25 നവംബർ 2021

'പണി തുടങ്ങാന്‍ പോവുകയാണുട്ടാ', ഒളിവിലിരുന്ന് പ്രതിയുടെ ഭീഷണി; മണിക്കൂറുകള്‍ക്കകം പൂട്ടി പോലീസ്
(VISION NEWS 25 നവംബർ 2021)
കോഴിക്കോട്: വീട് കയറി ആക്രമണം നടത്തിയ ശേഷം ഒളിവിൽപോയി പോലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. ക്വട്ടേഷൻ സംഘത്തലവനും കണ്ണൂർ നാറാത്ത് സ്വദേശിയുമായ ഷമീമിനെയാണ് നാദാപുരം ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂർ കക്കാട് നിന്ന് പിടികൂടിയത്. ഒളിവിലായിരിക്കെ പോലീസിനെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ ഷമീം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് നാദാപുരം തണ്ണീർപന്തൽ കടമേരി റോഡിൽ ആക്രമണമുണ്ടായത്. കണ്ണൂരിൽനിന്നെത്തിയ ക്വട്ടേഷൻ സംഘം തണ്ണീർപന്തൽ സ്വദേശിയെ വീട് കയറി ആക്രമിക്കുകയായിരുന്നു. സാമ്പത്തികതർക്കം പറഞ്ഞുതീർക്കാനായാണ് കണ്ണൂരിലെ സംഘം ഇവിടേക്ക് എത്തിയത്. ഇത് പിന്നീട് വാക്കുതർക്കത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. ക്വട്ടേഷൻ സംഘം നാട്ടുകാർക്കെതിരേയും ആക്രമണം അഴിച്ചുവിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ നാറാത്ത് സ്വദേശിയായ കെ.വി.സഹദിനെ പോലീസ് കഴിഞ്ഞദിവസം തന്നെ പിടികൂടിയിരുന്നു. എന്നാൽ ക്വട്ടേഷൻസംഘത്തിലെ ഷമീം ഉൾപ്പെടെയുള്ളവർ കാറിൽ കടന്നുകളയുകയായിരുന്നു. ഒളിവിൽപോയ ഷമീം മണിക്കൂറുകൾക്ക് ശേഷമാണ് ഇൻസ്റ്റഗ്രാമിലൂടെ പോലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.

എസ്.ഐ. സാറിന്റെ ജീവിതം മുട്ടിപ്പോവുമെന്നും താൻ രണ്ടുംകൽപ്പിച്ച് ഇറങ്ങാൻ പോവുകയാണെന്നുമായിരുന്നു ഇൻസ്റ്റഗ്രാം വീഡിയോയിൽ പ്രതി പറഞ്ഞിരുന്നത്. താൻ പണി തുടങ്ങാൻ പോവുകയാണെന്നും ഭീഷണിപ്പെടുത്തിയിരുന്നു. നാദാപുരത്തെ നാട്ടുകാർക്കെതിരേയും ഇയാൾ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രതിയെ പിടികൂടാൻ പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചത്.

ഷമീം കണ്ണൂരിലുണ്ടെന്ന സൂചന ലഭിച്ചതോടെ നാദാപുരത്തുനിന്നുള്ള പോലീസ് സംഘം വ്യാഴാഴ്ച രാവിലെ തന്നെ കണ്ണൂരിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ ഇയാളെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only