26/11/2021

പീഡനത്തിനിരയായ 15-കാരി പ്രസവിച്ച കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
(VISION NEWS 26/11/2021)
ദാമോ : ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി 40 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. പീഡനത്തിനിരയായ ശേഷം കുഞ്ഞ് ജനിച്ചതില്‍ നാണക്കേട് തോന്നിയ 15-കാരി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദമോയിലെ തെണ്ടുഖേഡയിലെ സബ് ഡിവിഷണൽ ഓഫീസർ അശോക് ചൗരസ്യ പറഞ്ഞു.

മധ്യപ്രദേശിലെ ദാമോ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമത്തില്‍ തന്നെയുള്ള 17കാരനുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. ഫെബ്രുവരിയിലാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.

ആഗസ്റ്റിൽ പെണ്‍കുട്ടി വയറുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് മകള്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. പിന്നീട് വീട്ടുകാരോട് പെണ്‍കുട്ടി സത്യം വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പതിനേഴുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

ഒക്ടോബര്‍ 16-നാണ് പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിക്കുന്നത്. നവംബര്‍ 5-ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് തെണ്ടുഖേഡയിലെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിലെത്തിയിരുന്നു. 

എന്നാല്‍ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചപ്പോഴാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് മനസിലാകുന്നത്. 

പിന്നീട് പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് പെൺകുട്ടിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only