27/11/2021

പുതിയ കൊവിഡ് വകഭേദം ‘ഒമിക്രോണ്‍’ അപകടകാരി; അതിവേഗം പടരും; 7 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്
(VISION NEWS 27/11/2021)
പുതിയ കൊവിഡ് വകഭേദം അങ്ങേയറ്റം അപകടകാരിയെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോണ്‍ എന്നുപേരിട്ട വകഭേദം അതിവേഗം പകരുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തി.

നിരവധി തവണ വകഭേദം സംഭവിച്ച കോവിഡ് വൈറസാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒമിേക്രാണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചത് ഈ ആശങ്കയ്ക്ക് ആക്കംകൂട്ടുന്നു. അതുകൊണ്ടാണ് ഇതുവരെ ഉണ്ടായതില്‍ എറ്റവും അപകടകാരിയായ വൈറസ് എന്ന് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്.

നിലവില്‍ ലഭ്യമായ വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇതേകുറിച്ച് വ്യക്തത വരുത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നും അതിന് ആഴ്ചകള്‍ എടുക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വ്യാപിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. 

ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, എസ്വാറ്റിനി, സിംബാവെ, ബോട്‌സ്വാന, മൊസംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, സൗദി അറേപ്യ, ഇസ്രയേല്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസും നിര്‍ത്തലാക്കി. യൂറോപ്യന്‍ യൂണിയനും യാത്രാവിലക്ക് പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only