21 നവംബർ 2021

ഇരുവരും 2019 മുതല്‍ ഉറ്റസുഹൃത്തുക്കള്‍; അപകടത്തിലെ ദുരൂഹത നീക്കണമെന്ന് ആന്‍സിയുടെ പിതാവ്
(VISION NEWS 21 നവംബർ 2021)




തിരുവനന്തപുരം: കൊച്ചിയിലെ മോഡലുകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് വാഹനാപകടത്തിൽ കൊല്ലപ്പെട്ട ആൻസിയുടെ പിതാവ് അബ്ദുൾ കബീർ. എന്താണ് സംഭവിച്ചതെന്ന് സമൂഹത്തിന് മുന്നിൽ തെളിയിക്കണം. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നത് ഉന്നതരെ രക്ഷിക്കാനാണോയെന്ന് പോലീസ് തെളിയിക്കണമെന്നും അബ്ദുൾ കബീർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

ഔഡി കാർ മകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നതും നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ എടുത്തുമാറ്റിയതും എന്തിനാണെന്ന് അറിയണം. നിലവിൽ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവുകയാണെന്നാണ് വിശ്വാസം. വരും ദിവസങ്ങളിലും അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോയില്ലെങ്കിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഉൾപ്പെടെ പരാതി നൽകുമെന്നും കബീർ പറഞ്ഞു. പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ആൻസി കൊച്ചിയിലേക്ക് പോകാറുള്ളത്. അപകട സമയത്ത് മകൾക്കൊപ്പമുണ്ടായിരുന്ന അഞ്ജനയെ നേരിട്ട് തനിക്ക് പരിചയമില്ല. 

മിസ് കേരള മത്സരത്തിന് ശേഷം 2019 മുതലാണ് ആൻസിയും അഞ്ജനയും ഉറ്റസുഹൃത്തുക്കളായത്. അപകടത്തിന് പിന്നാലെ അഞ്ജനയുടെ സഹോദരനുമായി ഒന്നുരണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നുവെന്നും കബീർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only