02 നവംബർ 2021

നഖത്തില്‍ വരകള്‍ വീഴുന്നുണ്ടോ?: അറിയാം ഇക്കാര്യങ്ങൾ
(VISION NEWS 02 നവംബർ 2021)
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് നഖങ്ങള്‍. എന്നാൽ, നഖങ്ങളിൽ കാണുന്ന ചില മാറ്റങ്ങൾ ചില അസുഖങ്ങളെ കുറിച്ച് പറയുന്നതാണെന്നാണ് വിദഗ്ദർ പറയുന്നത്. നഖത്തിന്റെ താഴ്ഭാഗം മുതല്‍ മുകളിലേക്ക് നീളുന്ന കുത്തനെയുള്ള വരകള്‍ ഏതാണ്ട് 20 ശതമാനത്തോളം മുതിര്‍ന്നവരില്‍ സാധാരണമായി കണ്ടുവരാറുള്ളതാണ്. ഇതില്‍ തന്നെ മിക്കവാറും കേസുകളിലും പ്രായം കൂടുന്നു എന്നത് ശരീരം കാണിക്കുന്നതാണ് ഈ വരകളിലൂടെ എന്നാണ് വിദഗ്ദർ പറയുന്നത്. .

പ്രായം കൂടും തോറും, നഖത്തിലും മുടിയിലുമെല്ലാം കാണപ്പെടുന്ന ‘കെരാറ്റിന്‍’ എന്ന പ്രോട്ടീന്‍ കുറഞ്ഞുവന്നേക്കാം. ഇത് മൂലം നഖത്തില്‍ വര വീഴാം, മുടി ഡ്രൈ ആകാം. അതുപോലെ ചര്‍മ്മവും ഡ്രൈ ആയിവരും. എന്നാല്‍ ഈ വരകളോടൊപ്പം തന്നെ നഖത്തില്‍ നിറം മാറ്റവും പൊട്ടലുമെല്ലാം കാണുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് തന്നെയാണ് നല്ലതെന്നും വിദഗ്ദർ പറയുന്നു. കാരണം, വിളര്‍ച്ച, വാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ലക്ഷണമാകാം ഇവ.

ഇനി, നഖത്തിന് നടുവിലായ ഒരൊറ്റ വരയാണ് കാണുന്നതെങ്കില്‍ ഇത് പ്രോട്ടീന്‍ അല്ലെങ്കില്‍ ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലമാകാം. ശരീരം നിര്‍ജലീകരണം നേരിടുന്ന സാഹചര്യങ്ങളിലും നഖത്തില്‍ വരകള്‍ കണ്ടേക്കാം. ഇതോടൊപ്പം ചര്‍മ്മം വരളുക കൂടി ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. നിര്‍ജലീകരണം കേവലം ഇത്തരം പ്രശ്‌നങ്ങള്‍ കടന്ന് ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് ശരീരത്തെയെത്തിക്കുന്ന ഒന്നാണ്.

നഖത്തില്‍ കുറുകെ കാണുന്ന വരകള്‍ പലപ്പോഴും താല്‍ക്കാലികമായി നഖത്തിന്റ വളര്‍ച്ച നിന്നുപോകുന്നത് കൊണ്ടാകാം. എന്തെങ്കിലും പരിക്കുകള്‍ മൂലമാണ് പ്രധാനമായും നഖത്തിന്റെ വളര്‍ച്ച നിന്നുപോകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ചര്‍മ്മത്തെ ബാധിക്കുന്ന അസുഖങ്ങളുടെ ലക്ഷണമായും നഖത്തില്‍ വരകള്‍ കാണാമെന്നും വിദഗ്ദർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only