22 നവംബർ 2021

വീരമൃത്യുവരിച്ച ഭർത്താവിനോടുള്ള വാക്കുപാലിച്ചു: രാജ്യം കാക്കാൻ ജ്യോതി
(VISION NEWS 22 നവംബർ 2021)
ജ്യോതി മക്കൾക്കൊപ്പം ചെന്നൈ: തീവ്രവാദിയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ സൈനികൻ ദീപക് നൈൻവാൾ, ഭാര്യ ജ്യോതിയോട് ആവശ്യപ്പെട്ടത് രാജ്യത്തിനുവേണ്ടി പോരാടാൻ സൈന്യത്തിൽ ചേരണമെന്നായിരുന്നു.

മൂന്നുവർഷത്തിനപ്പുറം ഭർത്താവിന്റെ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ നിറവിലാണ് ജ്യോതി (33). പരിമിതികളോട് പടവെട്ടിയാണ് നാലാം ശ്രമത്തിൽ പരീക്ഷയും കായികക്ഷമതയും തെളിയിച്ച് ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (ഒ.ടി.എ.) പ്രവേശനം നേടിയത്. പരിശീലനം പൂർത്തിയാക്കി കഴിഞ്ഞദിവസം കരസേനയിൽ ലഫ്റ്റനന്റായി ജോലിയിൽ പ്രവേശിച്ചു. കശ്മീരിലെ കുൽഗാമിൽ തീവ്രവാദികളുമായി 2018 ഏപ്രിൽ 11-ന് നടന്ന ഏറ്റമുട്ടലിലാണ് ദീപക് നൈൻവാളിന് വെടിയേറ്റത്. 

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ദീപക്, 40 ദിവസത്തോളം ചികിത്സയിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ആ ദിവസങ്ങളിലായിരുന്നു താൻ മരിച്ചാൽ സൈന്യത്തിൽ ചേരണമെന്ന് ജ്യോതിയോട് ആവശ്യപ്പെട്ടത്. ദീപക്കിന്റെ മരണശേഷം പകച്ചുനിന്ന ജ്യോതിക്ക് അമ്മ ധൈര്യം പകർന്നു. അങ്ങനെ സർവീസ് സെലക്ഷൻ ബോർഡിന്റെ പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുപ്പുകൾ തുടങ്ങി. ദെഹ്റാദൂണിൽനിന്നുള്ള വീട്ടമ്മയായ തനിക്കുമുന്നിൽ പ്രതിസന്ധികൾ ഏറെയായിരുന്നുവെന്ന് ജ്യോതി പറയുന്നു. 

വീടിനുള്ളിൽ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്നതിനാൽ ഇംഗ്ലീഷിലുള്ള ആശയവിനിമയം വലിയ കടമ്പയായിരുന്നു. ഭർത്താവിന്റെ സഹപ്രവർത്തകരായ പലരും പഠനത്തിന് സഹായിച്ചു. ആദ്യ മൂന്നുശ്രമങ്ങളും പരാജയപ്പെട്ടുവെങ്കിലും പിൻവാങ്ങിയില്ല. നാലാം ശ്രമത്തിൽ വിജയം വരിച്ചു. ജനുവരിയിൽ ചെന്നൈയിലെ ഒ.ടി.എ.യിൽ പരിശീലനത്തിനെത്തി. മക്കളെ വീട്ടുകാരെ ഏൽപ്പിച്ചിട്ടായിരുന്നു ജ്യോതിയെത്തിയത്. 

11 മാസം നീണ്ട പരിശീലനത്തിനൊടുവിൽ കഴിഞ്ഞ ദിവസം നടന്ന പാസിങ് ഔട്ട് പരേഡ് കാണാൻ ജ്യോതിയുടെ ഒമ്പതുവയസ്സുള്ള മകൾ ലാവണ്യയും ഏഴുവയസ്സുകാരനായ മകൻ റയൻസുമെത്തിയിരുന്നു. അമ്മയുടെ പാത പിന്തുടർന്ന് സൈന്യത്തിൽ ചേരുമെന്നാണ് മക്കൾ പറയുന്നത്. വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാർ ഇതിനുമുമ്പും സൈന്യത്തിൽ ചേർന്നിട്ടുണ്ട്. 

പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ വിഭൂതി ശങ്കറിന്റെ ഭാര്യ നികിത കൗൾ മേയിലാണ് ഒ.ടി.എ.യിൽ പരിശീലനം പൂർത്തിയാക്കി ലഫ്റ്റനന്റായി കരസേനയിൽ ചേർന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only