11 നവംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 11 നവംബർ 2021)


🔳കാലാവസ്ഥാവ്യതിയാനം ലോകത്തെ സകലജീവജാലങ്ങളെയും ബാധിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെല്ലായിടത്തും വളരെ പ്രകടമായി അതിന്റെ സൂചനകളും കാണുന്നുണ്ട്. ആ സൂചനകളൊന്നും തന്നെ നാം തള്ളിക്കളയരുത് എന്നതിന്റെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കാനഡയില്‍ ആദ്യത്തെ 'കാലാവസ്ഥാ വ്യതിയാന രോഗി' തന്നെ ഉണ്ടായിരിക്കുന്നു. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാനഡയിലെ ഈ എഴുപതുകാരിയെ ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പിന്നീട് ഡോക്ടര്‍ പറഞ്ഞതാവട്ടെ ഇവരുടെ ശ്വാസതടസത്തിന് കാരണം കാലാവസ്ഥാവ്യതിയാനം ആണെന്നാണ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കാട്ടുതീയാണ് ഇവരുടെ ശ്വാസതടസം ഗുരുതരമാക്കിയതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

🔳പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ റഫാല്‍ വിവാദം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്. മീഡിയപാര്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് നീക്കം. റഫാല്‍ ഇടപാടിനെ കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും വീണ്ടും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. റഫാല്‍ വിവാദം യുപിഎ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

🔳എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനഃസ്ഥാപിച്ചു. ഈ സാമ്പത്തിക വര്‍ഷം 2 കോടി രൂപ ഓരോ എംപിക്കും ചെലവഴിക്കാന്‍ അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഗഡുകളായി 5 കോടി രൂപ നല്‍കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭരണ കക്ഷി എംപിമാരുടെയടക്കം ഭാഗത്ത് നിന്ന് ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം 5 കോടി രൂപ വീതം എംപി ഫണ്ടായി നല്‍കി വന്നിരുന്നത് കൊവിഡ് പ്രതിന്ധിയെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയത്.  

🔳വികസന കാര്യത്തില്‍ കേരളത്തിന്റെ മനോഭാവം മാറണമെന്ന് ഇലക്ട്രോണിക്‌സ്-വിവര സാങ്കേതിക കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വികസനത്തിനും നിക്ഷേപങ്ങള്‍ക്കുമുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും നിക്ഷേപം വരണമെങ്കില്‍ നിലവിലെ വികസന വിരുദ്ധ മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്‌സ് മേഖലയില്‍ വലിയ നിക്ഷേപ സാഹചര്യം ഇപ്പോഴും കേരളത്തിലുണ്ട്. എന്നാല്‍, പല കമ്പനികളും കേരളത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

🔳മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നല്‍കിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ തമിഴ്നാട് ഈ ഉത്തരവ് ആയുധമാക്കിയേക്കുമെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കാണമെന്നുമുള്ള നിയമോപദേശമാണ് വിഷയത്തില്‍ കേരളത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. വിവാദ ഉത്തരവിട്ട സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ, സംഭവിച്ചതെന്താണെന്ന് സര്‍ക്കാര്‍ പുറത്തുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
➖➖➖➖➖➖➖➖

🔳ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ് യൂത്ത് കോണ്‍ഗ്രസ്സിന് ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ടിപി- 51 വെട്ടും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളില്‍ ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നുവെന്ന് കേരളത്തിന് അറിയാം. മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നുവെന്നും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

🔳സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ അനുവദിക്കുന്നതിനെതിരെ മാര്‍ത്തോമ സഭ. സര്‍ക്കാര്‍ തീരുമാനം ഉത്കണ്ഠാജനകമാണെന്ന് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പ്രതികരിച്ചു. മദ്യത്തിന് മനുഷ്യനെക്കാള്‍ പ്രാധാന്യം നല്‍കുന്നത് വികലമായ നടപടിയാണെന്നും മദ്യശാലകള്‍ അനുവദിക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്നും മാര്‍ത്തോമ്മാ സഭ ആവശ്യപ്പെട്ടു.

🔳ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസിനെ ഉപയോഗിച്ചേ മതിയാകൂവെന്നതാണ് ഒരു വിഭാഗത്തിന്റെ താല്‍പര്യം. കോടതി അത്തരം നിലപാടിലേക്ക് കടക്കാത്തത് ദൗര്‍ബല്യമായി കണക്കാക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍  പറഞ്ഞു. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് വിവിധ പള്ളിക്കമ്മിറ്റികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു വിമര്‍ശനം. 1934 ലെ ഭരണഘടനയില്‍ പങ്കാളിത്ത ഭരണമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളതെന്നും എന്തുകൊണ്ട് 1934-ലെ ഭരണഘടന  അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും കോടതി ആരാഞ്ഞു.


🔳സംസ്ഥാനത്ത് സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതിയെന്നും മന്ത്രി പറയുന്നു. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്.

🔳ബത്തേരി കോഴ കേസില്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഫൊറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന ആവശ്യം ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ ശബ്ദ സാമ്പിള്‍ പരിശോധന സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ തന്നെ നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

🔳ഇന്ധന വിലക്കെതിരായ  ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാള്‍ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. അതേ സമയം, രണ്ടാം പ്രതി ജോസഫിന്റെ  ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ 12 ലേക്ക് മാറ്റി വെച്ചു.

🔳ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്. ബാര്‍ബര്‍മാരെ അവഹേളിച്ച സിപി മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്നാണ് ബാര്‍ബേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം. വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു സിപി മാത്യുവിന്റെ പരാമര്‍ശം. 'ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

🔳ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ചെന്നൈ നഗരത്തിലടക്കം തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴക്ക് സാധ്യതയെന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടര്‍ന്ന് ചെന്നൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ഇടിയോടുകൂടിയ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്.

🔳രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയ ഡിജിറ്റല്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതാകും പുതിയ നിയമമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടേയും പ്രൊഫഷണലുകളുടേയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാകും പുതിയ ഡിജിറ്റല്‍ നിയമം നടപ്പിലാക്കുക.  നിയമരൂപീകരണത്തിന്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും 2022 ഓടെ നിയമരൂപീകരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

🔳യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈമാസം 12-ന് വാരാണസിയില്‍ ബിജെപി നേതാക്കള്‍ക്കായി 'ഇലക്ഷന്‍ മാസ്റ്റര്‍ക്ലാസ്' നടത്തും. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായാണ് ഉത്തര്‍പ്രദേശ് ബിജെപി നേതൃത്വത്തിലെ 700 ഓളം നേതാക്കള്‍ക്കായി ക്ലാസ് സംഘടിപ്പിക്കുന്നത്.

🔳ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള തോല്‍വിയെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിനിരയായ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മകള്‍ക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ 23കാരനായ രാംഗണേഷ് ശ്രീനിവാസ് അകുബതിനിയാണ് അറസ്റ്റിലായത്. മുംബൈ പൊലീസ് സ്‌പെഷ്യല്‍ ടീമാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം ഇയാളെ പിടികൂടിയത്.

🔳ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ഐസിസി ബാറ്റിങ് റാങ്കിങ്ങില്‍ വിരാട് കോലിക്ക് തിരിച്ചടി. നിലവിലെ റാങ്കിങ്ങില്‍ കോലി എട്ടാം സ്ഥാനത്തേക്ക് വീണു.  അതേസമയം ഇന്ത്യയുടെ അവസാന മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്.

🔳ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍. രണ്ട് വര്‍ഷം മുമ്പ് ഏകദിന ലോകകപ്പ് ഫൈനലില്‍ ബൗണ്ടറി കണക്കില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കിരീടം കൈവിട്ടതിനുള്ള മധുരപ്രതികാരം കൂടിയായി ന്യൂസിലന്‍ഡിന്റെ ജയം. 168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ്നിറങ്ങിയ കിവീസ് 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 110 ന് 4 എന്ന നിലയിലായിരുന്നു. തോല്‍വി മുന്നില്‍ക്കണ്ട കിവീസ് ജെയിംസ് നീഷാമും ഓപ്പണര്‍ ഡാരില്‍ മിച്ചലും പുറത്തെടുത്ത അവിശ്വസീനയ ഇന്നിംഗ്സുകളുടെ കരുത്തിലാണ് വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്നത്. അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജെയിംസ് നീഷാമും അവസാനം ഡാരില്‍ മിച്ചലും നടത്തിയ വെടിക്കെട്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അവരെ ജയത്തിലേക്ക് നയിച്ചു. 47 പന്തില്‍ പുറത്താകാതെ 72 റണ്‍സടിച്ച മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജെയിംസ് നീഷാം 11 പന്തില്‍ 27 റണ്‍സടിച്ച് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. സ്‌കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 166-4, ന്യൂസിലന്‍ഡ് 19 ഓവറില്‍ 167-5.

🔳ടീമില്‍ തന്റെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതി സഹതാരത്തെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ പിഎസ്ജി വനിതാ താരം അമിനാറ്റ ഡിയാല അറസ്റ്റിലായി. കെയിറ ഹമറോയി എന്ന താരത്തെ ആക്രമിക്കാനാണ് അമിനാറ്റ ക്വട്ടേഷന്‍ ടീമിനൊപ്പം പദ്ധതിയിട്ടത്. ഡിയാലയുടെ നിര്‍ദേശ പ്രകാരം മുഖംമൂടി അണിഞ്ഞ അക്രമികള്‍ കെയിറ ഹമറോയിയെ കാറില്‍ നിന്ന് പിടിച്ചിറക്കി കാലിന് ഇടിച്ച് പരിക്കേല്‍പ്പിച്ചു. എന്നാല്‍ ആക്രമത്തിന് പിന്നില്‍ ഡിയാലയാണെന്ന് തെളിഞ്ഞതോടെ താരത്തെ  പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 76,380 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 211 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,621 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7077 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7841 പേര്‍ രോഗമുക്തി നേടി. ഇതോടെ 70,459 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂര്‍ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം 173, കാസര്‍ഗോഡ് 164.

🔳ആഗോളതലത്തില്‍ ഇന്നലെ 4,88,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 70,805 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,329 പേര്‍ക്കും റഷ്യയില്‍ 38,058 പേര്‍ക്കും തുര്‍ക്കിയില്‍ 27,259 പേര്‍ക്കും ജര്‍മനിയില്‍ 45,416 പേര്‍ക്കും ഉക്രെയിനില്‍ 23,283 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.20 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.88 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,852 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,022 പേരും റഷ്യയില്‍ 1,239 പേരും   ഉക്രെയിനില്‍ 815 പേരും റൊമാനിയായില്‍ 397 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.86 ലക്ഷമായി.

🔳പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ ലാഭത്തില്‍ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 53.99 ശതമാനം ഇടിവോടെ 189.06 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 410.92 കോടി ആയിരുന്നു അറ്റാദായം. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 4,907.81 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 4,244.43 കോടിയായിരുന്നു. ഇടക്കാല ഡിവിഡന്റായി ഇക്വിറ്റി ഷെയറിന് മൂന്ന് രൂപ വീതം (30 ശതമാനം) ഈ സാമ്പത്തിക വര്‍ഷം നല്‍കുമെന്ന് കമ്പനി ബോര്‍ഡ് അറിയിച്ചു. ഡിസംബര്‍ മൂന്നിന് ശേഷമാവും ഇടക്കാല ഡിവിഡന്റ് നല്‍കുക.

🔳സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗദി അറേബ്യ സമ്പദ് വ്യവസ്ഥയില്‍ 6.8 ശതമാനം വര്‍ഷിക വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 2012 മുതലുള്ള കാലയളവിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിത്. ആഗോള തലത്തില്‍ ഈര്‍ജ ഉപഭോഗത്തിലുണ്ടായിരിക്കുന്ന വര്‍ധനവാണ് ലോകത്തെ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്രൂഡ് ഓയില്‍ ഡിമാന്റ് ആഗോള തലത്തില്‍ ഉയരുകയും സൗദിയില്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്തതാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.

🔳തമിഴകത്ത് കോമഡി താരമായി മികവ് കാട്ടിയ നടന്‍ സന്താനം ഇപോള്‍ നായകനായും പ്രേക്ഷകരുടെ പ്രിയം നേടുകയാണ്. സന്താനം നായകനാകുന്ന ചിത്രം സഭാപതിയുടെ ട്രെയിലര്‍ പുറത്തുവിട്ട് ഒരു മണിക്കുര്‍ തികയുംമുന്നേ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ശ്രീനിവാസ റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി എസാണ്. വിവേക്, സാം സി എസ് എന്നിവര്‍ ചേര്‍ന്ന് ഗാനരചന നിര്‍വഹിക്കുന്നു. നായിക പ്രീതി വര്‍മ.

🔳പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രേക്ഷക ശ്രദ്ധനേടി ചിത്രമാണ് രൗദ്രം രണം രുദിരം. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന് കാരണം. അടുത്ത വര്‍ഷം റിലീസിനൊരുങ്ങുന്ന ആര്‍ആര്‍ആറിന്റെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം തുടങ്ങിയ ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്റെ മലയാളം വെര്‍ഷന്‍ പാടിയിരിക്കുന്നത് കെ എസ് ശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മാങ്കൊമ്പു ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്.

🔳221 റോക്കറ്റ് 3 ആര്‍, റോക്കറ്റ് 3 ജിടി, സ്ട്രീറ്റ് ട്വിന്‍ ഇസി1 എന്നിവയ്ക്കായുള്ള പ്രത്യേക പതിപ്പുകള്‍ അവതരിപ്പിച്ച് ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ്. ഗോള്‍ഡ് ലൈന്‍ പതിപ്പ് പോലെ, റോക്കറ്റ് 3, സ്ട്രീറ്റ് ട്വിന്‍ എന്നിവയുടെ 221, ഇസി1 എന്നിവ ഒരു വര്‍ഷത്തേക്ക് ലഭ്യമാകും. ഈ ബൈക്കുകള്‍ എണ്ണത്തില്‍ പരിമിതപ്പെടുത്തില്ലെന്നും അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും ട്രയംഫ് അറിയിച്ചു. ബൈക്കുകളുടെ രണ്ട് വകഭേദങ്ങളിലും  കോസ്മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് വരുന്നത്.

🔳സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമായിരുന്ന 'കേരളത്തിന്റെ ഭഗത്സിങ്' എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരപ്പോരാളിയുടെ ജീവിതചരിത്രപഠനം. 'വക്കം ഖാദര്‍: സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ജീവിതം'. ഡോ. ടി. ജമാല്‍ മുഹമ്മദ്. മാതൃഭൂമി. വില 176 രൂപ.

🔳പുകവലി, ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം, അമിത മദ്യപാനം, പാപ്പിലോമ വൈറസ്, ചുണ്ടില്‍ അമിതമായി സൂര്യപ്രകാശമേല്‍ക്കല്‍ ഇതെല്ലാം മൗത്ത് കാന്‍സര്‍ വരാനുള്ള കാരണങ്ങളാണ്. ചുണ്ടുകള്‍, നാക്ക്, വായുടെ മുകള്‍ ഭാഗം, മോണകള്‍, വായുടെ താഴ്ഭാഗം, ഗംസ് ടോണ്‍സിലുകള്‍, ഉമിനീര്‍ ഗ്രന്ഥികള്‍ എന്നിവിടങ്ങളില്‍ മൗത്ത് കാന്‍സര്‍ വരാം. മതിയായ ലക്ഷണങ്ങള്‍ പ്രകടമാക്കാത്തതിനാല്‍ ആദ്യഘട്ടങ്ങളില്‍ രോഗാവസ്ഥ തിരിച്ചറിയുക പ്രയാസമാണ്. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നത് പ്രധാനമാണ്. ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് സമയത്ത് ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കും. പല്ലുകള്‍ക്ക് ഇളക്കം, ചെവി വേദന, വായ വേദന, വിഴുങ്ങാനുള്ള പ്രയാസം, വിഴുങ്ങുമ്പോള്‍ വേദന, വായിലോ ചുണ്ടിലോ ഉണ്ടാകുന്ന വൃണങ്ങള്‍ പെട്ടെന്ന് ഉണങ്ങാതിരിക്കുക ഇതെല്ലാമാണ് മൗത്ത് കാന്‍സറിന്റെ സാധാരണ ലക്ഷണങ്ങള്‍. വായയ്ക്കുള്ളില്‍ ചുവപ്പോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന പാടുകളും രോഗലക്ഷണമാണ്. പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത് നാവിന്റെ വശങ്ങളിലും വരാം. പതിവായി വായ പരിശോധിക്കുന്നത് ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും. മൗത്ത് കാന്‍സറിന്റെ ലക്ഷണങ്ങള്‍ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളുമായി കൂടിക്കുഴയാന്‍ സാധ്യതയുണ്ട്. ഒന്നിലധികം ലക്ഷണങ്ങള്‍ ഒരുമിച്ചു പ്രകടമായാല്‍ ദന്ത ഡോക്ടറെ കാണണം. എന്തെങ്കിലും ഇന്‍ഫെക്ഷന്‍ മൂലം ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ അധികരിക്കാം. മൂന്നാഴ്ചയിലധികം ലക്ഷണങ്ങള്‍ നീണ്ടു നിന്നാല്‍ ദന്ത ഡോക്ടറുടെ അടുത്തെത്തി പരിശോധിക്കണം. നിങ്ങള്‍ മദ്യപാനിയോ പുകവലിക്കുന്ന ആളോ ആണെങ്കില്‍ പ്രത്യേകിച്ചും. കാരണം പുകവലിക്കാര്‍ക്ക് മൗത്ത് കാന്‍സര്‍ വരാനുള്ള സാധ്യത രണ്ടര ഇരട്ടിയാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്നവിടെ ഒരു ചിത്രരചനാ മത്സരം നടക്കുകയാണ്.  സമാധാനം എന്നതാണ് രചനാവിഷയം.  അവസാന റൗണ്ടില്‍ രണ്ട് ചിത്രങ്ങളാണ് വന്നത്.  ചിന്താകുഴപ്പത്തിലായ വിധികര്‍ത്താക്കള്‍ പ്രശസ്തനായ ഒരു ചിത്രകാരനെ ഈ ചിത്രങ്ങള്‍ ഏല്‍പിച്ചു.  മനോഹരമായ തടാകവും പച്ചപ്പുല്‍മേടുകളും മലനിരകളും നിറഞ്ഞ ശാന്തമായ സ്ഥലമായിരുന്നു ആദ്യ ചിത്രം.  രണ്ടാം ചിത്രത്തിലാകട്ടെ, പാറക്കെട്ടുകളും, വെള്ളച്ചാട്ടവും മൃഗങ്ങളും മറ്റു ജീവജാലങ്ങളുമെല്ലാമുണ്ട്.  പാറക്കെട്ടിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ അതിന്റെ വിടവിലെ ചെറിയ കൂട്ടില്‍ ഒരു തള്ളപക്ഷി മുട്ടയിട്ട് സ്വസ്ഥമായി അടയിരിക്കുന്നതും കാണാം.  ചിത്രകാരന്‍ രണ്ടാമത്തെ ചിത്രത്തിന് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. അദ്ദേഹം വിധികര്‍ത്താക്കളോട് പറഞ്ഞു: 'ബഹളങ്ങള്‍ക്കിടയിലും ശാന്തമാകാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ സമാധാനം'.  സമാധാനം തേടുന്നവര്‍ രണ്ടുതരത്തിലാണ് ഉള്ളത്.  ശാന്തതയുള്ള ഒരു സ്ഥലം തേടി അലയുന്നവരും, ആയിരിക്കുന്ന സ്ഥലത്ത് സ്വയം ശാന്തരാകുന്നവരും.  സുന്ദരമായ പ്രകൃതിക്കും അന്തരീക്ഷത്തിനും മനസ്സിനെ ശാന്തമാക്കാന്‍ കഴിയും. പക്ഷേ, ആത്മനിയന്ത്രണമില്ലാത്തവര്‍ക്ക് ഇവിടെ താല്‍ക്കാലികമായി ലഭിക്കുന്ന സമാധാന ഇടവേളകള്‍മാത്രമായിരിക്കും അത്.  ഒരാള്‍ക്കുവേണ്ടിയും സമാധാനദൂതന്‍ പ്രത്യക്ഷപ്പെടില്ല. സമാധാനം സ്വയം സൃഷ്ടിക്കുകയാണ് വേണ്ടത്.  സ്വയം നിയന്ത്രണമാണ് സമാധാനത്തിലേക്കുള്ളവഴി.  എല്ലാ ബഹളങ്ങളിലേക്കും എത്തിനോക്കേണ്ട ആവശ്യമില്ല, തനിക്ക് അസൗകര്യമാണെന്നു കരുതുന്നവയെയെല്ലാം ഉന്മൂലനം ചെയ്യണമെന്ന് വാശിപിടിക്കേണ്ടതില്ല, ഒന്നിന്റേയും പരിപൂര്‍ണ്ണതയ്ക്ക് വേണ്ടി നിര്‍ബന്ധം പിടിക്കേണ്ട, മറ്റുള്ളവര്‍ എന്ത് കരുതുമെന്ന് വിചാരിക്കേണ്ട, മറ്റാരെപ്പോലെയും ആയിത്തീരാന്‍ ശ്രമിക്കുകയും വേണ്ട.  ഓരോ ജീവിതവും വ്യത്യസ്തമാണ്.  അതുപോലെ തന്നെ സമാധാനത്തിന്റെ നിര്‍വ്വചനങ്ങളും ഓരോരുത്തര്‍ക്കും ഓരോന്നാണ്.  ചിലര്‍ക്ക് വിശ്രമിക്കുമ്പോഴായിരിക്കും സമാധാനം ലഭിക്കുക..  ചിലര്‍ക്ക് കര്‍മ്മനിരതരായിരിക്കുമ്പോഴായിരിക്കും സമാധാനം.  ചിന്തയിലും പ്രവൃത്തിയിലും നമുക്ക് നന്മയുള്ളവരായിരിമാറാന്‍ ശ്രമിക്കാം. അതുതന്നെയാണ് സമാധാനത്തിലേക്കുള്ള എളുപ്പവഴിയും - ശുഭദിനം.

🪀🪀🪀🪀🪀🪀🪀🪀🪀

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only