22/11/2021

വയനാട്ടിൽ കോളജ് വിദ്യാർഥിനിക്ക് കുത്തേറ്റു; യുവാവ് കസ്റ്റഡിയിൽ
(VISION NEWS 22/11/2021)
വൈത്തിരി: പ്രണയത്തിൽനിന്ന് പിന്മാറിയെന്നാരോപിച്ച് വയനാട്ടിൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു. ശരീരമാസകലം പരിക്കേറ്റ നിലയിൽ ലക്കിടിയിൽ സ്വകര്യ കോളേജ് വിദ്യാർഥിയായ ഇരുപതുകാരിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാലക്കാട് മണ്ണാർക്കാട് സ്വദേശി ത്രിദി നിലയത്തിൽ ദീപു (24) എന്ന യുവാവാണ് ലക്കിടി എൽ.പി സ്‌കൂളിന് സമീപം വെച്ച് പുൽപള്ളി സ്വദേശിയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപിച്ചത്. പെൺകുട്ടിയെ അക്രമിക്കുന്നതിനിടയിൽ കൈക്കു പരിക്കേറ്റ യുവാവ് പൊലീസ് കസ്റ്റഡിയിൽ വൈത്തിരി താലൂക്ക് ആശുപത്രിയിലാണ്.
വൈകീട്ട് നാല് മണിയോടെയാണ് സംഭവം. 

ഫേസ്ബുക്കിലൂടെ മൂന്നു വർഷം മുൻപ് പരിചയപ്പെട്ട യുവാവ് നേരത്തെ കോഴിക്കോട് വന്നു കുട്ടിയെ കാണാറുണ്ടായിരുന്നു. പ്രണയ വിവരമറിഞ്ഞ ഇരുവീട്ടുകാരും രണ്ടു പേരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുകയും യുവാവ് പിന്നീട് ഗൾഫിൽ പോകുകയും ചെയ്തു. ഗൾഫിൽ നിന്നും തിരിച്ചെത്തിയ യുവാവ് ഞായറാഴ്ച ലക്കിടിയിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. പ്രണയവുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് യുവതി അറിയിക്കുകയും ചെയ്തിരുന്നു.

തിരിച്ചു മണ്ണാർക്കാട്ടേക്കു പോയ യുവാവ് ഇന്നലെ വീണ്ടും ലക്കിടിയിലെത്തുകയും കോളജ് വിട്ടു കൂട്ടുകാരോടൊപ്പം പോകുകയായിരുന്ന പെൺകുട്ടിയെ സംസാരിക്കാൻ വേണ്ടി ഒറ്റക്ക് വിളിച്ചുകൊണ്ടുപോകുകയുമായിരുന്നു. 

സ്‌കൂളിന് എതിർവശത്തെ റോഡരികിൽവെച്ചാണ് ഇയാൾ പെൺകുട്ടിയെ കത്തികൊണ്ട് തുടരെ കുത്തിയത്. ഓടിരക്ഷപ്പെടുന്നതിനിടെ റോഡരികിലെ ചെളിയിലാണ്ട യുവാവിനെ നാട്ടുകാരാണ് പിടികൂടിയത്. പെൺകുട്ടിയെയും യുവാവിനെയും വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പെൺകുട്ടിക്ക് പതിനഞ്ചിലധികം മുറിവുകളുണ്ട്. 

ആഴത്തിലുള്ള മുറിവുകളില്ലെങ്കിലും മൂക്കിനും കഴുത്തിനും സാരമായ മുറിവുണ്ട്. യുവതിയെ പിന്നീട് മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊലപാതക ശ്രമത്തിന് യുവാവിനെതിരെ കേസ്സെടുത്തിട്ടുണ്ടെന്നു വൈത്തിരി പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only