15 നവംബർ 2021

വായുമലിനീകരണം; സമ്പൂര്‍ണ ലോക്ഡൗണിന് തയ്യാറെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
(VISION NEWS 15 നവംബർ 2021)

ന്യൂഡല്‍ഹി: വായുമലിനീകരണം തീവ്രമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ഡൗണിന് തയ്യാറെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍ ലോക് ഡൗണ്‍ വഴി എത്രത്തോളം മലിനീകരണ തീവ്രത കുറയ്ക്കാനാവുമെന്ന് വ്യക്തമല്ലെന്നും സര്‍ക്കാര്‍ നല്‍കിയ റിപോര്‍ട്ടില്‍ അറിയിച്ചു.

ലോക്ഡൗണ്‍ വഴി മലിനീകരണം കുറയ്ക്കാനാവില്ലേയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ശനിയാഴ്ച കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ചോദിച്ചിരുന്നു. രണ്ട് ദിവസം പരീക്ഷിക്കാനാവില്ലെയെന്നും സോളിസിറ്റര്‍ ജറല്‍ തുഷാര്‍ മേത്തയോട് കോടതി ആരാഞ്ഞു.

ഡല്‍ഹിയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സമീപപ്രദേശങ്ങളിലും ലോക് ഡൗണ്‍ ആവശ്യമായിവരും. ഡല്‍ഹി എന്‍സിആറില്‍ ഇതേ നയം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വായുമലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യാവസ്ഥയില്‍ ഹരജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസറ്റിസ് ചന്ദ്രചൂഡ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെറിയ കുട്ടികള്‍ സ്‌കൂളിലേക്ക് റോഡിലൂടെ പോകുന്നുണ്ട്. കുട്ടികള്‍ മലിനീകരണത്തിനും മഹാമാരിക്കും ഡെങ്കിപ്പനിക്കും വിധേയരാവുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ പോലും മാസ് ധരിക്കേണ്ട അവസ്ഥയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസമായി ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 437 ആയിരുന്നു. ഞായറാഴ്ച അത് 330ആയി. ഹരിയാനയിലും പഞ്ചാബിലും വയല്‍കത്തിക്കല്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഈ മാറ്റം. വെള്ളിയാഴ്ച ഡല്‍ഹിയിലെ എക്യൂഐ 471ആയിരുന്നു.

ഗാസിയാബാദ്, നോയ്ഡ, ഫരീദാബാദ്, ഗ്രേറ്റര്‍ നോയ്ഡ എന്നിവിടങ്ങളില്‍ എക്യുഐ യഥാക്രമം 331, 321, 298, 310 എന്നിങ്ങനെയായിരുന്നു.

എക്യുഐ 0-50ന് ഉള്ളിലാണെങ്കില്‍ നല്ലതെന്നാണ് കണക്കാക്കുന്നത്. 51-100 തൃപ്തികരം, 101-200 മെച്ചപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ദൃശ്യതയിലും കുറവുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദൃശ്യത 1,500-2,200 മീറ്റര്‍ ആണ്. സഫ്ദര്‍ജുങ് വിമാനത്താവളത്തില്‍ അത് 1,000-1,500ആണ്.

ഡല്‍ഹിയില്‍ സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പുറം ജോലിയില്‍ നിന്ന് കഴിയാംവിധം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് വായുമലിനീകരണത്തോട് കുറയ്ക്കാന്‍ നടപടി സ്വീകരിക്കാന്‍ ഹരിയാനയോടും രാജസ്ഥാനോടും യുപിയോടും എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only