19 നവംബർ 2021

റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താന്‍ 'തെളിമ' പദ്ധതി; ആധാര്‍ ബന്ധിപ്പിക്കുന്നത് 2022 ജനുവരിയോടെ പൂര്‍ത്തിയാകും
(VISION NEWS 19 നവംബർ 2021)

തിരുവനന്തപുരം: റേഷന്‍കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും 'തെളിമ' പദ്ധതിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്. റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ പദ്ധതിയിലൂടെ സാധിക്കും. 

കാര്‍ഡ് അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എല്‍.പി.ജി വിവരങ്ങളിലെ തെറ്റുകളും പദ്ധതിയിലൂടെ തിരുത്താം. 

എല്ലാ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരിയോടെ പൂര്‍ത്തിയാക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിനായി എല്ലാ റേഷന്‍കടകള്‍ക്ക് മുമ്പിലും തെളിമ ബോക്സുകള്‍ സ്ഥാപിക്കും. തിരുത്തലിനുള്ള അപേക്ഷകള്‍ ഈ ബോക്സുകളില്‍ നിക്ഷേപിക്കാം. ഡിസംബര്‍ 15 വരെ പൊതുജനങ്ങള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 

റേഷന്‍ ഡിപ്പോയില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം, അളവ് തടങ്ങിയ വിവരങ്ങളും ലൈസന്‍സി, സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. അതേസമയം റേഷന്‍ കാര്‍ഡ് തരംമാറ്റല്‍, റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only