👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


12 ഒക്‌ടോബർ 2021

നിയമപോരാട്ടത്തിലൂടെ സംരക്ഷണം ഏറ്റെടുത്തു; ഒന്നുമറിയാതെ അമ്മ വീട്ടിൽ ഓടിക്കളിച്ച് ആർജവ്
(VISION NEWS 12 ഒക്‌ടോബർ 2021)


 

അമ്മയുടെ വേർപാടിന്റെ വേദന അറിയാതെ, അച്ഛൻ ചെയ്ത കൊടും ക്രൂരതയുടെ ആഴമറിയാതെ ഏറം വെള്ളശേരിലെ അമ്മ വീട്ടിൽ ഓടിക്കളിക്കുകയായിരുന്നു ഉത്രയുടെ മകൻ രണ്ടര വയസ്സുകാരൻ ആർജവ്. ഉത്രയുടെ മരണത്തിനു ശേഷം സൂരജിന്റെ സംരക്ഷണയിൽ ആയിരുന്ന കുഞ്ഞിനെ നിയമസഹായത്തോടെയാണ് ഉത്രയുടെ കുടംബത്തിനു ലഭിച്ചത്.

മകൾ നഷ്ടപ്പെട്ടതിന്റെ വേദന കുറച്ചെങ്കിലും മറക്കുന്നത് ആർജവിന്റെ കളികളും ചിരിയും കാണുമ്പോഴാണെന്നു ഉത്രയുടെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും പറയുന്നു. ഉത്രയുടെ സഹോദരൻ വിഷുവുമായും ആർജവ് നല്ല ചങ്ങാത്തത്തിലാണ്. ഇനി മകളുടെ കുഞ്ഞിനു ശോഭനമായ ഭാവി ഒരുക്കണം അതാണു ലക്ഷ്യം - വിജയസേനൻ പറയുന്നു.

ഉത്ര വധക്കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്നു കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളും പ്രോസിക്യൂഷൻ വാദവും പൂർണമായി ശരിവച്ചാണ് പ്രതി സൂരജ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവു നശിപ്പിക്കൽ) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്കു വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പാമ്പുകടിയേറ്റ സ്വന്തം ഭാര്യ വേദനയാൽ നിലവിളിക്കുമ്പോൾ പ്രതി കൊലപാതകത്തിനു മറ്റൊരു മാർഗം ആസൂത്രണം ചെയ്യുകയായിരുന്നെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സമൂഹത്തിനു കൃത്യമായ സന്ദേശം നൽകുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്നും കൊലപാതകം ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. എന്നാൽ ഇതിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് എതിർത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only