20 നവംബർ 2021

പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ- ഓഫിസിലേക്ക്; വകുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്
(VISION NEWS 20 നവംബർ 2021)
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ- ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ പൂര്‍ണമായും ഇ- ഓഫിസ് സംവിധാനം നടപ്പിലാക്കുവാന്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.ഡബ്ല്യു.ഡി. മിഷന്‍ ടീം യോഗം തീരുമാനിച്ചു. സര്‍ക്കിള്‍ ഓഫിസുകളിലേയും ഡിവിഷന്‍ ഓഫിസുകളിലേയും പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്കു നീങ്ങി. സബ് ഡിവിഷന്‍ ഓഫിസുകളും സെക്ഷന്‍ ഓഫിസുകളും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും.

പൊതുമരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ഇ-ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നു മന്ത്രി പറഞ്ഞു. പൂര്‍ണ്ണമായും ഇ ഓഫിസ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ വകുപ്പിലെ ഫയല്‍ നീക്കത്തില്‍ സുതാര്യത ഉറപ്പുവരുത്തുവാനും കഴിയും. വകുപ്പിനെ പേപ്പര്‍ രഹിതമാക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ സെക്ഷന്‍ ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ ഇ-ഓഫിസിന് കീഴിലാകും. ചീഫ് എന്‍ജിനിയര്‍ ഓഫിസ് മുതല്‍ സെക്ഷന്‍ ഓഫിസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവില്‍ വരിക. അടിയന്തര ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനാകും. ഫയലുകള്‍ തപാലില്‍ അയയ്ക്കുന്നതിനുള്ള സമയം ലാഭിക്കാനാകും. മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയല്‍ നീക്കത്തിന് സാധാരണയായി ദിവസങ്ങള്‍ എടുക്കും. ഇ ഫയല്‍ സംവിധാനത്തില്‍ ഇത് പൂര്‍ണമായും ഒഴിവാക്കാം.

ഫയല്‍ നീക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെയെങ്കിലും തടസം നേരിട്ടാല്‍ അത് ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനാകും. അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയും. ഇ-ഓഫിസ് സംവിധാനം നിലവില്‍ വരുമ്പോള്‍ ഫയല്‍ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only