29/11/2021

പ്രഭാത വാർത്തകൾ
(VISION NEWS 29/11/2021)
🔳ലോകാരോഗ്യ സംഘടന അത്യന്തം അപകടകാരിയെന്ന് വിശേഷിപ്പിച്ച കൊവിഡ് വകഭേദം ഒമിക്രോണ്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയിലും ഇറ്റലിയിലുമായി മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കേസുകള്‍ സ്ഥിരീകരിച്ച ബ്രിട്ടന്‍ കടുത്ത നടപടികളുമായി രംഗത്തെത്തി. ഇസ്രയേല്‍ രാജ്യാതിര്‍ത്തികള്‍ അടച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയില്‍ രണ്ടുപേരിലും ഇറ്റലിയില്‍ ഒരാളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളിലും ആശങ്ക ഏറുകയാണ്.

🔳ഒമിക്രോണ്‍ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. രാജ്യത്തെത്തുന്നവര്‍, എയര്‍ സുവിധ പോര്‍ട്ടലില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരം നല്‍കണം. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലം ഉള്‍പ്പെടുത്തണം. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷൃപ്പെടുത്തണം. വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും.

🔳കൊവിഡിന്റെ ഒമിക്രോണ്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാകണം. ഫലം കിട്ടിയ ശേഷമേ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പാടുള്ളു. നെഗറ്റീവായാലും ഒരാഴ്ച വീട്ടില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവാകുന്നവരുടെ സാമ്പിള്‍ ജീനോം സീക്വന്‍സിംഗിന് വിധേയമാക്കും. ഇവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റും. കപ്പല്‍ മാര്‍ഗം എത്തുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമാണ്. നിബന്ധനകള്‍ ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

🔳ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഓസ്ട്രിയ, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം സാഹചര്യം പരിശോധിച്ച് മാത്രമേ ഡിസംബര്‍ 15ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂ.

🔳വിവാദ കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാരിനെതിരെ സര്‍വ്വകക്ഷി യോഗത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. നിയമം പിന്‍വലിക്കേണ്ടി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിക്കേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചെറിയൊരു ശതമാനമാണ് നിയമങ്ങളെ എതിര്‍ത്തതെന്ന് സര്‍ക്കാര്‍ തിരിച്ചടിച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പ്രതിപക്ഷ നിരയില്‍ ഭിന്നത ദൃശ്യമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിളിച്ച യോഗം തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും. കോണ്‍ഗ്രസിന് എല്ലാ പാര്‍ട്ടികളുടെയും നേതൃത്വം അവകാശപ്പെടാനാവില്ലെന്നാണ് തൃണമൂല്‍ നിലപാട്.

🔳സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരായായിരുന്നുവെന്ന കാര്യം മറന്നുപോകരുതന്നെ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സവര്‍ക്കറുടെ ചിന്താഗതികള്‍ രാഷ്ട്ര വികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഗാന്ധിജിക്കും മുന്‍പെ തൊട്ടുകൂടായ്മയെ എതിര്‍ത്ത നേതാവാണ് സവര്‍ക്കറെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച സവര്‍ക്കറെ കുറിച്ചുള്ള പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

🔳പത്തനംതിട്ടയില്‍ പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികളുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി. ഏരിയാ സമ്മേളനത്തിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ പരാമര്‍ശം. കുലം കുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഉദയഭാനു മുന്നറിയിപ്പ് നല്‍കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് ജില്ലാ സെക്രട്ടറിയുടെ കുലംകുത്തി പരാമര്‍ശം. 2016ലും 2021ലും വീണാ ജോര്‍ജ്ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ പാര്‍ലമെന്ററി മോഹമുള്ളവരാണെന്നാണ് ഉദയഭാനുവിന്റെ ആക്ഷേപം.

🔳ഹലാല്‍ വിവാദത്തിലെ വര്‍ഗ്ഗീയ പ്രചാരണങ്ങളെ തള്ളി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഹലാല്‍ ഭക്ഷണം കഴിക്കുക മുസ്ലീം ജനവിഭാഗം മാത്രമായിരിക്കുമെന്ന പരിഹാസത്തിന്റെ ഭാഗമാണ് നിലവിലെ വിവാദമെന്ന് കാന്തപുരം പറഞ്ഞു. ഹലാല്‍ ബോര്‍ഡ് വച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നതെന്നും വിവാദങ്ങളിലൂടെ വര്‍ഗീയത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കാന്തപുരം പറഞ്ഞു.

🔳ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മോഫിയയുടെ വീട്ടില്‍ എത്തിയ ഗവര്‍ണര്‍ ആലുവ പൊലീസിന്റെ നടപടിയെയും വിമര്‍ശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളില്‍ ആലുവയില്‍ സംഭവിച്ചത് പോലുള്ളത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുവെന്നും സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചോദിക്കുകയോ ചെയ്താല്‍ സര്‍വകലാശാലാ ബിരുദം തിരിച്ചെടുക്കുന്ന നിയമം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

🔳മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി, വിതരണ കമ്പനികള്‍ തന്നെ മൂന്‍കൂര്‍ വഹിക്കണമെന്ന ബെവ്കോയുടെ നിര്‍ദ്ദേശം വിവാദമാകുന്നു. പുതിയ തീരുമാനം ചെറിയ കമ്പനികളെ , കേരള വിപണിയില്‍ നിന്ന് അകറ്റുമന്നും കുത്തക കമ്പനികള്‍ മദ്യവില്‍പ്പന കയ്യടക്കമെന്നും ആക്ഷേപം ഉയരുന്നു. എന്നാല്‍ വിതരണ കമ്പനികളുടെ യോഗത്തില്‍ വച്ച നിര്‍ദ്ദേശം മാത്രമാണിതെന്നും, ഉത്തരവിറക്കിയിട്ടില്ലെന്നും ബെവ്കോ വിശദീകരിച്ചു

🔳പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജമെന്ന് സ്ഥിരീകരണം. പിടിച്ചെടുത്ത പുരാവസ്തുക്കള്‍ പരിശോധിച്ച പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കി. താളിയോലകള്‍ക്ക് മൂല്യമില്ല. തംബുരു, വിളക്ക്, ഓട്ട് പാത്രങ്ങള്‍ എന്നിവയ്ക്കും മൂല്യമില്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

🔳കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്നും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അവധി.

🔳മാംഗ കലാകാരനാവാന്‍ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു ഏട് വരച്ചുകാട്ടിയ ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ് 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി. മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്. ചിത്രം സേവിങ് വണ്‍ ഹു വാസ് ഡെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

🔳ബജ്‌റംഗദള്‍ ഭീഷണിയെ തുടര്‍ന്ന് സ്റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ അവസ്ഥ രാജ്യത്തിന് നാണക്കേടാണെന്ന് ശശി തരൂര്‍ എംപി. ആവിഷ്‌കാര സ്വാതന്ത്ര്യം പല രൂപത്തില്‍ അടിച്ചമര്‍ത്തപ്പെടാറുണ്ട്.,ഒരു സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്റെ വേദിയെ ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നിരന്തരമായ ഭീഷണികള്‍ക്ക് പിന്നാലെ സ്റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി പ്രഖ്യാപിച്ചിരുന്നു. വിദ്വേഷം ജയിക്കുകയും കലാകാരന്‍ തോല്‍ക്കുകയും ചെയ്തുവെന്നാണ് മുനവര്‍ പ്രതികരിച്ചത്.

🔳പ്രശസ്ത കൊറിയോഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. 72 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എണ്ണൂറോളം സിനിമകള്‍ക്ക് അദ്ദേഹം നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ്എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ ഗാനങ്ങളും ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നുതുള്‍പ്പടെ നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കിയത് മാസ്റ്ററായിരുന്നു. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

🔳തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തില്‍ ആശങ്കയില്ലെന്ന് സൂചിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആര്‍ക്കും ഏത് പാര്‍ട്ടിയിലും ചേരാം , ആരെയും ഒന്നിനും നിര്‍ബന്ധിക്കില്ല എന്നാണ് താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടത്.

🔳ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വമ്പന്‍ വിജയം കൊയ്തു . 334 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 329 സീറ്റും ബിജെപി തൂത്തുവാരി. വോട്ടുവിഹിതത്തില്‍ സിപിഎമ്മിനെ മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമായി.

🔳എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയക്കും പിന്നാലെ റിലൈന്‍സ് ജിയോയും ടെലികോം താരിഫ് ഉയര്‍ത്തി. പ്രീ പെയ്ഡ് ടെലികോം നിരക്കുകള്‍ 20 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. ഡിസംബര്‍ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക..

🔳വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ചൈനീസ് ഭരണകൂടം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഉഗാണ്ടയിലെ ആകെയുള്ള അന്താരാഷ്ട്ര വിമാനത്താവളമായ എന്റെബെയാണ് ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം. ഇതിന് പുറമെ വിദേശ രാജ്യമായ ഉഗാണ്ടയിലെ വേറെയും സ്വത്തുക്കള്‍ ചൈന കൈക്കലാക്കി. ഒരു വര്‍ഷം 19 ലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. നേരത്തെ ചൈനയുമായി വിശദമായ പഠനം നടത്താതെ ഒപ്പുവെച്ച കരാറുകള്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

🔳ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. സീസണിലെ മൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-1ന് തുല്യത നേടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയോടെ മടങ്ങുന്നത്. ആഷിഖ് കുരുണിയന്റെ ഗോളില്‍ മുന്നിലെത്തിയ ബാംഗ്ലൂര്‍ എഫ്‌സി ആഷിഖിന്റെ തന്നെ സെല്‍ഫ് ഗോളില്‍ ജയം കൈവിടുകയായിരുന്നു.

🔳കാണ്‍പൂര്‍ ടെസ്റ്റില്‍ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡിനെ തുടക്കത്തിലെ സമ്മര്‍ദത്തിലാക്കി ടീം ഇന്ത്യ. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസിന് നാല് റണ്‍സെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായി. അവസാന ദിവസം ഒമ്പത് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ കിവികള്‍ക്ക് 280 റണ്‍സ് വേണം. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യരുടെ മാസ്റ്റര്‍ ക്ലാസിന് പിന്നാലെ വാലറ്റവും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 284 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ടീം ഇന്ത്യ വച്ചുനീട്ടുകയായിരുന്നു. 49 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യ 234-7 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്തു. ശ്രേയസ് അയ്യര്‍ 65 റണ്‍സെടുത്തപ്പോള്‍ വൃദ്ധിമാന്‍ സാഹ 61 റണ്‍സെടുത്തു.

🔳ഫ്രഞ്ച് ലീഗ് വണ്ണില്‍ വിജയം തുടര്‍ന്ന് പിഎസ്ജി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് അസിസ്റ്റ് നേടിയ മത്സരത്തില്‍ സെയ്ന്റ് എറ്റീനെ 3-1ന് തോല്‍പ്പിച്ചു. മാര്‍ക്വീന്യോസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയ ഒരു ഗോള്‍ കണ്ടെത്തി.

🔳കേരളത്തില്‍ ഇന്നലെ 48,112 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 140 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5691 പേര്‍ രോഗമുക്തി നേടി. ഇതോടെ 47,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79.

🔳ആഗോളതലത്തില്‍ ഇന്നലെ 3,78,279 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 14,868 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,681 പേര്‍ക്കും റഷ്യയില്‍ 33,548 പേര്‍ക്കും തുര്‍ക്കിയില്‍ 21,655 പേര്‍ക്കും ഫ്രാന്‍സില്‍ 31,648 പേര്‍ക്കും ജര്‍മനിയില്‍ 38,444 പേര്‍ക്കും പോളണ്ടില്‍ 20,576 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 22,133 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.17 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.01 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,110 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 71 പേരും റഷ്യയില്‍ 1,224 പേരും ഉക്രെയിനില്‍ 400 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.16 ലക്ഷമായി.

🔳വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്ട്സ്ആപ്പ് പേ ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് വാട്ട്സ്ആപ്പ് പേ പേയ്മെന്റ് സേവനം വിപുലീകരിക്കുന്നതിന് മെസേജിംഗ് ആപ്പിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. വാട്ട്സ്ആപ്പിനുള്ളില്‍ ലഭ്യമായ പേയ്മെന്റ് ഫീച്ചറാണ് വാട്ട്സ്ആപ്പ് പേ. ഇത് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

🔳1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമാണ് '83'. രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

🔳നീരജ് മാധവ് , അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'സുന്ദരി ഗാര്‍ഡന്‍സ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

🔳ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ബിമോട്ട അതിന്റെ പ്രൊഡക്ഷന്‍-റെഡി കെബി4 അവതരിപ്പിച്ചു. നിന്‍ജ 1000 എസ് എക്സ് പവര്‍ ലഭിക്കുന്ന ബിമോട്ടയില്‍ നിന്നുള്ള ഈ സ്‌പോര്‍ട്‌സ് ബൈക്കിന് ഇഷ്ടാനുസൃത ഫ്രെയിമും അതുല്യമായ റെട്രോ സ്റ്റൈലിംഗും ഉണ്ട്. കവാസാക്കി നിഞ്ച 1000 എസ്എക്‌സില്‍ കാണുന്ന അതേ ഇന്‍ലൈന്‍-ഫോര്‍ എഞ്ചിനാണ് കെബി 4നും കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 142 എച്ച്പി കരുത്തും 111 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുകയും ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു. ബിമോട്ടയ്ക്ക് സ്വന്തം എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും സിംഗിള്‍ എന്‍ഡ് ക്യാനുമുണ്ട്.

🔳ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്, കുട്ടികള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സ്വപ്നസഞ്ചാരികളായ രണ്ടു വിദ്യാര്‍ഥികള്‍. സൂര്യനിലേക്കുള്ള സാഹസികയാത്രയ്ക്കാണ് അശ്വിന്റെയും വിമലിന്റെയും ഒരുക്കം. കുട്ടികള്‍ക്കായി ഒരു ശാസ്ത്രനോവല്‍. 'സൂര്യയാത്രയുടെ വിസ്മയച്ചെപ്പ്'. ശ്രീജിത്ത് മൂത്തേടത്ത്. എച്ച് ആന്‍ഡ് സി ബുക്സ്. വില 114 രൂപ.

🔳ലോകത്ത് ഏറെപ്പേര്‍ക്ക് പ്രിയങ്കരമായ കാപ്പി ആണ് ഹൃദയമിടിപ്പ് നിരക്കിന്റെ ക്രമം തെറ്റിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും തുടങ്ങി നിരവധി ആരോഗ്യഗുണങ്ങളുള്ള കാപ്പി കൂടിയ അളവില്‍ കഴിച്ചാലാണ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. ശരാശരി 38 വയസ്സുള്ള 100 പേരിലാണ് പഠനം നടത്തിയത്. ഹൃദയത്തിന്റെ താഴത്തെ അറയില്‍ പ്രീമച്വര്‍ വെന്‍ട്രിക്കുലാര്‍ കോണ്‍ട്രാക്ഷന്‍ 54 ശതമാനം വര്‍ധിക്കാന്‍, കാപ്പി അധികമായി കുടിക്കുന്നത് കാരണമാകുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു. പെട്ടെന്നു നടക്കുന്നതു കൊണ്ടുതന്നെ ഹൃദയത്തെ ഇത് താല്‍ക്കാലികമായി മാത്രം ബാധിക്കുന്നതാണെന്ന് പഠനം പറയുന്നു. താല്‍ക്കാലികമായി രക്തസമ്മര്‍ദം കൂടുന്നതിന് കഫീന്‍ കാരണമാകുന്നു. എന്നാല്‍ മിതമായ അളവില്‍ കാപ്പി കുടിക്കുന്നതു മൂലം ദീര്‍ഘകാല ദോഷഫലങ്ങള്‍ ഒന്നും കഫീന്‍ ഹൃദയത്തിനുണ്ടാക്കുന്നില്ല. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷന്‍ 2021 ല്‍ ഈ പഠനം അവതരിപ്പിച്ചു. ശരിയായ അളവില്‍ കുടിച്ചാല്‍ ഒരു സൂപ്പര്‍ ഹെല്‍ത്തി ഡ്രിങ്ക് ആണ് കാപ്പിയെന്ന് നിരവധി പഠനങ്ങളാണ് തെളിയിച്ചിട്ടുള്ളത്. ദിവസം മൂന്നു കപ്പ് കാപ്പി വരെ കുടിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതധികമായാല്‍ കഫീന്റെ അളവ് കൂടുക വഴി ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഉറക്കമില്ലായ്മയ്ക്കു കാരണമാകുകയും ചെയ്യും.

*ശുഭദിനം*
*കവിത കണ്ണന്‍*
തമിഴ്‌നാട്ടിലെ ഒരു സാധാരണ കുടുംബത്തിലാണ് രാജേഷ് ജനിച്ചത്. പഠനശേഷം ചെറിയ ചെറിയ ജോലികള്‍ ചെയ്താണ് അയാള്‍ ജീവിച്ചിരുന്നത്. ദിവസം 500 രൂപയ്ക്ക് ഒരു നെയ്ത്ത് ശാലയിലായി പിന്നീട്. പിന്നെ എംഎല്‍എം ബിസിനസ്സില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി. അപ്പോഴാണ് സ്വന്തമായി ഒരു ബിസിനസ്സ് എന്ന ആശയത്തിലെത്തിയത്. പക്ഷേ, ആകെ 200 ചതുരശ്രഅടിയുള്ള ഒരു കുഞ്ഞ് വീട് മാത്രമായിരുന്നു അയാളുടെ സമ്പാദ്യം. തന്റെ ജോലിയില്‍ നിന്നും സ്വരുക്കൂട്ടിയ 50,000 രൂപ മുതല്‍മുടക്കില്‍ ചെന്നൈയിലെ ഗ്രാന്റ്മാളില്‍ 100 ചതുരശ്രഅടി സ്ഥലത്ത് തന്റെ ആദ്യ കട തുടങ്ങി. തുടങ്ങിയത് വേറൊന്നുമല്ല, ഒരു ചായക്കട! തമിഴ്‌നാട്ടില്‍ പൊതുവേ കാപ്പിയോടാണ് ആളുകള്‍ക്ക് താല്‍പര്യം. പക്ഷേ, ചായ ഇഷ്ടപ്പെടുന്ന ധാരാളം പേരെ കണ്ടെത്തിയപ്പോഴാണ് ഒരു ചായക്കട തുടങ്ങിയാലോ എന്ന് രാജേഷിന് തോന്നിയത്. ബ്ലാക്ക് പീക്കോ എന്ന ഈ ചായക്കടയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പരിസരത്തുള്ള പ്രസിദ്ധമായ കാപ്പിക്കടകളെയെല്ലാം പൂട്ടിച്ച് രാജേഷിന്റെ ചായക്കട മുന്നോട്ട് കുതിച്ചു. ധാരാളം പേര്‍ ബ്ലാക്ക് പീക്കോയുടെ ഫ്രാഞ്ചൈസികള്‍ എടുത്തു. സ്ത്രീകള്‍ക്ക് സബ്‌സിഡിയോടെ ഫ്രാഞ്ചൈസികള്‍ അനുവദിച്ചു. 2020-21 വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം ബിസിനസ്സ് 7 കോടിയിലേക്കെത്തി. ഈ വര്‍ഷം പുതിയ 60 ശാഖകള്‍ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് രാജേഷ് ജോസഫ്. പുതുമയുള്ള ആശയങ്ങള്‍ കണ്ടെത്തുമ്പോള്‍ മാത്രമല്ല, അത് സമുഹത്തിന് എത്രത്തോളം ആവശ്യകതയുള്ളതാണ് എന്ന തിരിച്ചറിവിലാണ് ബിസിനസ്സ് വിജയിക്കുന്നത്. ആഗ്രഹങ്ങളും ആശയങ്ങളും മാത്രം പോര കഠിനാധ്വാനവും നിരന്തരപരിശ്രമങ്ങളുമുണ്ടെങ്കില്‍ നാം വിജയിക്കുക തന്നെ ചെയ്യും - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only