23 നവംബർ 2021

ദുർഗന്ധം അസഹനീയം: കൂടത്തായി സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിന്.
(VISION NEWS 23 നവംബർ 2021)
താമരശ്ശേരി:
ദുർഗന്ധം വമിക്കുന്നത് കാരണം പഠനം നടത്താൻ പ്രയാസം നേരിടുന്ന കൂടത്തായി സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ കരിമ്പാലക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഫ്രഷ് കട്ട് ഓർഗാനിക് ലിമിറ്റഡ് എന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് ഉയരുന്ന രൂക്ഷമായ ദുർഗന്ധമാണ് ഈ വിദ്യാലയത്തേയും നാടിനേയും ശ്വാസം മുട്ടിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ സിബി പൊൻപാറയും പി.ടി.എ. പ്രസിഡൻ്റ് കെ.എസ്. മനോജ് കുമാരനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2500 ഓളം എൽ.കെ.ജി. മുതൽ പ്ലസ് 2 വരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ ആരോഗ്യത്തിനും ഈ ദുർഗന്ധം ഒരു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കലക്റ്റർ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് തുടങ്ങിയവരെയൊക്കെ വിവരം അറിയിച്ചിട്ടും ഫലപ്രദമായ നടപടികൾ ഒന്നും ഇതുവരെയുണ്ടായിട്ടില്ല.

 പരിഹാരം കാണാത്തതിനാൽ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കളും കുട്ടികളും പ്രത്യക്ഷ സമര രംഗത്തേക്ക് ഇറങ്ങുകയാണ്. സമര പരിപാടികളുടെ ഭാഗമായി കുട്ടികൾ എഴുതി ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് അയക്കും. സ്കൂളിൽ ഒരു ദിവസത്തെ പ്രതിഷേധ ദിനം ആചരിക്കും. പ്രശ്നത്തിന്റെ ഗൗരവം സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയക്കും.

പി.ടി.എ. യുടെ നേതൃത്വത്തിൽ ധർണ്ണ, മനുഷ്യ ചങ്ങല തുടങ്ങിയ വ നടത്തും. ഇതോടൊപ്പം സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ഭാരവാഹികൾ.

വാർത്താ സമ്മേളനത്തിൽ കൂടത്തായി സെൻ്റ്മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഇ.ഡി. ഷൈലജ, സ്റ്റാഫ് സെക്രട്ടറി ഗ്രെയ്സൺ ജോസ്, ജെ.ആർ.സി. കൗൺസിലർ ജോസ് തുരുത്തിമറ്റം എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only