13/11/2021

ശ്വാസംമുട്ടി ഡല്‍ഹി; 15 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
(VISION NEWS 13/11/2021)




ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണ തോത് വർധിക്കുന്നതിനാൽ ഈമാസം 15 മുതൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ തുടരും. ഇതോടൊപ്പം 14 മുതൽ 17 വരെ ഡൽഹിയിലുടനീളമുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും കെജ്രിവാൾ പറഞ്ഞു. 

അടുത്ത ആഴ്ച 100 ശതമാനം സർക്കാർ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് വർക്ക്ഫ്രം ഹോമിൽ പോകാൻ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല അടിയന്തര യോഗത്തിന് ശേഷമാണ് ഡൽഹി മുഖ്യമന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്. 

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർജെയിൻ, പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. "മലിനീകരണ സാഹചര്യം മോശമായാൽ ഡൽഹിയിൽ സമ്പൂർണ ലോക്ഡൗൺ സംബന്ധിച്ച് സുപ്രീം കോടതി ഒരു നിർദേശം നൽകിയിരുന്നു. 

ഇക്കാര്യത്തിൽ ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കുകയാണ്. അത് കേന്ദ്രവുമായും ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച ചെയ്യും. അങ്ങനെ സംഭവിച്ചാൽ നിർമാണ പ്രവർത്തനങ്ങളും വാഹനഗതാഗതവും നിർത്തിവെക്കും",കേജ്രിവാൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

നിലവിൽ അപകടകരമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്ത് ഏതാനും ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. സ്ഥിതി എത്ര മോശമാണെന്നും വീടുകളിൽപോലും മാസ്ക് ധരിക്കേണ്ട സ്ഥിതിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ, മലിനീകരണം കണക്കിലെടുത്ത് സർക്കാർ-സ്വകാര്യ ഓഫീസുകളിലുള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിഡ് നിർദേശിച്ചിരുന്നു. 

നഗരവാസികൾ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചു. സ്കൂളുകൾ അടച്ചിടാനും വാഹനങ്ങൾക്ക് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാനും നടപടികളെടുക്കണമെന്നും മലിനീകരണ ബോർഡ് നിർദേശിച്ചിരുന്നു. വയലുകൾക്ക് തീയിട്ട നാലായിരത്തിലേറെ സംഭവങ്ങൾ സമീപ ദിവസങ്ങളിൽ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

നഗരത്തിൽ അനുഭവപ്പെട്ട വായുമലിനീകരണത്തിൽ 35 ശതമാനവും ഇതു കാരണമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇത്തവണ വായുമലിനീകരണം അപകടകരമാണെന്നാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റി (സി.എസ്.ഇ.)ന്റെ വിലയിരുത്തൽ. കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും ദുസ്സഹമായ വായുനിലവാരമായിരിക്കും ഇത്തവണയെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 24 മുതൽ നവംബർ എട്ടുവരെയുള്ള കാലയളവിൽ വാഹനപ്പുകയാണ് വായുമലിനീകരണത്തിലേക്കു നയിച്ചതെന്ന് വിലയിരുത്തിയിരുന്നു. 

പിന്നീട്, വയലുകളിൽ തീയിടലാണ് 25 ശതമാനം വായുമലിനീകരണത്തിനും കാരണമെന്ന് കേന്ദ്രസർക്കാർ ഏജൻസിയായ സഫർ ചൂണ്ടിക്കാട്ടി. എന്നാൽ, ഞായറാഴ്ചയോടെ ഈ തോത് 48 ശതമാനമായി ഉയർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only