03 നവംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 03 നവംബർ 2021)
🔳സൗരോര്‍ജ്ജം പ്രധാന ഊര്‍ജ്ജശ്രോതസ്സാക്കി മാറ്റേണ്ട കാലഘട്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാലാവസ്ഥ ഉച്ചകോടിയില്‍. മനുഷ്യരാശിയുടെ ഭാവി തന്നെ ഇതിലാണെന്ന് മോദി ഗ്ലാസ്ഗോവില്‍ പറഞ്ഞു. ഒരു സൂര്യന്‍ ഒരു ലോകം ഒരു ഗ്രിഡ് - ഇതാണ് നിലവിലെ വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗ്ഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള ഗ്രിഡ് യാഥാര്‍ത്ഥ്യമാക്കണമെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ഒരേ ഒരു മാര്‍ഗം സൗരോര്‍ജ്ജമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനം ഇന്ത്യക്ക് വെല്ലുവിളിയെന്നും 2070 ഓടെ ഇന്ത്യ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയായിരുന്നു ഈ സംഭാഷണം. നിങ്ങള്‍ ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. വരൂ, എന്റെ പാര്‍ട്ടിയില്‍ ചേരൂ'. എന്നാണ് ഇസ്രായേലി പ്രധാനമന്ത്രി പറഞ്ഞത്. ഒരു പൊട്ടിച്ചിരിയാണ് പ്രധാനമന്ത്രി മോദി ഇതിന് മറുപടിയായി നല്‍കിയത്.

🔳സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം വിഎസിനെ ചികിത്സിക്കുകയാണ്. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ രാവിലെ വിഎസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വിഎസിനെ അലട്ടുന്നത്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍.

🔳വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജ് നടത്തിയ പ്രതിഷേധത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ജോജു മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ തന്നെ വന്നതാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡന്റ് ഷിയാസ് പറയുന്നു. ജോജു ലഹരിക്കടിമപ്പെട്ടാണ് പ്രശ്നമുണ്ടാക്കിയതെന്ന ആരോപണത്തില്‍ ഷിയാസ് ഉറച്ച് നില്‍ക്കുകയാണ്. എന്ത് ലഹരിയാണെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ നിലപാട്. ജോജു ജോര്‍ജ്ജിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ജോജു മദ്യപിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍.

🔳നടന്‍ ജോജു ജോര്‍ജ് ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഡിലീറ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പ്രചരിച്ചെങ്കിലും ജോജു ജോര്‍ജ് സ്വയം ഡിലീറ്റ് ചെയ്തതാണെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

🔳ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.

*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
➖➖➖➖➖➖➖➖

🔳രണ്ട് പതിറ്റാണ്ട് നീണ്ട സിപിഎം ബാന്ധവം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനില്‍ നിന്നും ചെറിയാന്‍ ഫിലിപ്പ് അഞ്ച് രൂപ നല്‍കി അംഗത്വം സ്വീകരിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധീഖ്, പിടി തോമസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം.

🔳അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അഞ്ചു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. അനുപമയുടെ അമ്മയുള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നില്ല. അതേ സമയം കുഞ്ഞിനുവേണ്ടി അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് ഹൈക്കോടതി പറഞ്ഞതിനെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചു.

🔳ആസ്ബറ്റോസ്, ടിന്‍ ഷീറ്റുകള്‍, അലുമിനിയം ഷീറ്റുകള്‍ തുടങ്ങിയവ കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച സ്‌കൂളുകള്‍ക്ക് താത്കാലിക ഫിറ്റ്‌നസ് മാത്രം. മേല്‍ക്കൂര മാറ്റിപ്പണിയാന്‍ മൂന്നുമാസം സമയം അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

🔳ബി.ജെ.പി. പുനഃസംഘടനയ്ക്കുശേഷം ആദ്യമായിനടന്ന സംസ്ഥാന നേതൃയോഗത്തില്‍നിന്ന് പ്രമുഖ നേതാക്കള്‍ വിട്ടുനിന്നു. പി.കെ. കൃഷ്ണദാസ് പക്ഷത്തെ ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, ഒരു ഗ്രൂപ്പിലുമില്ലാത്ത വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് ഇന്നലെ തിരുവനന്തപുരത്തുനടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. എന്നാല്‍, പി.കെ. കൃഷ്ണദാസ് പങ്കെടുത്തു. കോര്‍ കമ്മിറ്റി യോഗത്തിലും രമേശും രാധാകൃഷ്ണനും പങ്കെടുത്തില്ല.ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, പ്രഭാരി സി.പി. രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

🔳നോ ഹലാല്‍ ഹോട്ടല്‍ നടത്തിപ്പിലൂടെ ശ്രദ്ധേയായ കൊച്ചിയിലെ തുഷാര കല്ലയിലിനേയും ഭര്‍ത്താവ് അജിത്തിനേയും ഇവരുടെ കൂട്ടാളിയായ അപ്പുവിനേയും വധശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റൊ കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവം മറച്ചു വച്ച് കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയ പ്രചാരണം നടത്തിയതിന് മറ്റൊരു കേസും പൊലീസ് ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിനും തങ്ങളുടെ ഹോട്ടലില്‍ പന്നിയിറച്ചി വിളമ്പിയതിലും പ്രകോപിതരായ ഒരു വിഭാഗമാളുകള്‍ തങ്ങളെ ആക്രമിച്ചെന്നും ഇപ്പോള്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും പറഞ്ഞ് തുഷാര അജിത്ത് ഫേസ്ബുക്ക് ലൈവ് വീഡിയോ ഇട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ വന്‍തോതിലുള്ള വര്‍ഗീയപ്പോരിന് ഈ സംഭവം വഴി തുറന്നിരുന്നു. സംഭവത്തില്‍ സംഘപരിവാര്‍ - വിഎച്ച്പി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

🔳മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍. ഇതിന്റെ ഭാഗമായി സിനിമാ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഈ വിഷയത്തില്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളിലെ ഒത്തുതീര്‍പ്പ് ആണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.
മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

🔳കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. . പനങ്ങാട് പഞ്ചായത്തിലെ തോരാട് ഉരുള്‍ പൊട്ടി. 

🔳ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ 'ഹരിത പടക്കങ്ങള്‍' മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പടക്കങ്ങള്‍ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടുമുതല്‍ പത്തുവരെയാക്കി നിജപ്പെടുത്തി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി.

🔳പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടിയുടെ പേരും പ്രഖ്യാപിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പേര്. അതേസമയം താന്‍ തളര്‍ന്നിട്ടില്ലെന്നും വിരമിച്ചിട്ടില്ലെന്നും പഞ്ചാബിലെ ജനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും അദ്ദേഹം സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ പറഞ്ഞു. ഞാന്‍ സൈനികനായി തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും മാഞ്ഞുപോകാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് അധ്യക്ഷയ്ക്കയച്ച കത്ത് അമരീന്ദര്‍ സിംഗ് പുറത്തുവിട്ടത്.

🔳മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും 29 അസംബ്ലി സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം പൂര്‍ത്തിയായി. ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയും സഖ്യകക്ഷികളും വീണ്ടും കരുത്ത് തെളിയിച്ചു. പശ്ചിമബംഗാളില്‍ ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളിലടക്കം നാലിടത്തും വന്‍ ഭൂരിപക്ഷം നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചലിലെ മാണ്ടിയില്‍ കോണ്‍ഗ്രസും ദാദര്‍ നാഗര്‍ഹവേലിയില്‍ ശിവസേനയും മധ്യപ്രദേശിലെ ഖാണ്ഡവയില്‍ ബിജെപിയുമാണ് വിജയിച്ചത്. ഹിമാചല്‍ പ്രദേശിലെ നിയസഭ ഉപ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. രാജസ്ഥാനില്‍ ആദിവാസി മേഖലയായ ബിജെപി സിറ്റിങ് സീറ്റ് ദരിയവാദ് പിടിച്ചെടുക്കാനായുതും വല്ലഭ്നഗറില്‍ ജയിച്ചതും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസമായി. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് ബിജെപി ഉപതെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചത്. അതേസമയം റെയ്ഗാവിലെ ബിജെപിയുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസും പിടിച്ചെടുത്തു. അസമിലെ അഞ്ചില്‍ അഞ്ച് സീറ്റിലും വിജയം നേടി ബിജെപിയും സഖ്യകക്ഷിയായ യുപിപിയും കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി. തെലങ്കാനയില്‍ ടിആര്‍എസ് വെല്ലുവിളി അതിജീവിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായ ഏട്ടാല രാജേന്ദ്രര്‍ വിജയം നേടി. കര്‍ണാടകയിലെ സിന്ദ്ഗിയല്‍ വിജയിച്ച് കരുത്ത് കാട്ടിയെങ്കിലും ഹാങ്ഗാളില്‍ കോണ്‍ഗ്രസിനോട് തോറ്റത് ബിജെപിക്ക് ക്ഷീണമായി. ബിഹാറില്‍ രണ്ട് സീറ്റിലും ജെഡിയു തന്നെയാണ് വിജയിച്ചത്.

🔳അഫ്ഗാനിസ്താനില്‍ സൈനിക ആശുപത്രിയില്‍ വെടിവെപ്പിന് പിന്നാലെ ഇരട്ട സ്‌ഫോടനം. ചുരുങ്ങിയത് 15 പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ കാബൂളിലെ സര്‍ദാര്‍ മുഹമ്മദ് ദൗദ് ഖാന്‍ സൈനിക ആശുപത്രിയുടെ കവാടത്തിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

🔳ആവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ചൈനീസ് സര്‍ക്കാര്‍. അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ക്കും നിര്‍ദേശമുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് അവശ്യവസ്തുക്കള്‍ സംഭരിച്ചുവയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

🔳ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും മകള്‍ക്കെതിരായ ഓണ്‍ലൈന്‍ ഭീഷണി വിഷയത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടല്‍. ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് കാണിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കി. കോലിയുടെയും അനുഷ്‌കയുടെയും ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരേ ട്വിറ്ററിലൂടെ ഉയര്‍ന്ന ഭീഷണികള്‍ ലജ്ജാകരമാണെന്ന് ഡി.സി.ഡബ്ല്യു ചെയര്‍പേഴ്‌സണ്‍ സ്വീതി മലിവാള്‍ പ്രതികരിച്ചു.

🔳ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'പ്രിയപ്പെട്ട വിരാട്, അവര്‍ വെറുപ്പ് ഉള്ളില്‍ നിറഞ്ഞവരാണ്. കാരണം അവര്‍ക്ക് ആരും സ്‌നേഹം നല്‍കുന്നില്ല. അവര്‍ക്ക് മാപ്പു നല്‍കൂ. നിങ്ങള്‍ ടീമിനെ സംരക്ഷിക്കൂ.' രാഹുല്‍ ട്വീറ്റ് ചെയ്തു.

🔳ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഇന്ത്യന്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്. ആരാധകരുടെ അഭ്യര്‍ഥന പ്രകാരം ഫെബ്രുവരിയില്‍ പിച്ചില്‍ തിരിച്ചെത്താനാകും എന്നാണ് പ്രതീക്ഷയെന്ന് മുപ്പത്തിയൊമ്പതുകാരനായ യുവി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ആരാധകരുടെ പിന്തുണയ്ക്ക് താരം നന്ദിപറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലാണോ ടി20 ലീഗുകളിലേക്കാണോ യുവ്‌രാജ് സിംഗിന്റെ തിരിച്ചുവരവ് എന്ന് വ്യക്തമല്ല.

🔳ടോക്കിയോ ഒളിംപിക്സില്‍ ഹോക്കി വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി. ആര്‍. ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്സിങ്ങില്‍ വെങ്കലം നേടിയ ലവ്‌ലിന ബോള്‍ഗൊഹെയിന്‍ എന്നിവര്‍ അടക്കം ആകെ 12 പേര്‍ക്കാണ് പുരസ്‌കാരം. ഈ മാസം 13ന് പുരസ്‌കാരം സമ്മാനിക്കും. ദ്രോണചാര്യ പുരസ്‌കാരം മലയാളിയായ രാധാകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ചു. ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിന്റെ ചീഫ് കോച്ചാണ് അദ്ദേഹം. 35 കായിക താരങ്ങള്‍ക്ക് അര്‍ജ്ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരങ്ങള്‍ ആര്‍ക്കും ഇത്തവണ അര്‍ജ്ജുന പുരസ്‌കാരമില്ല.

🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് മൂന്നാം ജയത്തോടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 85 റണ്‍സ് വിജയലക്ഷ്യം 13.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 31 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തെംബാ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.  

🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ റണ്‍സിന് കീഴടക്കി പാക്കിസ്ഥാന്‍ സെമിയില്‍. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 50 പന്തില്‍ 79 റണ്‍സുമായി പുറത്താകാതെ നിന്ന റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 49 പന്തില്‍ 70 റണ്‍സെടുത്ത് പുറത്തായി. നാലാം ജയത്തോടെ ഗ്രൂപ്പില്‍ എട്ടു പോയന്റുമായി ഒന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ഇതുവരെ കളിച്ച ഏഴ് ടി20 ലോകകപ്പുകളില്‍ അഞ്ചാം തവണയാണ് പാക്കിസ്ഥാന്‍ സെമിയിലെത്തുന്നത്.

🔳കേരളത്തില്‍ ഇന്നലെ 64,999 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 55 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 87 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,236 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5913 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8424 പേര്‍ രോഗമുക്തി നേടി. ഇതോടെ 74,618 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട് 92, കാസര്‍ഗോഡ് 76.

🔳ആഗോളതലത്തില്‍ ഇന്നലെ 3,32,231 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 35,853 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,865 പേര്‍ക്കും റഷ്യയില്‍ 39,008 പേര്‍ക്കും തുര്‍ക്കിയില്‍ 29,796 പേര്‍ക്കും ഇന്ത്യയില്‍ 10,796 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.82 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.82 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,947 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 665 പേരും റഷ്യയില്‍ 1,178 പേരും ഉക്രെയിനില്‍ 700 പേരും റൊമാനിയായില്‍ 586 പേരും ഇന്ത്യയില്‍ 294 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.27 ലക്ഷമായി.

🔳ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് കമ്പനി സ്പേസ് എക്സിനു കീഴിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഡിവിഷനായ സ്റ്റാര്‍ ലിങ്കിന്റെ സേവനം ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സേവനം നല്‍കാനുള്ള അനുമതി ലഭിച്ചാല്‍ ഡല്‍ഹിയിലെയും സമീപത്തെ ഗ്രാമപ്രദേശങ്ങളിലെയും സ്‌കൂളുകള്‍ക്ക് 100 ഉപകരണങ്ങള്‍ സൗജന്യമായി നല്‍കാനാണ് സ്റ്റാര്‍ലിങ്കിന്റെ പദ്ധതി. ഇതിനു പിന്നാലെ 12 ഗ്രാമീണ ജില്ലകള്‍ ലക്ഷ്യം വെക്കും. ഡിസംബര്‍ 2022 ഓടെ രണ്ടു ലക്ഷം ഡിവൈസുകള്‍ ഇന്ത്യയില്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതില്‍ കൂടുതലും ഗ്രാമീണ മേഖലകളിലായിരിക്കും. ഇന്ത്യയില്‍ നിന്ന് ഇതിനകം 5000 ഡിവൈസുകള്‍ക്കായുള്ള പ്രീ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

🔳ഇന്ത്യയിലെ ആദ്യ റൂഫ്-ടോപ് ഡ്രൈവ്-ഇന്‍ തീയേറ്റര്‍ തുറക്കാനൊരുങ്ങി റിലയന്‍സ് റീട്ടെയില്‍. മുംബൈ നഗരത്തിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളില്‍ നവംബര്‍ അഞ്ചിനാണ് തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 290 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം തീയേറ്ററില്‍ ഉണ്ടാകും. മൂംബൈയിലെ ഏറ്റവും വലിയ സ്‌ക്രീനാണ് തീയേറ്ററില്‍ ഒരുങ്ങുന്നത്. പിവിആര്‍ സനിമാസ് ആണ് തീയേറ്ററിന്റെ നടത്തിപ്പുകാര്‍. പ്രീമിയം ഇന്ത്യന്‍- ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ മാത്രമുള്ള റിലയന്‍സിന്റെ മാളാണ് ജിയോ വേള്‍ഡ് ഡ്രൈവ്. ആധുനിക കാലത്തെ ഉപഭോക്കാക്കള്‍ക്ക് വിനോദവും ഉള്‍ക്കാഴ്ചയും നല്‍കുന്ന ഷോപ്പിംഗ് അനുഭവം നല്‍കുകയാണ് ജിയോ വേള്‍ഡ് ഡ്രൈവിന്റെ ലക്ഷ്യം.

🔳ആദ്യമായി സംവിധായകന്‍മാരാകാന്‍ ഒരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. 'വെടിക്കെട്ട്' എന്ന് പേരിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നില്‍കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

🔳കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് കൈത്താങ്ങായി ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്ടര്‍'. ഒക്ടോബര്‍ ഒന്‍പതിന് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 25 ദിവസം കൊണ്ട് നൂറ് കോടിയാണ് ബോക്‌സ്ഓഫീസില്‍ നിന്നും വാരിയത്. സിനിമയുടെ ആഗോള കളക്ഷന്‍ തുകയാണിത്. കെജെആര്‍ സ്റ്റുഡിയോസും ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സനാണ്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് 'ഡോക്ടര്‍'. ശിവകാര്‍ത്തികേയന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായും 'ഡോക്ടര്‍' മാറി.

🔳ദീപാവലിയുടെ ഭാഗമായി ജനപ്രിയ മോഡലുകള്‍ക്ക് നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ച് ഹ്യുണ്ടായ്. തിരഞ്ഞെടുത്ത മോഡലുകളുടെ ചില വേരിയന്റുകള്‍ക്ക് 2021 നവംബറില്‍ 15,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ കിഴിവുകള്‍ നല്‍കുന്നുണ്ട്. ഹ്യുണ്ടായ് സാന്‍ട്രോ, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്, ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് ഐ20, ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയുള്‍പ്പെടെയുള്ള കാറുകള്‍ക്കാണ് 2021 നവംബറില്‍ വിവിധ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത്.

🔳കേവലം ഒരു നോവലിനുമപ്പുറം നോവുന്ന പരാമര്‍ത്ഥങ്ങളില്‍ നിന്ന് പൊട്ടിയടര്‍ന്നു വീണ ഒരു കനലാണിത്. വിരഹത്തിന്റെ നനവും, നൊമ്പരത്തിന്റെ മിഴിനീരും, സ്നേഹത്തിന്റെ പരിമളവും, സൗഹൃദത്തിന്റെ ഇളം ചൂടും നിറമില്ലാത്ത ഈ ചുമരില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. 'ചുവന്ന പൂക്കാലം'. ജനീഷ് കെ സി. സൈകതം ബുക്സ്. വില 161 രൂപ.

🔳വളരെ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നവരില്‍ 17% മരണനിരക്ക് കുറയുന്നതായി പഠനം. ദീര്‍ഘായുസ്സും ഒരു പ്രത്യേക ഭക്ഷണവും തമ്മില്‍ ശക്തമായ ബന്ധം ഉള്ളതായി ഗവേഷകര്‍ പറയുന്നു. ബീന്‍സ് ദീര്‍ഘായുസ്സിന്റെ രഹസ്യമായും കണക്കാക്കപ്പെടുന്നു. ചെറുപയറിന് പുറമെ, കിഡ്നി ബീന്‍സ്, വന്‍പയര്‍ എന്നിവയും ബീന്‍സ് വിഭാഗത്തില്‍ വരുന്നു. കുറഞ്ഞത് 100 വര്‍ഷമെങ്കിലും ആളുകള്‍ ജീവിക്കുന്ന പ്രദേശങ്ങളായ ബ്ലൂ സോണുകളില്‍ നടത്തിയ പഠനത്തില്‍ ഇവിടുത്തെ ആളുകളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ഒട്ടേറെ സമാനതകള്‍ കണ്ടെത്തി. 'ദി അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിന്‍' പറയുന്നതനുസരിച്ച്, ഭക്ഷണത്തിന് പുറമെ, ഈ പ്രദേശത്തെ ആളുകള്‍ വളരെ ഉത്സാഹമുള്ളവരും, ലക്ഷ്യബോധമുള്ളവരും, മിതമായ അളവില്‍ മദ്യം കഴിക്കുന്നവരുമാണ്. ഇവര്‍ പച്ച പയര്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ബ്ലൂ സോണ്‍ ഡയറ്റിലെ ഗവേഷകരുടെ കണ്ടെത്തലില്‍ പറയുന്നത്, ദീര്‍ഘായുസ്സോടെ ജീവിക്കുന്ന ഇവര്‍ എല്ലാ ദിവസവും ഒരു കപ്പ് ബീന്‍സ് കഴിക്കുമെന്നാണ്. പ്രോട്ടീനുകളാലും ഫൈബറുകളാലും സമ്പുഷ്ടമാണ് ബീന്‍സ്, അതില്‍ കൊഴുപ്പ് അടങ്ങിയിട്ടില്ല. ജെറോന്റോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ അഭിപ്രായത്തില്‍, ആവശ്യത്തിന് ഫൈബര്‍ കഴിക്കുന്നത് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വിഷാദം, രക്താതിമര്‍ദ്ദം, പ്രമേഹം, ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ രീതിയില്‍ വാര്‍ദ്ധക്യത്തെ സഹായിക്കുന്ന പോളിഫിനോള്‍സ് എന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ഡയബറ്റിക് എന്നിവയ്ക്ക് പുറമേ, അമിതവണ്ണത്തിനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും സാധ്യത കുറയ്ക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
2001 നവംബര്‍ 8 ന് രാജസ്ഥാനിലെ ജയ്പൂരിലാണ് അവനി ജനിച്ചത്. അച്ഛന്‍ പ്രവീണും അമ്മ ശ്വേതയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. 2012 ലെ ഒരു കാറപകടം അവളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. നട്ടെല്ലിന് പരിക്കേറ്റ അവള്‍ ജീവിതകാലം മുഴുവന്‍ വീല്‍ ചെയറില്‍ കഴിയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോള്‍ വെറും പതിനൊന്ന് വയസ്സ് മാത്രമായിരുന്നു അവനിക്ക് ഉണ്ടായിരുന്നത്. അതുവരെ ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നിരുന്ന അവള്‍ പിന്നീട് ആരോടും മിണ്ടാന്‍ തന്നെ കൂട്ടാക്കാതായി. പോരാത്തതിന് വല്ലാത്ത ദേഷ്യവും. ഏകദേശം 2 വര്‍ഷത്തോളം പല ആശുപത്രികളിലും വീട്ടിലുമായി അവള്‍ കഴിഞ്ഞു. ചൂടത്തിയായ മകളെ തണുപ്പിക്കാന്‍ അച്ഛന്‍ അവള്‍ക്കൊരു പുസ്തകം വാങ്ങിക്കൊടുത്തു. അച്ഛന്‍ കൊടുത്ത ആ പുസ്തകം ടേബിള്‍ ലാംമ്പിന്റെ വെളിച്ചത്തില്‍ ഒറ്റയിരുപ്പിന് അവള്‍ വായിച്ചുതീര്‍ത്തു. ആ പുസ്തത്തിലെ അവസാന അധ്യായത്തിലെ ആദ്യ വാചകത്തില്‍ അവളുടെ കണ്ണുകളുടക്കി. 'വിജയം ആരുടേയും ജന്മാവകാശമല്ല' . ഈ പുസ്തകം അവള്‍ക്കൊരു ഇന്‍സ്പിരേഷനായി. അഭിനവ് ബിന്ദ്രയുടെ ആത്മകഥയായിരുന്നു അത്. ഷൂട്ടിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള അവളുടെ ആഗ്രഹം പഠനത്തിലെത്തി. ഷൂട്ടിങ്ങാണ് തന്റെ വഴിയെന്ന് അവള്‍ ഉറപ്പിച്ചു. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടുള്ള പരിശീലനം അതികഠിനമായിരുന്നു. പക്ഷേ, തന്റെ കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും അവനി അതിനെയെല്ലാം മറികടന്നു. അഭിനവ് ബിന്ദ്രയെ മാതൃകയാക്കി ഷൂട്ടിങ്ങ് തിരഞ്ഞെടുത്ത അവനി 2021 ല്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിച്ചു! ഒളിപിക്‌സിലെയോ പാരലിംപിക്‌സിലെയോ ഷൂട്ടിങ്ങ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ സ്വര്‍ണ്ണമായിരുന്നു അത്. ജയ്പൂരിലെ മഹാറാണി എന്ന് വിളിപ്പേരുള്ള അവനി രാജസ്ഥാന്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിനിയാണ്. ജീവിതം പലപ്പോഴും നമുക്ക് മുന്നില്‍ ചില സമസ്യകള്‍ ഒരുക്കിയേക്കാം. പക്ഷേ, കഠിനാധ്വാനവും ആത്മവിശ്വാസവും ആ സമസ്യകള്‍ക്കൊരു താക്കോല്‍ നമുക്ക് സമ്മാനിക്കുക തന്നെ ചെയ്യും. കാരണം വിജയം ആരുടേയും ജന്മാവകാശമല്ല - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only