30/11/2021

പ്രഭാത വാർത്തകൾ
(VISION NEWS 30/11/2021)
🔳കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിലുണ്ട്.

🔳നാവിക സേന മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുക്കും. പശ്ചിമ നേവല്‍ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി.

🔳ഒമിക്രോണ്‍ സാഹചര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗം വിലയിരുത്തും. വിദഗ്ദരുമായി ചര്‍ച്ച നടത്തി വിദഗ്ദസമിതി മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങളും നിലവില്‍ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗത്തില്‍ വിലയിരുത്തും. തിയേറ്ററുകളില്‍ കൂടുതല്‍ പേരെ അനുവദിക്കുന്നതടക്കം ഇളവുകളും ഇന്ന് ചര്‍ച്ചയാകും. തിയേറ്ററില്‍ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തില്‍ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചര്‍ച്ച ചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല.

🔳ഒമിക്രോണ്‍ എന്ന കൊവിഡ് 19-ന്റെ പുതിയ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാന്‍ സംസ്ഥാനസര്‍ക്കാര്‍. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വഴിയും മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ വഴിയും എത്തുന്നവര്‍ക്ക് കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തും. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏര്‍പ്പെടുത്തുക. ഭയം വേണ്ട, ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് തന്നെ പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പോസിറ്റീവായാല്‍ ക്വാറന്റീന്‍ നീട്ടും. പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. ഒമിക്രോണ്‍ വേരിയന്റ് ഉണ്ടോ എന്നറിയാന്‍ ജീനോം സീക്വന്‍സിംഗ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള 50,000 രൂപയുടെ സാമ്പത്തിക സഹായം കേരളം ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക സഹായത്തിന് സംസ്ഥാനത്ത് 6116 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കളെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ സാമ്പത്തിക സഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേരളം അറിയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

🔳കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുള്ളവരെ ഒഴിവാക്കും. മറ്റുള്ളവരെല്ലാം വാക്‌സിനെടുക്കണം. അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. സ്‌കൂള്‍ തുറന്ന് ഒരുമാസമായിട്ടും അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും കോവിഡ് വാക്‌സിനെടുത്തിട്ടില്ല.

*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
➖➖➖➖➖➖➖➖

🔳കേരള ബാങ്കിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാനിധി സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തില്‍, ഇതേ പദ്ധതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാന്‍ മറന്ന് പോയവരുണ്ട്. ഇത് അപകടകരമായ അവസ്ഥയാണ്. എന്തിനാണ് സമ്പാദ്യം എന്ന് ചിന്തിക്കേണ്ട ഘട്ടമാണിത്. സമ്പാദിക്കാനല്ല, മറിച്ച് ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്. കുട്ടികളില്‍ അമിതമായ സമ്പാദ്യ ബോധമുണ്ടാകാന്‍ പാടില്ല. തന്റെ കൈയ്യിലുള്ള പണം തൊട്ടടുത്തിരിക്കുന്ന ആവശ്യക്കാരെ സഹായിക്കാനാണ് പഠിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാനിധി പദ്ധതിക്ക് എതിരല്ല താനെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

🔳മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥയ്ക്ക് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ദൃശ്യങ്ങള്‍ മനസിനെ അസ്വസ്ഥമാക്കുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥ ഒരു സ്ത്രീ അല്ലേ എന്നും കോടതി ചോദിച്ചു. പൊലീസുകാരി അപ്പോള്‍ മാപ്പ് പറഞ്ഞെങ്കില്‍ അന്ന് പ്രശ്നം തീര്‍ന്നേനെയെന്നും കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും കോടതി വിമര്‍ശിച്ചു.

🔳എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 രാജ്യസഭ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഷന്‍. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

🔳കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിപക്ഷം പാര്‍ലമന്റില്‍ ഇന്ന് ശക്തമായി പ്രതിഷേധിക്കും. എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പടെ 12 പേരെ സസ്പെന്‍ഡ് ചെയ്ത നടപടി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ യോഗവും ഇന്ന് ചേരും. നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഇന്നലെ 14 പാര്‍ട്ടികള്‍ പ്രസ്താവന ഇറക്കിയിരുന്നു. വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ഇരുസഭകളിലും ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

🔳പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പാതയോരത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ നീക്കംചെയ്യണമെന്ന് രണ്ടാഴ്ച മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ കേസ് വീണ്ടും പരിഗണിക്കവേയാണ് അല്‍പം നിരാശ കലര്‍ന്ന വാക്കുകളിലുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.

🔳വാട്ടര്‍ അതോററ്റി റോഡ് കുഴിക്കുന്നത് സംബന്ധിച്ച് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിര്‍മ്മാണത്തില്‍ പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് നേരിട്ട് വിളിച്ച് പരാതിയറിയിക്കാന്‍ സൌകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ പൊളിഞ്ഞുകിടക്കുന്ന പഴകുറ്റി -മംഗലപുരം റോഡ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പഴ കുറ്റി -മംഗലപുരം റോഡ് നവീകരണം 2022 അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

🔳കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട മമ്പറം ദിവാകരന്‍. പുതിയ കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്ന് മമ്പറം ദിവാകരന്‍ ആരോപിച്ചു. അതു കൊണ്ടാണ് രണ്ട് ടേം മത്സരം എന്ന നിയമം കൊണ്ടു വന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ വികസനത്തിന് സ്റ്റേ നല്‍കിയ വ്യക്തിയാണ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പേര് നാമനിര്‍ദ്ദേശം നല്‍കിയതെന്നും ദിവാകരന്‍ കുറ്റപ്പെടുത്തി. സുധാകരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആകാതിരിക്കാന്‍ താന്‍ മാക്സിമം ശ്രമിച്ചിരുന്നതായും കോണ്‍ഗ്രസിനെ നയിക്കാന്‍ 200 ശതമാനവും യോഗ്യനല്ലാത്ത വ്യക്തിയായിരുന്നു സുധാകരന്‍ എന്നും ദിവാകരന്‍ പറഞ്ഞു.

🔳മുന്നോക്ക സര്‍വേയോടുള്ള എതിര്‍പ്പ് തുടരുമെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ്. സര്‍വേയോട് സഹകരിക്കണമെന്ന മുന്നോക്ക കമ്മീഷന്റെ ആവശ്യം തള്ളി എന്‍എസ്എസ് നിലപാട്. കാലാവധി തീരും മുന്‍പ് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ആണ് സര്‍വേ എന്ന നിലപാട് എന്‍എസ്എസ് തള്ളി. മുന്നോക്ക കമ്മീഷന്‍ സ്ഥിരം കമ്മീഷന്‍ ആണെന്ന് എന്‍എസ്എസ് പറയുന്നു. എന്‍എസ്എസ് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മുന്നോക്ക കമ്മീഷന്‍ നേരത്തെ മറുപടി നല്‍കിയിരുന്നു.

🔳ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നും അറബിക്കടലില്‍ നാളേയും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🔳രൂക്ഷ വിമര്‍ശനത്തിന് വഴി തെളിച്ച് വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ചിത്രം. ചിത്രത്തിനൊപ്പമുള്ള ശശി തരൂരിന്റെ കുറിപ്പാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷണീയമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്? എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൌര്‍, തമിഴാച്ചി തങ്കപാണ്ഡിയന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജ്യോതിമണി സെന്നിമാലൈ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് തരൂര്‍ പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് വിവാദമായപ്പോള്‍ സെല്‍ഫി എടുക്കാനുള്ള ആശയം വനിതാ എംപിമാരുടേതായിരുന്നുവെന്നും അവര്‍ തന്നെയാണ് ചിത്രം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും തരൂര്‍ ഫേസ്ബുക്കിലെ ചിത്രത്തിലെ കുറിപ്പിനൊപ്പം കൂട്ടിച്ചേര്‍ത്ത് വിശദമാക്കിയിട്ടുണ്ട്

🔳ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 137 പേരാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഇതില്‍ 96 വോട്ടും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് തന്നെ കിട്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടാണ് കിട്ടിയത്.

🔳51-മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി അവാര്‍ഡ് ദാനച്ചടങ്ങില്‍ പറഞ്ഞു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം സിദ്ധര്‍ത്ഥ് ശിവയും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സുധീഷും സ്വഭാവ നടിക്കുള്ള പുരസ്‌ക്കാരം ശ്രീരേഖയും ഏറ്റുവാങ്ങി.

🔳സ്പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നില്‍ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉള്‍പ്പെട്ടതാണ് സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.

🔳മുസ്ലിം വിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുവെന്ന ആരോപണത്തില്‍ അറസ്റ്റിലായ ആളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ആയിരങ്ങള്‍ സ്റ്റേഷന് തീവച്ചു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പാക്തുണ്‍ഖാവ പ്രവിശ്യയിലെ ചാര്‍സദ്ദ പൊലീസ് സ്റ്റേഷനാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ആള്‍ക്കൂട്ടം പരിസരത്തുണ്ടായിരുന്ന ചെക്ക്പോസ്റ്റുകളും പൊലീസ് സ്റ്റേഷനും അഗ്നിക്കിരയാക്കി. അയ്യായിരത്തോളം പേരാണ് സ്റ്റേഷനിലേക്കെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

🔳ട്വിറ്റര്‍ സഹസ്ഥാപകനും സി.ഇ.ഒയുമായിരുന്ന ജാക്ക് ഡോഴ്സി കമ്പനിയില്‍നിന്ന് രാജിവെച്ചു. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. ഇതോടെ കമ്പനി സി.ഇ.ഒ. സ്ഥാനവും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും ജാക്ക് ഒഴിഞ്ഞു. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒയാകുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ വംശജനാണ് പരാഗ് അഗ്രവാള്‍. ബോംബെ ഐ.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് അദ്ദേഹം.

🔳ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ചെന്നൈയിന്‍ എഫ്‌സി ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ലാല്‍ ചാങ്തെയും അനിരുദ്ധ് ഥാപ്പയും ചെന്നൈയിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ സെല്‍ഫ് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വിഭാരം കുറച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ ആറ് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് പിന്നില്‍ ഒമ്പതാം സ്ഥാനത്താണ്.

🔳ആവേശം അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് വീരോചിത സമനില. ഒമ്പത് വിക്കറ്റ് നഷ്ടമായശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം ഒമ്പതോവര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചു നിന്ന രചിന്‍ രവീന്ദ്രയാണ് കിവീസിന് സമനില സമ്മാനിച്ചത്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് സമനില പിടിച്ചുവാങ്ങി. 52 പന്തുകളാണ് അവസാന വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ചേര്‍ന്ന് പ്രതിരോധിച്ചത്. അവസാന നിമിഷം വെളിച്ചക്കുറവും ഇന്ത്യക്ക് മുന്നില്‍ വില്ലനായപ്പോള്‍ വിജയം കൈയകലെ ഇന്ത്യക്ക് നഷ്ടമായി.

🔳ഫുട്ബോളിന്റെ ആകാശത്ത് വീണ്ടും മഴവില്ല് വിരിയിച്ച് ലിയോണല്‍ മെസി. ഏഴാം തവണയും ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയാണ് മെസി ചരിത്രം രചിച്ചത്. ഇന്ന് പുലര്‍ച്ചെ പാരീസില്‍ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്‌കാരത്തിന് അര്‍ജന്റീനയുടെയും പിഎസ്ജിയുടെയും മിന്നും താരമായ മെസി അര്‍ഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലന്‍ ഡി ഓര്‍ നേട്ടം പേരിലെഴുതിയിരുന്നു.

🔳മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി റാള്‍ഫ് റാഗ്നിക്കിനെ നിയമിച്ചു. പുറത്താക്കപ്പെട്ട ഒലേ സോള്‍ഷെയറിന് പകരമാണ് നിയമനം. ഈ സീസണ്‍ അവസാനിക്കും വരേയാണ് റാഗ്നിക്കിന്റെ കരാര്‍. കരാര്‍ അവസാനിച്ച ശേഷം അടുത്ത രണ്ട് സീസണില്‍ റാഗ്നിക്ക് യുണൈറ്റഡിന്റെ ഉപദേഷ്ടാവായും പ്രവര്‍ത്തിക്കും.

🔳കേരളത്തില്‍ ഇന്നലെ 44,638 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 58 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,955 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 241 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5779 പേര്‍ രോഗമുക്തി നേടി. ഇതോടെ 44,487 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസര്‍ഗോഡ് 78.

🔳ആഗോളതലത്തില്‍ ഇന്നലെ 4,01,316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 35,176 പേര്‍ക്കും ഇംഗ്ലണ്ടില്‍ 42,583 പേര്‍ക്കും റഷ്യയില്‍ 33,860 പേര്‍ക്കും തുര്‍ക്കിയില്‍ 24,317 പേര്‍ക്കും ജര്‍മനിയില്‍ 42,582 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 21,443 പേര്‍ക്കും ഹംഗറിയില്‍ 27,830 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.22 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.02 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,709 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 139 പേരും റഷ്യയില്‍ 1,209 പേരും ഉക്രെയിനില്‍ 297 പേരും ഹംഗറിയില്‍ 460 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.22 ലക്ഷമായി.

🔳യുവാക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന സ്ലൈസ്, യൂണികോണ്‍ പട്ടികയില്‍ ഇടംനേടി. ഈ വര്‍ഷം യൂണീക്കോണാകുന്ന പതിനൊന്നാമത്തെ ഫിന്‍ടെക്ക് ആണ് സ്ലൈസ്. 2021ല്‍ ഇതുവരെ 41 സ്ഥാപനങ്ങളാണ് യൂണീകോണായി മാറിയത്. സീരീസ് ബി ഫണ്ടിംഗില്‍ 220 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണ് സ്ലൈസിന്റെ മൂല്യം ബില്യണ്‍ ഡോളര്‍ കടന്നത്. ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ ഉള്‍പ്പടെയുള്ളവര്‍ സ്ലൈസില്‍ നിക്ഷേപിച്ചിട്ടുണ്ട്. വിസ കാര്‍ഡും എസ്ബിഎം ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ് സ്ലൈസിന്റെ പ്രവര്‍ത്തനം.

🔳പ്രിയപ്പെട്ടവരുടെ വിവാഹത്തിനോ ജന്മദിനത്തിനോ നല്‍കാന്‍ കഴിയുന്ന, എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു സമ്മാന പദ്ധതിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ രംഗത്ത്. വണ്‍സ് ഫോര്‍ യു എന്ന ഇലക്ട്രിക് ഫ്യൂവല്‍ വൗച്ചര്‍ പുറത്തിറക്കിയതായി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ് കമ്പനി. ഓണ്‍ലൈനായി വൗച്ചറുകള്‍ സ്വന്തമാക്കാം. ഓണ്‍ലൈനായി വാങ്ങാനും ഡിജിറ്റലായി നല്‍കാനും കഴിയുന്ന ഇ-ഫ്യൂവല്‍ വൗച്ചര്‍ പദ്ധതിയാണ് ഐ.ഒ.സി അവതരിപ്പിച്ചിരിക്കുന്നത്. 500 രൂപയുടേതാണ് ഏറ്റവും കുറഞ്ഞ ഇന്ധന വൗച്ചര്‍. 10,000 രൂപയുടേതാണ് ഏറ്റവും വില കൂടിയ വൗച്ചര്‍. 1000, 2000, 5000 രൂപയുടെ വൗച്ചറുകളും ലഭ്യമാണ്.

🔳പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ചിരഞ്ജീവി നായകനാകുന്ന 'ആചാര്യ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കും ആരാധകര്‍ ഏറെയാണ്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിരഞ്ജീവിയും മകന്‍ രാംചരണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാം ചരണിന്റെ കഥാപാത്രമായ സിദ്ധയെ പരിചയപ്പെടുത്തുകയാണ് പുതിയ ടീസറിലൂടെ. കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്ഡെയും അഭിനയിക്കുന്നു. ഫെബ്രുവരി നാലിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

🔳ടൊവിനൊ തോമസിനെ നായകനാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാശി. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. രേവതി കലാമന്ദിര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ. വിനായക് ശശികുമാര്‍ ഗാനരചന. കൈലാസ് മേനോന്‍ സംഗീത സംവിധാനം. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

🔳നിരത്തിലെത്തിയ അന്നുമുതല്‍ മറ്റേതൊരു മാരുതി മോഡലിനെയും പോലെ വിപണിയിലെ താരമാണ് സെലേരിയോയും. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ സെലേറിയോയുടെ ആറ് ലക്ഷത്തില്‍ അധികം യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് കണക്കുകള്‍. ഇപ്പോഴിതാ തലമുറ മാറ്റവുമായി പുത്തന്‍ സെലേറിയോയെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് മാരുതി സുസുക്കി. മറ്റൊരു കാറിനും അവകാശപ്പെടാന്‍ സാധിക്കാത്ത അമ്പരപ്പിക്കുന്ന മൈലേജാണ് പുത്തന്‍ സെലേറിയോയുടെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം വാഹനത്തിന്റെ മോഹവിലയും 5 ലക്ഷം സെലേറിയോയിലേക്ക് സാധാരണക്കാരെ ആകര്‍ഷിക്കുന്നു.

🔳കോഴിക്കോടുമായി എന്നും ആത്മബന്ധം പുലര്‍ത്തിയ സി.വി. ബാലകൃഷ്ണന്‍ ഈ മഹാനഗരത്തില്‍ കണ്ടുമുട്ടുകയും സൗഹൃദം പുലര്‍ത്തുകയും ആരാധനയോടെ നോക്കിക്കാണുകയും ചെയ്ത എഴുത്തുകാരെയും ചലച്ചിത്രപ്രവര്‍ത്തകരെയും മറ്റുകലാകാരന്‍മാരെയും കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ സ്മരണകള്‍. സി.വി. ബാലകൃഷ്ണന്റെ ഓര്‍മ്മകളുടെ സമാഹാരം. 'ആത്മാവിനോട് ചേരുന്നത്'. മാതൃഭൂമി. വില 128 രൂപ.

🔳കുട്ടികളുടെ ആരോഗ്യമെന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ഭക്ഷണ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. കുട്ടികളിലെ വളര്‍ച്ചയ്ക്ക് പലപ്പോഴും തടസമായി നില്‍ക്കുന്ന, ആരോഗ്യത്തിന് പ്രശ്‌നമായി നില്‍ക്കുന്നതാണ് അടിക്കടി വരുന്ന രോഗങ്ങള്‍. രോഗപ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളില്‍ രോഗങ്ങള്‍ ഇടയ്ക്കിടെ വരുന്നതിന് കാരണമാകുന്നത്. ധാരാളം വിറ്റാമിനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. പാല്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നു. കുട്ടികള്‍ക്ക് സാലഡായോ അല്ലാതെയോ തൈര് നല്‍കാം. ബദാമില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ബദാമില്‍ ഫോസ്ഫറസ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിനും ബദാം നല്ലതാണ്. അയണ്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മുട്ട. അത് കൊണ്ട് തന്നെ മുട്ട ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. മുട്ടയിലെ സെലിനിയം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. റാഗിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിവിധതരം മാക്രോ, മൈക്രോ ന്യൂട്രിയന്റുകള്‍, അവശ്യ കൊഴുപ്പുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി കൂട്ടാന്‍ മികച്ചൊരു ഭക്ഷണമാണ് റാഗി.

*ശുഭദിനം*
*കവിത കണ്ണന്‍*
അച്ഛന്‍ മരിക്കുമ്പോള്‍ അയാള്‍ നന്നേ ചെറുപ്പമായിരുന്നു. വലിയൊരു വ്യവസായ സ്ഥാപനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. പക്ഷേ, അച്ഛന്‍ നടത്തിക്കൊണ്ടുവന്ന ആ സ്ഥാപനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് അയാള്‍ക്ക് വലിയ വിവരമൊന്നുമുണ്ടായിരുന്നില്ല. നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നുവെങ്കിലും വീട്ടിലെ ഏക മകനായിരുന്നതുകൊണ്ട് വളരെ ലാളിച്ചായിരുന്നു അയാളെ വളര്‍ത്തിയത്. അച്ഛന്‍ മരിച്ചതോടെ വലിയൊരു പ്രതിസന്ധി അയാളെ തേടി വന്നു. ആ വ്യവസായ സ്ഥാപനം നല്ലവിലയ്ക്ക് വാങ്ങാന്‍ ധാരാളം ആളുകളുണ്ടായിരുന്നു. ഒന്നുകില്‍ അയാള്‍ക്ക് ആ സ്ഥാപനം വലിയൊരു വിലക്ക് വിറ്റ് സുഖമായി ഇനിയുള്ള കാലം ജീവിക്കാം, അല്ലെങ്കില്‍ പരിചയമില്ലാത്ത ആ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം. അവസാനം അയാള്‍ ആ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ആ വ്യവസായ സ്ഥാപനത്തെക്കുറിച്ച് നന്നായി അയാള്‍ ഹോംവര്‍ക്ക് ചെയ്തു. പരിചയസമ്പന്നരായ നിരവധി ആളുകളുടെ ഉപദേശം തേടി. നല്ല തീരുമാനങ്ങള്‍ എടുത്തു. അവ സമര്‍ഥമായി നടപ്പിലാക്കി. താമസിയാതെ അയാള്‍ അച്ഛനേക്കാള്‍ വലിയ ഒരു വ്യവസായ സ്ഥാപനത്തിനുടമയായി മാറി. പലപ്പോഴും നാം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാറില്ല, വലിയ അല്ലലില്ലാതെ സൈര്യജീവിതം നയിക്കാനാണ് ശ്രമിക്കുക. ജീവന് ഭീഷണിയൊന്നും ഇല്ലെന്ന് വരുമ്പോള്‍ സുഖലോലുപതയില്‍ കഴിഞ്ഞുകൂടാന് ഏവര്‍ക്കും ഇഷ്ടം. അജ്ഞതയും അലസതയുമാണ് നമ്മുടെ പുരോഗതിയുടെ മുന്നില്‍ വിലങ്ങുതടിയായി മാറുന്നത്. പുതിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയില്‍ നമ്മുടെ തടസ്സവും ഇതുതന്നെയാണ്. നമ്മുടെ ലക്ഷ്യം എന്താണെന്ന തിരിച്ചറിയുക.. വിജയത്തിലേക്കുള്ള യാത്രയില്‍ നേരിടാന്‍ ഇടയുള്ള തടസ്സങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കുക. വലിയ കാര്യങ്ങള്‍ നേടുന്നതിന് സൂക്ഷമായ ഒരുക്കങ്ങള്‍ ചെയ്യേണ്ടതുണ്ട്. ചിലപ്പോള്‍ അതിന് ഒരുപാട് കാലംവേണ്ടിവന്നുവെന്ന് വരാം. പക്ഷേ നാം ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only