20 നവംബർ 2021

ക്ഷേത്രത്തിലെത്തി ബഹളമുണ്ടാക്കി ശ്രദ്ധ തിരിച്ചു: തിക്കിനും തിരക്കിനുമിടയിൽ ഭക്തരുടെ മാല മോഷ്ടിച്ചു, 4 യുവതികൾ അറസ്റ്റിൽ
(VISION NEWS 20 നവംബർ 2021)
അമ്പലപ്പുഴ: ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീകളുട മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകൾ അറസ്റ്റിൽ. പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു മോഷണം. തമിഴ്നാട് മധുരജില്ലയില്‍ തിരുമംഗലം മാവട്ടം ദേശത്ത് സാദന(24), കുട്ടമ്മ(30), പ്രിയ(40), മധു(37) എന്നിവരാണ് അറസ്റ്റിലായത്.

തിക്കുംതിരക്കുമുണ്ടാക്കിയായിരുന്നു ഇവർ മോഷണം നടത്തിയത്. മാല മോഷ്ടിക്കുന്നതിനിടെ ശ്രദ്ധ തിരിക്കുന്നതിനായി ഇവർ ബഹളമുണ്ടാക്കുകയും ചെയ്തു. മാലനഷ്ടപ്പെട്ടവര്‍ ഒച്ചവെച്ചതോടെയാണ് സ്ഥലത്ത് ഉണ്ടായിരുന്നവർ ഇവരെ പരിശോധിച്ചത്. പരിശോധനയിൽ ഇവരിൽ നിന്നും നിരവധി സ്വർണമാലകൾ കണ്ടെടുത്തു.

അതേസമയം, കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്നു പോലീസ് പറഞ്ഞു. അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only