതും. പക്ഷേ പുലർച്ചെ രണ്ടുമണിയോടെ അൽഫിയ മരിച്ചു.

കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോൾ പരിചയത്തിലായ ആംബുലൻസ് ഡ്രൈവറായിരുന്ന യുവാവിന് വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ഞായറാഴ്ചയാണ് വാട്സാപ് സന്ദേശം അയച്ചത്. പിതാവ് നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only