12 നവംബർ 2021

ക്ലീൻ കൊടുവള്ളി: കൊടുവള്ളി നഗരസഭ രണ്ട് കോടിയുടെ പദ്ധതികൾക്ക് അന്തിമ രൂപമായി
(VISION NEWS 12 നവംബർ 2021)


കൊടുവള്ളി: കൊടുവള്ളി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ പ്രഖ്യാപിച്ച ക്ലീൻ കെടുവള്ളി പദ്ധതി മൂന്ന് മാസംകൊണ്ട് പൂർണമായി നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഒരു കോടി രൂപ ചിലവ് വരുന്ന ജൈവ മാലിന്യ സംസ്കരണമാണ് പദ്ധതിയിൽ പ്രധാനപ്പെട്ടത്. നഗരസഭയിലെ 3600 വീടുകളിൽ ഈ പദ്ധതി പ്രകാരം റിങ് കമ്പോസ്റ്റ് സ്ഥാപിക്കും. ഒരു വീട്ടിൽ രണ്ട് റിങ് കമ്പോസ്റ്റുകളാണ് സ്ഥാപിക്കുക. ആദ്യത്തേത് ജൈവവളമായാൽ വളം മാറ്റിയ ശേഷം വീണ്ടും ഉപയോഗിക്കാവുന്നതാണ്. 2250 രൂപയാണ് ഒരു സെറ്റ് റിങ്ങിന്റെ വില. ഇത് പൂർണമായും സൗജന്യമായിരിക്കും.

300 വീടുകളിൽ ബയോഗ്യാസ് സ്ഥാപിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. പതിനൊന്നായിരം രൂപ വിലവരുന്ന ബയോഗ്യാസ് പ്ലാന്റും പൂർണമായും സൗജന്യമായിരിക്കും. അജൈവ മാലിന്യങ്ങൾ ഹരിതസംഘത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് ശേഖരിച്ച് മാറ്റുന്നതിന് കിലോ ഗ്രാമിന് 4 രൂപ 95 പൈസ നിരക്കിൽ കമ്പനിയുമായി നഗരസഭ കരാറിൽ ഒപ്പുവെച്ചു. മാർച്ച് മാസം വരെ 400 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടുപോകുന്നതാണ് കമ്പനിയുമായുള്ള എഗ്രിമെന്റ്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്

നഗരസഭയിൽ ഹരിത കർമ സേനയുടെ പ്രവർത്തനം നടക്കുന്നുണ്ട്. വാടകക്ക് സ്ഥലം ലഭ്യമാകുന്ന മുറക്ക് ഡിവിഷനുകളിൽ എം.സി.എഫ്. കേന്ദ്രങ്ങൾ ഒരുക്കും.ഇതിന് ഹരിതസേനാംഗങ്ങൾക്ക് ആവശ്യമായ പരിശീലനവും നൽകും.

കണ്ടാലമല പ്ലാസ്റ്റിക് ഷ്റഡിംങ് യൂണിറ്റിന്റെ പണി ഡിസംബർ മാസത്തോടെ പൂർത്തീകരിക്കുന്നതിനായി 10 ലക്ഷം രൂപ ചിലവഴിച്ച് 2000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഷെഡ് നിർമിക്കും. ഈ യൂണിറ്റിലേക്കുള്ള റോഡ് നിർമാണത്തിനായി 20 ലക്ഷം രൂപയുടെ പദ്ധതി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.

കൊടുവള്ളി നഗരം സുന്ദര നഗരമാക്കുന്നതിന്റെ പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തി. ആദ്യ ഘട്ടത്തിൽ മാർക്കറ്റ് റോഡിൽ പെയിന്റിങ്, പൂച്ചെട്ടി സ്ഥാപിക്കൽ എന്നിവ അടുത്ത മാസത്തോടെ നടപ്പാക്കും. അടുത്ത ഘട്ടത്തിൽ ദേശീയപാതയിലേക്കും പദ്ധതി വ്യാപിപ്പിക്കും. കൊടുവള്ളി നഗരത്തിൽ കച്ചവടക്കാരുടെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ ക്ലിൻ കൊടുവള്ളി പദ്ധതി പൂർണമായി നടപ്പാക്കും.

പത്രസമ്മേളനത്തിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. സുഷിനി, വികസന സ്ഥിരം സമിതി ചെയർമാൻ വി.സിയ്യാലിഹാജി, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.മൊയ്തിൻകോയ എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only