03/11/2021

11 വയസ്സുകാരിയുടെ മരണം: ജപിച്ച് ഊതിയ വെള്ളം നല്‍കിയ ഉസ്താദ് കസ്റ്റഡിയില്‍, പിതാവും പ്രതിയാകും
(VISION NEWS 03/11/2021)
കണ്ണൂർ: സിറ്റി നാലുവയലിലെ 11 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉസ്താദ് കസ്റ്റഡിയിൽ.നാലുവയലിലെ ഒരു പള്ളിയിലെ ഖത്തീബായ ഉവൈസ് ഉസ്താദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ നടത്തിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് ഉസ്താദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഉസ്താദിനെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. 

പനി ബാധിച്ച കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളം നൽകിയെന്നാണ് ഇയാളുടെ മൊഴി. തുടർന്നാണ് ബുധനാഴ്ച രാവിലെ വീണ്ടുംവിളിച്ചുവരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ പിതാവിനെയും പ്രതിചേർത്തേക്കും. 

ഞായറാഴ്ചയാണ് കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിൽ സത്താറിന്റെ മകൾ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയർന്നിരുന്നു. 

ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only