👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഒക്‌ടോബർ 2021

"ബോംബ്​ ഉപയോഗിച്ച് എങ്ങനെ എടിഎം തകർക്കാം"; വീഡിയോ ടൂട്ടോറിയലിനിടെ കൊള്ളസംഘം പിടിയിൽ
(VISION NEWS 02 ഒക്‌ടോബർ 2021)സ്‌ഫോടനം നടത്തി എ.ടി.എമ്മുകള്‍ തകര്‍ത്ത് കോടിക്കണക്കിന് യൂറോകള്‍ കൊള്ളയടിച്ചിരുന്ന സംഘം പോലീസ് പിടിയിലായി. നെതര്‍ലന്‍ഡ്സിലെ യൂട്രെക്ട് നഗരത്തില്‍ ഡച്ച്-ജര്‍മ്മന്‍ പോലീസുകള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഈ സംഘം വലയിലായത്. നേരത്തെ എ.ടി.എമ്മുകള്‍ തകര്‍ത്ത് എങ്ങനെ കൊള്ളനടത്താം എന്നുള്ള വീഡിയോ ചിത്രീകരണത്തിനിടെ ഈ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പരിശീലന കേന്ദ്രം റെയ്ഡ് ചെയ്ത ഡച്ച്-ജെര്‍മന്‍ പോലീസിന്റെ സംയുക്ത സംഘം 9 പേരെ അറസ്റ്റ് ചെയ്തു. സമീപകാലത്ത് ജര്‍മ്മനിയില്‍ നടന്ന 15 ല്‍ കൂടുതല്‍ എ.ടി.എം മോഷണങ്ങള്‍ നടത്തിയത് ഈ സംഘമാണ്. 2.15 മില്യണ്‍ യൂറോ ആണ് ഈ എ.ടി.എമ്മുകളില്‍ നിന്ന് നഷ്ടമായത്. സ്‌ഫോടനം നടത്തി എ.ടി.എം തകര്‍ത്ത ശേഷമായിരുന്നു മോഷണം.

കഴിഞ്ഞ 18 മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഈ സംഘത്തെ വലയിലാക്കാന്‍ പോലീസിന് കഴിഞ്ഞത്. എ.ടി.എം സ്‌ഫോടനം നടത്തുന്നതിന് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുന്നതിനായുള്ള വീഡിയോ നിര്‍മ്മാണത്തിനിടെയാണ് 2020 ല്‍ സ്‌ഫോടനം നടന്നത്. സംഘത്തിലെ പ്രധാനിയായ 29കാരനാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 

ജര്‍മ്മനിയില്‍ നടന്ന എ.ടി.എം സ്‌ഫോടനങ്ങളില്‍ ഏറെ സമാനതകള്‍ കണ്ടതോടെയാണ് ഇതിന് പിറകില്‍ ഒരു സംഘമാണെന്ന് ജര്‍മ്മന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് അന്വേഷണം അതിര്‍ത്തി രാജ്യമായ നെതര്‍ലാന്‍ഡ്‌സിലെ യൂട്രെക്ട് നഗരത്തിലേക്ക് നീളുകയായിരുന്നു. പിടിയിലാവരില്‍ മോഷണങ്ങളില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരെ ജര്‍മ്മനിയിലേക്ക് കൊണ്ടുപോകും. സ്‌ഫോടനത്തിലൂടെയുള്ള എ.ടി.എം കൊള്ളകള്‍ യൂറോപ്പിലെ വികസിത രാജ്യങ്ങള്‍ക്ക് വലിയ തലവേദയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only