20 നവംബർ 2021

ചായ കുടിക്കാൻ ഇറങ്ങിയ എസ്.ഐ ടിപ്പർ ലോറിയിടിച്ച് മരിച്ചു
(VISION NEWS 20 നവംബർ 2021)കൊട്ടാരക്കര (കൊല്ലം): താലൂക്കാശുപത്രി എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടിക്കിടെ ചായ കുടിക്കാൻ ദേശീയപാതയിലേക്കിറങ്ങിയ ഗ്രേഡ് എസ്.ഐ ടിപ്പർ ലോറിയിടിച്ച് മരിച്ചു. പുനലൂർ ഇളമ്പൽ കുണ്ടയം കിരൺ നിവാസിൽ ജോൺസൺ (54) ആണ് മരിച്ചത്.

ഇന്നലെ (വെള്ളിയാഴ്ച) രാവിലെ 07.30 ഓടെ ദേശീയ പാതയിൽ കൊട്ടാരക്കര ഹോസ്പിറ്റൽ ജങ്​ഷനിലായിരുന്നു അപകടം.

വയർലെസ് സെറ്റുമായി റോഡിലേക്കിറങ്ങിയ ജോൺസൺ, ടിപ്പർ ലോറി വരുന്നത് കണ്ട് വേഗത കുറക്കാൻ നിർദേശം നൽകിയ ശേഷമാണ് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചത്​. എന്നാൽ, ലോറി വരുന്നതു കണ്ടിട്ടും നടത്തത്തിന് ജോൺസൻ വേഗത കൂട്ടിയിരുന്നില്ല. തുടർന്ന് റോഡിൽ കുഴഞ്ഞു വീണതായാണ് നിഗമനം. ഇതിനിടെ, കയറ്റം കയറി വന്ന ടിപ്പർ ഇടിക്കുകയും തല തകർന്ന് തൽക്ഷണം മരിക്കുകയുമായിരുന്നു.

ഒരു മാസം മുൻപ് കോവിഡ് ബാധിച്ചിരുന്നു. ഇതിന്‍റെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. 

ഡെപ്യൂട്ടേഷനിൽ റെയിൽവേയിൽ ജോലി ചെയ്തിരുന്ന ജോൺസൺ കൊട്ടാരക്കരയിൽ ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്കു മാറ്റി. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തെത്തിയിരുന്നു. 

ശനിയാഴ്ച രാവിലെ 7 ന് കൊട്ടാരക്കര സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് വീട്ടിലെത്തിക്കും. 

12 ന് ഔദ്യോഗിക ബഹുമതികളോടെ മരങ്ങാട്ട് പള്ളിയിൽ സംസ്​കരിക്കും.

പുനലൂർ ഗവ: ഹൈസ്കൂൾ അധ്യാപിക ബസ്സി ജോൺസണാണ് ഭാര്യ. 

മക്കൾ: കിരൺ, കെവിൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only